Kasargod
മൊബൈല്‍ കമ്മ്യൂണിക്കേഷനില്‍ ഡോക്ടറേറ്റ് നേടി നാടിന് അഭിമാനമായി ഡോ അസ്‌കര്‍
തന്റെ പഠനത്തിനിടയില്‍ ധാരാളം നേട്ടങ്ങള്‍ അസ്‌കര്‍ കരസ്ഥമാക്കിയിട്ടുണ്ട്.
കാസര്‍കോട് | ഇല്ലായ്മകളുടെ പടികള്‍ താണ്ടി ഇന്ന് ഡോക്ടറേറ്റ് വരെ എത്തി മലയോരത്തിന് അഭിമാനമായി പരപ്പ കാരാട്ടത്തെ ഡോ എം കെ അസ്‌കര്‍. വാര്‍ത്താ വിനിമയ രംഗത്ത് നൂതനമായ 6-ജി മൊബൈല്‍ കമ്മ്യൂണിക്കേഷനിലാണ് ഛത്തീസ്ഗഡിലെ ഐ ഐ ടി ഭിലായില്‍ നിന്ന് അസ്‌കര്‍ ഡോക്ടറേറ്റ് നേടിയത്.
ചെറുപ്പം മുതലേ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന അസ്‌കര്‍ പരപ്പ ഗവ. സ്‌കൂളില്‍ നിന്നും പത്താം ക്ലാസില്‍ 9 എ പ്ലസും, ഒരു എ യും നേടിയിരുന്നു. ചായ്യോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്ലസ് ടുവിന് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസും നേടി. കണ്ണൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജില്‍ നിന്ന് ബി ടെക് പൂര്‍ത്താക്കിയ അസ്‌കര്‍ പൂനെ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എം ടെക് പൂര്‍ത്തിയാക്കി. എം ടെക് പഠനത്തിനിടയിലാണ് റിസര്‍ച്ച് ചെയ്യാനുള്ള മോഹമുദിച്ചത്.
ബി ടെക് പഠനത്തിനിടയില്‍ നടത്തിയ പ്രൊജക്ടില്‍ സംസ്ഥാന സര്‍ക്കാര്‍ ധനസഹായവും ലഭിച്ചിരുന്നു. തന്റെ പഠനത്തിനിടയില്‍ ധാരാളം നേട്ടങ്ങള്‍ അസ്‌കര്‍ കരസ്ഥമാക്കിയിട്ടുണ്ട്. 6-ജി മൊബൈല്‍ കമ്മ്യൂണിക്കേഷനില്‍ 6 അന്താരാഷ്ട്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 3 ജേര്‍ണല്‍ പ്രബന്ധങ്ങളും, ഉക്രൈന്‍, അയര്‍ലന്‍ഡ് രാജ്യങ്ങളില്‍ രണ്ട് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് പ്രബന്ധങ്ങളും, ഒരു ബുക്ക് ചാപ്റ്ററും അവതരിപ്പിച്ചു.
ന്യൂ ഡെല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രഭാഷണത്തിന് ക്ഷണിതാവായി. ഹിമാചല്‍ പ്രദേശിലെ ഐ ഐ ടി മണ്ടിയുടെ മികച്ച പോസ്റ്റര്‍ അവതരണത്തിനുള്ള അവാര്‍ഡും നേടി. കൃത്രിമ ഉപഗ്രഹങ്ങള്‍ക്കിടയില്‍ ലേസര്‍ ഉപയോഗിച്ചുള്ള വാര്‍ത്താവിനിമയമെന്ന വിഷയത്തില്‍ യൂനിവേഴ്‌സിറ്റി ഓഫ് ദുബായില്‍ അടുത്ത മാസം പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ചെയ്യാനിരിക്കുകയാണ് ഡോ. അസ്‌കര്‍.
തൃക്കരിപ്പൂര്‍ അല്‍ മുജമ്മഉല്‍ ഇസ്ലാമിയയിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയാണ്. പരപ്പ കാരാട്ടത്തെ മുഹമ്മദലി-സുബൈദ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: തഫ്‌സീറ, തന്‍സീറ, അന്‍വര്‍.