Kerala
മകള്‍ രാഹുലിന്റെ കുടുംബത്തിന്റെ കസ്റ്റഡിയിലെന്ന് സംശയം; പന്തീരാങ്കാവ് കേസിലെ യുവതിയുടെ പിതാവ്
ഇപ്പോള്‍ മൊഴി മാറ്റി പറയുന്നത് അവളെ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണ്. അവനെ രക്ഷപ്പെടുത്താന്‍ വേണ്ടി.
കൊച്ചി | പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ മകള്‍ മൊഴി മാറ്റിയതില്‍ പ്രതികരണവുമായി യുവതിയുടെ പിതാവ് രംഗത്ത്. മകള്‍ രാഹുലിന്റെ കുടുംബത്തിന്റെ കസ്റ്റഡിയിലാണോ എന്ന് സംശയിക്കുന്നുണ്ടെന്നും പിടിക്കപ്പെടുമെന്നായപ്പോള്‍ രാഹുല്‍ മകളെ സ്വാധീനിച്ചതായിരിക്കാമെന്നുമാണ് യുവതിയുടെ പിതാവ് ആരോപിക്കുന്നത്.
ഒരാഴ്ച മുമ്പ് ജോലി സ്ഥലമായ തിരുവനന്തപുരത്തേയ്ക്ക് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് മകള്‍ ഇറങ്ങിയത്. അതിനുശേഷം എട്ടാം തീയതിവരെ മകളുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍, ഞായറാഴ്ചയും തിങ്കളാഴ്ചയും വിളിച്ചിട്ട് കിട്ടിയില്ല. തുടര്‍ന്ന് യുവതി ജോലി ചെയ്യുന്ന സ്ഥലത്തെ മാനേജരുമായി ബന്ധപ്പെട്ടപ്പോള്‍ മൂന്നാം തിയ്യതി മുതല്‍ 21ആം തിയ്യതിവരെ മകള്‍ അവധിക്ക് അപേക്ഷിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നുമാണ് യുവതിയുടെ പിതാവ് പറയുന്നത്.
ഇപ്പോള്‍ മൊഴി മാറ്റി പറയുന്നത് അവളെ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണ്. അവനെ രക്ഷപ്പെടുത്താന്‍ വേണ്ടി. കേസിൽ മകളുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു തിരിച്ചടി ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും മകൾ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ കാര്യം മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞതെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.
മകളെ കാണാതായതായി വടക്കേക്കര പോലീസില്‍ യുവതിയുടെ പിതാവ് പരാതി നല്‍കിയിരുന്നു. അതിനിടെ യുവതിയുടെ മൊഴിമാറ്റം കേസിനെ ബാധിക്കില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. ഭീഷണിപ്പെടുത്തി യുവതിയെ കൊണ്ട് മൊഴിമാറ്റിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി രാഹുലിനെതിരെ യുവതി കോടതിയില്‍ നല്‍കിയ രഹസ്യമൊഴി കണക്കിലെടുത്ത് മുന്നോട്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.