National
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് സുപ്രീം കോടതി
കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെയും ജസ്റ്റിസ് ജെ ബി പർദിവാലയുടെയും ബെഞ്ചിന്റെ നടപടി.
ന്യൂഡൽഹി | കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെയും ജസ്റ്റിസ് ജെ ബി പർദിവാലയുടെയും ബെഞ്ചിന്റെ നടപടി.
‘ചൈൽഡ് പോണോഗ്രാഫി’ എന്ന പദത്തിന് പകരം ‘കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും അധിക്ഷേപിക്കുന്നതുമായ മെറ്റീരിയലുകൾ’ എന്ന് ഉപയോഗിക്കുന്നതിന് പോക്സോ നിയമത്തിൽ ഭേദഗതി വരുത്താൻ സുപ്രീം കോടതി പാർലമെന്റിനോട് നിർദ്ദേശിച്ചു. ഭേദഗതി പ്രാബല്യത്തിൽ വരുന്നതുവരെ കേന്ദ്ര സര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ‘ചൈൽഡ് പോണോഗ്രാഫി’ എന്ന പദം ഉപയോഗിക്കരുതെന്നും സുപ്രീം കോടതി നിർദേശിച്ചു.
കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഫോണിൽ ഡൗൺലോഡ് ചെയ്തതിന് 28 കാരനായ യുവാവിനെതിരെ കേസെടുത്ത കേസിലായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഇയാൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ കോടതി റദ്ദാക്കുകയും അശ്ലീലചിത്രങ്ങൾ കാണുകയെന്ന ഗുരുതരമായ പ്രശ്‌നവുമായി ഇക്കാലത്ത് കുട്ടികൾ പോരാടുകയാണെന്നും അവരെ ശിക്ഷിക്കുന്നതിന് പകരം അവരെ പഠിപ്പിക്കാൻ സമൂഹം പക്വത കാണിക്കണമെന്നും കോടതി പറഞ്ഞിരുന്നു. ഇയാൾക്കെതിരായ ക്രിമിനൽ നടപടികൾ സുപ്രീം കോടതി ഇന്ന് പുനഃസ്ഥാപിച്ചു.