Kerala
ലഹരിയും ആക്രമണവും: മുഖ്യമന്ത്രിയുമായി ഡോ. അസ്ഹരി കൂടിക്കാഴ്ച നടത്തി
പ്രസ്ഥാനം പ്രസ്ഥാനത്തിന്റെതായ പദ്ധതികളുമായി സമാന്തരമായി മുന്നോട്ടുപോകുന്നുണ്ടെന്ന് അസ്ഹരി മുഖ്യമന്ത്രിയെ അറിയിച്ചു

തിരുവനന്തപുരം | ലഹരിയും ആക്രമണവും വ്യാപകമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധിയായാണ് ഡോ. അസ്ഹരി മുഖ്യമന്ത്രിയെ കണ്ടത്.
നാട്ടില്‍ ലഹരിയും ആക്രമണവും പെരുകുന്നത് നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ശക്തമായ നടപടികള്‍ക്ക് കൂടെയുണ്ടാകുമെന്നും പ്രസ്ഥാനം പ്രസ്ഥാനത്തിന്റെതായ പദ്ധതികളുമായി സമാന്തരമായി മുന്നോട്ടുപോകുന്നുണ്ടെന്നും ഡോ. അസ്ഹരി കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയെ അറിയിച്ചു.
സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കിയ തീരുമാനത്തെ അനുമോദിച്ച അസ്ഹരി അത് സംസ്ഥാനത്ത് സാധ്യമാക്കുന്ന വൈജ്ഞാനിക വികാസത്തെ പ്രശംസിക്കുകയും ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് കേരളത്തിന്റെ സാമ്പത്തിക ഭദ്രതയെ കുറിച്ച് ബൗദ്ധികമായ ആലോചന നടന്ന മികച്ച ഒരു കാല്‍വെപ്പായെന്ന് ഡോ. അസ്ഹരി മുഖ്യമന്ത്രിയെ അറിയിച്ചു. എല്ലാ മേഖലയിലുള്ള മനുഷ്യരുടെയും അഭിവൃദ്ധി ലക്ഷ്യം വെക്കുന്ന പദ്ധതി കൂടുതല്‍ ദൃശ്യതയും ഇടപെടലുകളുംഅര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്‍വെസ്റ്റ് കേരള സമ്മിറ്റിനെ അഭിനന്ദിച്ചതിനൊപ്പം മര്‍കസ് അവതരിപ്പിച്ച പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്, ഡെസ്റ്റിനേഷന്‍ കേരള പദ്ധതികള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.