Connect with us

Editorial

ലഹരിവിരുദ്ധ യജ്ഞത്തില്‍ ഇരട്ടത്താപ്പോ?

മയക്കുമരുന്നിനെതിരെയെന്ന പോലെ ശക്തമായ പോരാട്ടം ആവശ്യമാണ് മദ്യത്തിനെതിരെയും. രണ്ടിനെയും വേര്‍തിരിച്ചു കാണുന്ന സര്‍ക്കാര്‍ നിലപാട് കാപട്യമാണ്.

Published

|

Last Updated

മയക്കുമരുന്ന് ലഹരിക്കെതിരെ ശക്തമായ പോരാട്ടത്തിലാണ് സംസ്ഥാന ഭരണകൂടം. ലഹരി വിപണനത്തിന്റെയും ഉപയോഗത്തിന്റെയും അടിവേരറുത്ത് വരും തലമുറയെ മഹാവിപത്തില്‍ നിന്ന് രക്ഷിക്കാനുള്ള തീവ്രയജ്ഞത്തിലാണ് സര്‍ക്കാറെന്നാണ് ബുധനാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടത്. ലഹരിക്കെതിരായ പോരാട്ടത്തില്‍ പൊതുസമൂഹത്തിന്റെ പിന്തുണയും ആവശ്യപ്പെട്ടു അദ്ദേഹം. ഇതേദിവസം തന്നെയാണ് ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിലും യാനങ്ങളിലും ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കുന്നത് ഉള്‍പ്പെടെ മദ്യലഭ്യത വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തതും. ഇരട്ടത്താപ്പല്ലേ ഇത്? ലഹരിക്കെതിരായ പോരാട്ടമെന്ന പ്രഖ്യാപനം കേവലം വാചകമടി മാത്രമാണെന്നും സര്‍ക്കാറിന് ഇക്കാര്യത്തില്‍ ആത്മാര്‍ഥതയില്ലെന്നുമല്ലേ ഇത് വ്യക്തമാക്കുന്നത്?

രാസലഹരികള്‍ സൃഷ്ടിക്കുന്ന വിപത്തിനേക്കാള്‍ ഒട്ടും കുറവല്ല മദ്യ വിപത്ത്. ഒരുവേള മയക്കുമരുന്നിനേക്കാളുപരി വിപത്താണ് മദ്യം സൃഷ്ടിക്കുന്നത്. സംസ്ഥാനത്ത് കൊലപാതകങ്ങളും അക്രമങ്ങളും പീഡനങ്ങളും ബലാത്സംഗങ്ങളും അടിക്കടി വര്‍ധിച്ചു വരുന്നതിന്റെ മുഖ്യകാരണം മദ്യലഹരിയാണെന്ന് അന്വേഷണ റിപോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. കുടകില്‍ രണ്ടാഴ്ച മുമ്പ് ഗിരീഷ് എന്ന യുവാവ് ഭാര്യ നാഗിയെയും ഭാര്യയുടെ മാതാപിതാക്കളെയും അഞ്ച് വയസ്സുള്ള കുഞ്ഞിനെയും ഒറ്റയടിക്ക് കൊലപ്പെടുത്തിയത് മദ്യലഹരിയിലായിരുന്നു. തൃശൂര്‍ വടക്കാഞ്ചേരിയില്‍ വിഷ്ണു അയല്‍വാസിയായ സേവ്യറിനെ കുത്തിക്കൊന്നത്,

പൊന്നുക്കരയില്‍ വിഷ്ണുവെന്ന യുവാവ് സുഹൃത്ത് സുധീഷിനെ ഭിത്തിയില്‍ തലയിടിപ്പിച്ചു കൊന്നത്, കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവറെ വെടിവെച്ചു കൊന്നത്, തൃശൂര്‍ ചെറുതുരുത്തിയില്‍ യുവാവ് മാതാവിനെ ഒരു രാത്രി മുഴുക്കെ ക്രൂരമായി മര്‍ദിച്ചത്… എത്രയെത്ര ക്രൂരമായ കൊലപാതകങ്ങളും അക്രമങ്ങളും ഗുണ്ടായിസവുമാണ് മദ്യലഹരിയില്‍ നാട്ടിലുടനീളം നടക്കുന്നത്. സമീപ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളില്‍ ചിലത് മാത്രമാണിവ. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ കണ്ണടച്ചാണ് സര്‍ക്കാര്‍ മദ്യലഭ്യത വര്‍ധിപ്പിക്കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്.

