Connect with us

From the print

ഇരട്ടപ്പൊന്ന്

നിതേഷ് കുമാറിനും സുമിത് ആന്റിലിനും സ്വര്‍ണം. യോഗേഷിനും സുഹാസിനും തുളസിമതിക്കും വെള്ളി.

Published

|

Last Updated

പാരീസ് | പാരാലിമ്പിക്സില്‍ മിന്നിത്തിളങ്ങി ഇന്ത്യ. പുരുഷ ബാഡ്മിന്റണില്‍ നിതേഷ് കുമാറും ജാവലിന്‍ത്രോയില്‍ സുമിത് ആന്റിലും സ്വര്‍ണം നേടി. സിംഗിള്‍സ് എസ് എല്‍3യിലാണ് നിതേഷ് കുമാര്‍ കനകനേട്ടം കൊയ്തത്. മൂന്ന് ഗെയിമുകള്‍ നീണ്ട ആവേശപ്പോരില്‍ ബ്രിട്ടന്റെ ഡാനിയല്‍ ബെതെല്ലിനെയാണ് ടോപ് സീഡായ നിതേഷ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-14, 18-21, 23-21. ബാഡ്മിന്റണിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ എന്നതും നിതേഷിന്റെ നേട്ടത്തിന് തിളക്കമേകി. ജാവലിന്‍ത്രോ എഫ് 64ല്‍ 70.59 മീറ്റര്‍ ദൂരം താണ്ടിയാണ് സുമിത് ആന്റിലിന്റെ സുവര്‍ണ നേട്ടം. ടോക്യോയിലും സുമിതിന് സ്വര്‍ണം ലഭിച്ചിരുന്നു. തന്റെ പാരാലിമ്പിക്‌സ് റെക്കോര്‍ഡ് രണ്ട് തവണ തകര്‍ക്കാനും സുമിതിന് കഴിഞ്ഞു.

ഇതോടെ പാരീസ് പാരാലിന്പിക്‌സില്‍ ഇന്ത്യക്ക് മൂന്ന് സ്വര്‍ണമായി. നേരത്തേ, വനിതകളുടെ ഷൂട്ടിംഗ് പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ അവനി ലെഖാരെ സ്വര്‍ണം നേടിയിരുന്നു.

ഡിസ്‌കസ് ട്രോയില്‍ യോഗേഷ് കതൂനിയയും പുരുഷ ബാഡ്മിന്റണ്‍ എസ് എല്‍ 4ല്‍ സുഹാസ് യതിരാജും ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് എസ് യു 5 വിഭാഗത്തില്‍ തുളസിമതി മുരുകേശനും വെള്ളിയണിഞ്ഞു. ഈ വിഭാഗത്തില്‍ മനീഷ രാമദാസ് വെങ്കലം നേടി.

പുരുഷന്മാരുടെ ഡിസ്‌കസ്്‌ത്രോ എഫ് 56 ഇനത്തിലാണ് യോഗേഷ് കതൂനിയയുടെ വെള്ളി നേട്ടം. ഫൈനലിലെ ആദ്യ ത്രോ തന്നെ 42.22 മീറ്റര്‍ എറിഞ്ഞാണ് യോഗേഷ് വെള്ളി നേടിയത്. ബ്രസീലിന്റെ നിലവിലെ ചാമ്പ്യന്‍ ക്ലോഡിനി ബാറ്റിസ്റ്റക്കാണ് സ്വര്‍ണം. 46.86 മീറ്റര്‍ എറിഞ്ഞ് പാരാലിമ്പിക് റെക്കോര്‍ഡോടെയാണ് ക്ലോഡിനി ജേതാവായത്. ടോക്യോ പാരാലിമ്പിക്സിലും യോഗേഷ് വെള്ളി നേടിയിരുന്നു.

ബാഡ്മിന്റണ്‍ വനിതാ ഫൈനലില്‍ ചൈനയുടെ നിലവിലെ ചാമ്പ്യന്‍ യാംഗ് ക്യുക്സിയയോട് 17-21, 10-21നായിരുന്നു തുളസിമതിയുടെ തോല്‍വി. രണ്ടാം സീഡായ മനീഷ ഡെന്മാര്‍ക്കിന്റെ കാതറിന്‍ റോസെന്‍ഗ്രനെ കീഴടക്കിയാണ് (2112, 218) വെങ്കല മെഡലില്‍ മുത്തമിട്ടത്.

 

 

Latest