Connect with us

Ongoing News

ഡോ. അസ്ഹരിയുടെ അറബി ശമാഇല്‍ ഗ്രന്ഥം ഈജിപ്തില്‍ പ്രകാശനം ചെയ്തു

പ്രശസ്ത ഈജിപ്ഷ്യന്‍ പണ്ഡിതന്‍ ശൈഖ് അലിയാണ് അല്‍ അസ്ഹറില്‍ വെച്ച് പുസ്തകം പ്രകാശനം ചെയ്തത്.

Published

|

Last Updated

ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ അറബി ശമാഇല്‍ ഗ്രന്ഥമായ 'ബഹ്ജത്തുര്‍റൂഹി'ന്റെ അന്താരാഷ്ട്ര പ്രകാശനം ഈജിപ്ഷ്യന്‍ പണ്ഡിതന്‍ ശൈഖ് അലി ജുമുഅ, കാന്തപുരത്തിന് കോപ്പി നല്‍കി നിര്‍വഹിക്കുന്നു.

കെയ്‌റോ | എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജാമിഉല്‍ ഫുതൂഹ് ഇമാമുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ അറബി ശമാഇല്‍ ഗ്രന്ഥമായ ‘ബഹ്ജത്തുര്‍റൂഹി’ന്റെ അന്താരാഷ്ട്ര പ്രകാശനം ഈജിപ്തില്‍ നടന്നു. പ്രവാചകരുടെ ജീവിതവിശേഷങ്ങള്‍ പ്രതിപാദിക്കുന്ന സാഹിത്യ മേഖലയാണ് ശമാഇല്‍.

പ്രശസ്ത ഈജിപ്ഷ്യന്‍ പണ്ഡിതന്‍ ശൈഖ് അലി ജുമുഅ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ആദ്യ കോപ്പി നല്‍കിയാണ് പ്രകാശനം ചെയ്തത്. ഗ്രന്ഥകാരന്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഈജിപ്തിലെ സുപ്രീം കൗണ്‍സില്‍ ഓഫ് സൂഫീ ത്വരീഖത്തിന്റെ പ്രസിഡന്റും ഈജിപ്ഷ്യന്‍ ഹൗസ് ഓഫ് റെപ്രസെന്റേറ്റിവിന്റെ പ്രസിഡന്റുമായ അബ്ദുല്‍ ഹാദി അല്‍ ഖസ്ബി, ഡോ. മുഹന്ന, ശൈഖ് ഉസാമ അല്‍മന്‍സി അല്‍മക്കി, സുപ്രീം കൗണ്‍സില്‍ ഓഫ് സൂഫീ ത്വരീഖത്തിലെ അംഗങ്ങളായ ശൈഖ് അഹ്മദ് അസ്സ്വാവി, ഡോ. മഹമൂദ് അബുല്‍ ഫൈളും, ഗുജറാത്തിലെ വ്യവസായ പ്രമുഖന്‍ ഹുസൈന്‍ ലഖ സംബന്ധിച്ചു.

പ്രിസം ഫൗണ്ടേഷന്‍ ഈജിപ്ത് ചാപ്റ്ററിന്റെയും മലബാരി സ്റ്റുഡന്റ്‌സ് യൂണിയന്റെയും ആഭിമുഖ്യത്തിലാണ് അല്‍അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. മര്‍കസ് നോളജ് സിറ്റിയിലെ മലൈബാര്‍ ഫൗണ്ടേഷനാണ് ഗ്രന്ഥം പുറത്തിറക്കിയിരിക്കുന്നത്. പ്രകാശനത്തോടനുബന്ധിച്ച് പ്രത്യേക ശമാഇല്‍ പഠന സംഗമവും നടന്നു. ഗ്രന്ഥത്തിന്റെ പ്രാദേശിക പ്രകാശനം ജാമിഉല്‍ ഫുതൂഹില്‍ യു എ ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലിയ്യുല്‍ ഹാശിമി പ്രകാശനം ചെയ്തിരുന്നു.

പ്രവാചക ജീവിതത്തിന്റെ നേര്‍ചിത്രമായ ഗ്രന്ഥം ‘അനുധാവനത്തിന്റെ ആനന്ദം’ എന്ന പേരിലാണ് മലയാളത്തില്‍ പുറത്തിറങ്ങിയത്. 14 പതിപ്പുകള്‍ പുറത്തിറങ്ങി. കൂടാതെ, ഇംഗ്ലീഷ്, തമിഴ്, കന്നട എന്നീ ഭാഷകളില്‍ ഇതേഗ്രന്ഥം നേരത്തെ പുറത്തിറങ്ങിയിരിന്നു. ഉറുദു ഉള്‍പ്പെടെയുള്ള നിരവധി ഭാഷകളില്‍ പുസ്തകം പുറത്തിറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ നടന്നുവരികയാണ്. ‘ബഹ്ജത്തുര്‍റൂഹി’ന്റെ കോപ്പികള്‍ ആവശ്യമുള്ളവര്‍ക്ക് 7034 022 055 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് പ്രസാധകര്‍ അറിയിച്ചു.

 

 

 

---- facebook comment plugin here -----

Latest