മുഖ്യമായും വിനോദ സഞ്ചാരികളെ ഉദ്ദേശിച്ചാണ് ഒന്നാം തീയതിയിലെ ഡ്രൈഡേ നീക്കിയതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. വിദേശികള്‍ കേരളത്തിലെത്തുന്നത് മദ്യപിച്ച് കൂത്താടാനാണോ? എങ്കില്‍ കര്‍ശനമായ മദ്യനിരോധം നിലവിലുള്ള സഊദിയില്‍ ടൂറിസ്റ്റ് വ്യവസായം തകര്‍ന്നടിയേണ്ടതായിരുന്നു. വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ആഗോള തലത്തില്‍ 11ാം സ്ഥാനത്താണ് സഊദി. ഇവിടെ സന്ദര്‍ശകരുടെ എണ്ണം ഓരോ വര്‍ഷവും കുത്തനെ ഉയരുകയാണ്. 2019നെ അപേക്ഷിച്ച് 2013ല്‍ 153 ശതമാനം വളര്‍ച്ചയാണ് ടൂറിസത്തില്‍ രാജ്യം കൈവരിച്ചതെന്നാണ് സഊദി ടൂറിസം മന്ത്രി അഹ്മദ് അല്‍ഖത്തീബിന്റെ വെളിപ്പെടുത്തല്‍. മദ്യലഭ്യത കൂടുതലുള്ള അമേരിക്ക തുടങ്ങി പാശ്ചാത്യന്‍ രാജ്യങ്ങളില്‍ നിന്നും ചൈനയില്‍ നിന്നുമാണ് സഊദിയില്‍ കൂടുതല്‍ സഞ്ചാരികളെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

ടൂറിസ്റ്റുകള്‍ക്ക് മദ്യം വിളമ്പണമെന്നൊരു അഭിപ്രായം ഉയര്‍ന്നിരുന്നു സഊദിയില്‍ അടുത്തിടെ. ഇതടിസ്ഥാനത്തില്‍ സഊദി ടൂറിസം വകുപ്പ് അഞ്ച് വര്‍ഷം മുമ്പ് വിദേശ ടൂറിസ്റ്റുകളുടെ താത്പര്യമറിയാന്‍ ഒരു പഠനം നടത്തി. രാജ്യത്ത് മദ്യം അനുവദിക്കാത്തതില്‍ സന്ദര്‍ശകരില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നാണ് സര്‍വേ ഫലം പുറത്തുവിട്ടു കൊണ്ട് സഊദി ടൂറിസം വകുപ്പ് വ്യക്തമാക്കിയത്. തുര്‍ക്കിയ, മലേഷ്യ, തായ്ലാന്‍ഡ് തുടങ്ങി പല രാജ്യങ്ങളും ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന വിദേശ സഞ്ചാരികളെ ലക്ഷ്യമാക്കി മദ്യവും പന്നിമാംസവും വിളമ്പാത്ത, സ്ത്രീകള്‍ക്ക് പ്രത്യേക ബീച്ച് സൗകര്യം സജ്ജീകരിച്ച ടൂറിസം പദ്ധതി (ഹലാല്‍ ടൂറിസം) നടത്തിവരുന്നുണ്ട്. മുസ്ലിംകളെ മാത്രമല്ല, ഇതര മതസ്ഥരായ വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുന്നുണ്ട് ഈ പദ്ധതിയെന്നാണ് മലേഷ്യന്‍ അധികൃതരുടെ വെളിപ്പെടുത്തല്‍. 110 റസ്റ്റോറന്റുകള്‍, 75 വന്‍കിട ഹോട്ടലുകള്‍, 10 ആരോഗ്യ കേന്ദ്രങ്ങള്‍, 20 ഷോപ്പിംഗ് കേന്ദ്രങ്ങള്‍, 70 പള്ളികള്‍ തുടങ്ങിയ സൗകര്യങ്ങളാണ് 2022ലെ കണക്കനുസരിച്ച് ഹലാല്‍ ടൂറിസ്റ്റുകളെ ലക്ഷ്യമാക്കി 95 ശതമാനവും ബുദ്ധമത വിശ്വാസികള്‍ താമസിക്കുന്ന തായ്ലാന്‍ഡ് സജ്ജീകരിച്ചത്. മദ്യം ഒഴുക്കിയെങ്കിലേ ടൂറിസം വിജയിക്കുകയുള്ളൂവെന്നത് മിഥ്യാധാരണയാണ്.

