Connect with us

gun fire

ഭര്‍തൃമതിയെ വെടിവച്ചതിനു പിന്നില്‍ ഡോക്ടര്‍ ദീപ്തിയുടെ പ്രണയ നൈരാശ്യം

സുജിത്തും ഡോ. ദീപ്തിയും കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്നതിനിടെയാണ് കോവിഡ് കാലത്ത് പരിചയത്തിലാകുന്നതെന്നാണ് മൊഴി

Published

|

Last Updated

തിരുവനന്തപുരം | വഞ്ചിയൂരില്‍ വീട്ടില്‍ കയറി യുവതിയെ വെടിവച്ചതിനു പിന്നില്‍ ഡോ.ദീപ്തി മോള്‍ ജോസിന്റെ പ്രണയ നൈരാശ്യമാണെന്നു കണ്ടെത്തി. മുന്‍ സുഹൃത്തായ വഞ്ചിയൂര്‍ സ്വദേശി സുജിത്തിനോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഒരു വര്‍ഷം നീണ്ട തയ്യാറെടുപ്പിന് ശേഷമെന്ന് ഡോക്ടര്‍ തോക്കുമായി എത്തി കൃത്യം നിര്‍വഹിച്ചത്.

തലസ്ഥാനത്തെ ഞെട്ടിച്ചാണ് കഴിഞ്ഞ ഞായറാഴ്ച രാവിലെ വഞ്ചിയൂരിലെ വീട്ടില്‍ കയറി വീട്ടമ്മ ഷിനിയെ ഡോ.ദീപ്തി വെടിവച്ചത്. പിന്നാലെ ഞൊടിയിടില്‍ കാറില്‍ കയറി പ്രതി കടന്നു കളഞ്ഞു. വെടിയേറ്റ ഷിനിയെയും ഭാര്‍ത്താവ് സുജിത്തിനെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷിണത്തിലാണ് പ്രണയപ്പകയുടെ ചുരുളഴിഞ്ഞത്. അന്വേഷണത്തില്‍ സുജിത്ത് മൂന്നു വര്‍ഷം മുമ്പ് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ജോലി ചെയ്തിരുന്നതായി കണ്ടെത്തി.

അവിടെയുള്ള വിവാഹിതയായ ഡോക്ടറുമായുള്ള സൗഹൃദവും ചോദ്യം ചെയ്യലില്‍ പുറത്തുവന്നു.
സുജിത്തും ഡോ. ദീപ്തിയും കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്നതിനിടെയാണ് കോവിഡ് കാലത്ത് പരിചയത്തിലാകുന്നതെന്നാണ് മൊഴി. എന്നാല്‍ സുജിത്തിന്റെ ഭാര്യ ഇതറിഞ്ഞ് ബന്ധം വിലക്കി. ഇതോടെ സുജിത്ത് ബന്ധത്തില്‍ നിന്ന് അകന്നു. സുജിത്ത് പൂര്‍ണമായി തന്നെ ഒഴിവാക്കുന്നവെന്ന് മനസിലാക്കിയതോടെ കടുത്ത നിരാശയിലായിരുന്നുവെന്നാണ് ഡോ. ദീപ്തിയുടെ മൊഴി. താന്‍ അനുഭവിച്ച മാനസിക വേദന സുജിത്തും അനുഭവിക്കാന്‍ വേണ്ടിയാണ് ഈ ആക്രമണം നടത്തിയതെന്നും ഡോ. ദീപ്തി മൊഴി നല്‍കി.

കൃത്യ ചെയ്ത ശേഷം ജയിലില്‍ പോകുമെന്നുറപ്പായിരുന്നു. പോലീസെത്തുന്നതിന് മുമ്പ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്നും ദീപ്തി മൊഴി നല്‍കിയിട്ടുണ്ട്. ബന്ധം വിലക്കിയതില്‍ സുജിത്തിന്റെ ഭാര്യയോടുള്ള പകയാണ് അവരെ കൊല്ലാന്‍ തീരുമാനിച്ചതിനു പിന്നില്‍. വീടും പരിസരവും കണ്ടെത്തി മനസിലാക്കിയ ദീപ്തി പിന്നീട് ആക്രമണം പ്ലാന്‍ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എറണാകുളത്തുനിന്ന് രണ്ട് നമ്പര്‍ പ്ലേറ്റുകള്‍ സംഘടിപ്പിച്ച് രഹസ്യമായി സൂക്ഷിച്ചു. ഓണ്‍ലൈനില്‍ എയര്‍ ഗണ്‍ വാങ്ങി ഭര്‍ത്താവ് പോലും അറിയാതെ പരിശീലിച്ചു. യൂട്യൂബ് നോക്കിയാണ് തോക്ക് ഉപയോഗിക്കുന്നത് പരിശീലിച്ചത്.

ഡോ.ദീപ്തിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കൃത്യത്തിനുപയോഗിച്ച സില്‍വര്‍ നിറമുള്ള കാര്‍ ഇവരുടെ ആയൂരിലെ വീട്ടില്‍ കണ്ടെത്തി. ഇതോടെ പ്രതി ഡോ.ദീപ്തിയാണ് കൃത്യത്തിനു പിന്നിലെന്ന് പോലീസ് ഉറപ്പിച്ചു. പിന്നാലെ 24 മണിക്കൂര്‍ നിരീക്ഷിച്ച ശേഷമാണ് പോലീസ് ഡോക്ടറെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.

ഷിനിയാണോയെന്ന് ചോദിച്ച് ഉറപ്പാക്കിയ ശേഷമായിരുന്നു യുവതി വീട്ടമ്മയെ വെടിവെച്ചത്. അതിനാല്‍ ഷിനിയെ നേരിട്ട് പരിചയമില്ലാത്ത ഒരാളാണ് കൃത്യം നടത്തിയത് എന്ന സൂചനയാണ് അന്വേഷണം ഭര്‍ത്താവ് സുജിത്തിലേക്ക് കേന്ദ്രീകരിക്കാന്‍ കാരണം. ഷാഡോ പോലീസ് യുവതി എത്തിയ കാര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.

അന്വേഷണത്തില്‍ പാരിപ്പള്ളിവരെയാണ് കാര്‍ പോയിരിക്കുന്നതെന്ന് കണ്ടെത്തി. തുടര്‍ന്് ഡോ.ദീപ്തിയുടെ ചിത്രമെടുത്ത് മുഖം പകുതി മറച്ച് ഗ്രാഫിക്‌സ് ചെയ്ത് പോലീസ് സാക്ഷിയെ കാണിച്ചു. ഇതേ ആളുതന്നെയാണ് അക്രമിയെന്ന് സാക്ഷി തിരിച്ചറിഞ്ഞു. സില്‍വര്‍ കളറിലുള്ള കാറിന് വ്യാജനമ്പര്‍ പ്ലേറ്റ് ആണ് പതിച്ചതെന്നും, തെറ്റിദ്ധരിപ്പിക്കാനായി പുറകില്‍ എല്‍ ബോര്‍ഡും പതിപ്പിച്ചിരുന്നതായതും പോലീസ് കണ്ടെത്തി.

മുഖം മറച്ചുവന്നിട്ടും പോലിസ് തയ്യാറാക്കിയ ഗ്രാഫിക് ചിത്രവും കാറുമാണ് പ്രതിയിലേക്ക് എത്തിചേരാന്‍ പോലീസിനെ സഹായിച്ചത്.

 

Latest