National
കോണ്‍ഗ്രസിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ 40 സീറ്റെങ്കിലും കിട്ടുമോയെന്ന് സംശയം: മമതാ ബാനര്‍ജി
ധൈര്യമുണ്ടെങ്കില്‍ വാരണാസിയിലും അലഹബാദിലും മത്സരിച്ച് ജയിക്കണമെന്ന് മമത.
കൊല്‍ക്കത്ത | വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40 സീറ്റെങ്കിലും കിട്ടുമോയെന്ന് സംശയമാണെന്ന് മമതാ ബാനര്‍ജി. ബംഗാളിലെ മുര്‍ഷിദാബാദില്‍ ഒരു പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മമത. ധൈര്യമുണ്ടെങ്കില്‍ വാരണാസിയിലും അലഹബാദിലും മത്സരിച്ച് ജയിക്കണമെന്നും പരിഹാസരൂപേണ മമത പറഞ്ഞു. ഇന്ത്യ സഖ്യം വിട്ട് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കൊടുവിലാണ് മമതയുടെ രൂക്ഷ പരാമര്‍ശങ്ങള്‍.
കോണ്‍ഗ്രസ് 300 ല്‍ 40 സീറ്റെങ്കിലും നേടുമോയെന്ന് എനിക്ക് സംശയമാണ്. എന്തിനാണ് ഇത്ര അഹങ്കാരം. നമ്മള്‍ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിട്ട് പോലും നിങ്ങള്‍ ബംഗാളില്‍ വരുന്നത് എന്നോട് പറഞ്ഞില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നാണ് നിങ്ങള്‍ ബംഗാളില്‍ വരുന്നത് ഞാനറിഞ്ഞത്. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ വാരണസിയില്‍ ബി ജെ പി യെ തോല്‍പ്പിക്കൂ. നിങ്ങള്‍ നേരത്തെ ജയിച്ച സ്ഥലങ്ങളില്‍ പോലും നിങ്ങള്‍ തോല്‍ക്കുകയാണ്. ഞങ്ങള്‍ ഉത്തര്‍പ്രദേശില്‍ ഒന്നുമല്ല. നിങ്ങള്‍ രാജസ്ഥാനിലും ജയിച്ചിട്ടില്ല. നിങ്ങള്‍ വാരണസിയിലും അലഹബാദിലും പോയി വിജയിക്കൂ. നിങ്ങളുടെ ധൈര്യം ഞാനൊന്ന് കാണട്ടെ. – മമത ബാനര്‍ജി വെല്ലുവിളിച്ചു.
ഭാരത് ജോഡോ ന്യായ് യാത്രയെയും മമതാ ബാനര്‍ജി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഫോട്ടോ ഷൂട്ടിന്റെ പുതിയ ശൈലിയാണ് ഭാരത് ജോഡോ യാത്ര. ഇതുവരെ ചായക്കടകളില്‍ പോകാത്തവര്‍ ചായക്കടയില്‍ ബീഡി തൊഴിലാളികളോടൊപ്പം ഇരിക്കുകയാണെന്നും മമത പരിഹസിച്ചു.
അതേസമയം, മമതയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അവരും ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.