Connect with us

Business

ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ നാലു ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കി ഡോ. ആസാദ് മൂപ്പന്റെ കുടുംബം

460 കോടി രൂപയുടെ (207 ദശലക്ഷം ദിര്‍ഹം) അധിക നിക്ഷേപത്തിലൂടെ പ്രമോര്‍ട്ടര്‍മാര്‍ കമ്പനിയിലെ ഓഹരി പങ്കാളിത്തം 37.88 ശതമാനത്തില്‍ നിന്ന് 41.88 ശതമാനമായി വര്‍ധിപ്പിച്ചു.

Published

|

Last Updated

ദുബൈ | ഇന്ത്യയില്‍ ലിസ്റ്റ് ചെയ്ത വന്‍കിട സ്വകാര്യ ഇക്വിറ്റി നിക്ഷേപിത സ്ഥാപനങ്ങളിലൊന്നായ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറില്‍ പ്രമോട്ടര്‍മാര്‍ നാലു ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കി. 460 കോടി രൂപയുടെ (207 ദശലക്ഷം ദിര്‍ഹം) അധിക നിക്ഷേപത്തിലൂടെ പ്രമോര്‍ട്ടര്‍മാര്‍ കമ്പനിയിലെ ഓഹരി പങ്കാളിത്തം 37.88 ശതമാനത്തില്‍ നിന്ന് 41.88 ശതമാനമായി വര്‍ധിപ്പിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഈ രംഗത്തെ വളര്‍ച്ചയിലുള്ള ആത്മവിശ്വാസവും, തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച രോഗികളോടും, ജീവനക്കാരോടും തുടരുന്ന പ്രതിബദ്ധതതയും കണക്കിലെടുത്താണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിലെ ഓഹരികള്‍ വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് സ്ഥാപക ചെയര്‍മാനും, മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഒരു കുടുംബമെന്ന നിലയില്‍ ഞങ്ങള്‍ ആസ്റ്ററിനോട് പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണ്. ഉടമസ്ഥരെന്ന നിലയിലും, മാനേജ്‌മെന്റ് തലത്തിലും, ജി സി സി, ഇന്ത്യ എന്നിവിടങ്ങളിലെ ബിസിനസുകളില്‍ തുടര്‍ച്ചയായ പങ്കാളിത്തം വാഗ്ദാനം ചെയ്യുന്നതായും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ 10,253 കോടി രൂപ അഥവാ അഞ്ച് ബില്യണ്‍ ദിര്‍ഹം വിറ്റുവരവുള്ള ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍, ഈ സാമ്പത്തിക വര്‍ഷത്തില്‍ വിറ്റുവരവിലും ലാഭത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഇന്ത്യയിലെയും, ജി സി സിയിലെയും ബിസിനസുകളുടെ നവീകരണ ദൗത്യങ്ങള്‍ സജീവമായി പിന്തുടരുന്നതിനാല്‍ സ്ഥാപനം വളര്‍ച്ചയുടെ ആവേശകരമായ ഘട്ടത്തിലാണ്.

ഇന്ത്യയില്‍ കേരളത്തിലെ തിരുവനന്തപുരത്ത് 350 കിടക്കകളുള്ള ആസ്റ്റര്‍ ക്യാപിറ്റല്‍ ഹോസ്പിറ്റല്‍, 200 കിടക്കകളുള്ള ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍, കാസര്‍കോട്, ആന്ധ്രപ്രദേശില്‍ 150 കിടക്കകളുള്ള ആസ്റ്റര്‍ നാരായണാദ്രി ഹോസ്പിറ്റല്‍, കര്‍ണാടകയിലെ മാണ്ഡ്യയില്‍ 100 കിടക്കകളുള്ള ആസ്റ്റര്‍ ജി മാദഗൗഡ ഹോസ്പിറ്റല്‍ തുടങ്ങിയ പുതിയ പദ്ധതികളുമായി ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ മുന്നോട്ട് പോവുകയാണ്. ഇതിനകം 239 ആസ്റ്റര്‍ ഫാര്‍മസികളും 177 ആസ്റ്റര്‍ ലാബ്സ് പേഷ്യന്റ് എക്സ്പീരിയന്‍സ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്.

അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ നിലവിലുള്ള 15 ആശുപത്രികളിലായുള്ള 4,095 കിടക്കകള്‍, 18 ആശുപത്രികളിലായി 4,670 ആയി ഉയരും. ഗുണഭോക്താക്കള്‍ക്ക് വിവിധ തലങ്ങളില്‍ നിന്നും അനായസകരമായ പരിചരണം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ആരംഭിച്ച myAster ആപ്പിലൂടെ ആസ്റ്റര്‍ ഗ്രൂപ്പിലെ എല്ലാ ശൃംഖലകളുമായും ശക്തമായ ബന്ധം സ്ഥാപിക്കാനാകും.

ഒമാനിലെ 181 കിടക്കകളുള്ള ആസ്റ്റര്‍ റോയല്‍ ഹോസ്പിറ്റല്‍, ഷാര്‍ജയിലെ 101 കിടക്കകളുള്ള ആസ്റ്റര്‍ ഹോസ്പിറ്റല്‍, അല്‍ ഖുസൈസില്‍ 126 കിടക്കകളുള്ള ആശുപത്രി ഏറ്റെടുക്കല്‍ എന്നിവ ഉടന്‍ പ്രാവര്‍ത്തികമാക്കും. ഇതോടെ 15 ആശുപത്രികളും, 113 ക്ലിനിക്കുകളും, 257 ഫാര്‍മസികളുമുള്ള ജി സി സിയിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ ദാതാക്കളിലൊന്നായി ആസ്റ്റര്‍ മാറും. സഊദി അറേബ്യയില്‍ 250 പുതിയ ആസ്റ്റര്‍ ഫാര്‍മസികള്‍ തുറക്കാനുള്ള പദ്ധതി കമ്പനി ആരംഭിച്ചിട്ടുണ്ട്. ഓമ്‌നി ചാനല്‍ ഹെല്‍ത്ത് കെയര്‍ ഡെലിവറി മൈ ആസ്റ്റര്‍ ആപ്പുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് ആരംഭിച്ചതിന് ശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഇതിനകം 352,000 ഡൗണ്‍ലോഡുകളാണ് ലഭിച്ചിട്ടുള്ളത്.

ഏഴ് രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ 828 സ്ഥാപനങ്ങളിലായി, 29,108 പേര്‍ ജോലി ചെയ്യുകയും, പ്രതിവര്‍ഷം 18 ദശലക്ഷത്തിലധികം രോഗികള്‍ക്ക് സേവനം നല്‍കുകയും ചെയ്യുന്നുണ്ട്.

 

Latest