നികുതിയിനത്തില്‍ പൊതുഖജനാവിലേക്ക് ഒഴുകുന്ന പണമാണ് സര്‍ക്കാര്‍ സംസ്ഥാനത്ത് മദ്യലഭ്യത വര്‍ധിപ്പിക്കുന്നതിന് പിന്നില്‍. രാഷ്ട്രപിതാവ് ഗാന്ധിജി ചൂണ്ടിക്കാട്ടിയതു പോലെ മദ്യം മൂലം ഭരണകൂടത്തിനുണ്ടാകുന്ന സാമ്പത്തിക നേട്ടങ്ങളേക്കാള്‍ അനേക മടങ്ങാണ് സമൂഹത്തിന് അതുകൊണ്ടുണ്ടാകുന്ന ധാര്‍മിക നഷ്ടവും തകര്‍ച്ചയും. കുടുംബശൈഥില്യം, വാഹനാപകടം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, ആത്മഹത്യ തുടങ്ങി മദ്യം സൃഷ്ടിക്കുന്ന സാമൂഹിക വിപത്ത് ഗുരുതരമാണ്.

പതിനായിരക്കണക്കിന് കുടുംബങ്ങളാണ് ഗൃഹനാഥന്റെ മദ്യപാനം മൂലം കഷ്ടപ്പാടും പീഡനവും ദുരിതവും അനുഭവിക്കുന്നത്. പകലന്തിയോളം അധ്വാനിച്ചുണ്ടാക്കുന്ന പണം വൈകീട്ട് മദ്യഷാപ്പില്‍ ചെലവഴിക്കുകയാണ് തൊഴിലാളികള്‍. വീട്ടില്‍ ആഹാരത്തിന് വകയില്ലാതെ ഭാര്യയും കുട്ടികളും പട്ടിണിയും പരിവട്ടവുമായി കഴിയുന്നു. ഇതുകൊണ്ടുമായില്ല, മദ്യലഹരിയില്‍ രാത്രി വീട്ടിലെത്തുന്ന ഗൃഹനാഥന്റെ തെറിവിളിയും തല്ലും ചിവിട്ടും മര്‍ദനവും ഏല്‍ക്കേണ്ടിയും വരുന്നു. സ്ത്രീക്ഷേമത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും. മദ്യപാനികളുടെ അതിക്രമത്തില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കാന്‍ നടപടിയെടുക്കാതെ എന്ത് സ്ത്രീക്ഷേമം? മയക്കുമരുന്നിനെതിരെയെന്ന പോലെ ശക്തമായ പോരാട്ടം ആവശ്യമാണ് മദ്യത്തിനെതിരെയും. രണ്ടിനെയും വേര്‍തിരിച്ചു കാണുന്ന സര്‍ക്കാര്‍ നിലപാട് കാപട്യമാണ്.

 

Latest