Career Education
ഡോ. ശമീര്‍ നൂറാനിക്ക് ഫുള്‍ബ്രൈറ്റ് ഫെല്ലോഷിപ്പ്
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അന്താരാഷ്ട്ര പഠനത്തില്‍ ബിരുദാനന്തര ബിരുദവും എംഫില്‍ പി എച്ച് ഡി ഗവേഷണവും പൂര്‍ത്തിയാക്കിയ നൂറാനി കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസില്‍ പശ്ചിമേഷ്യന്‍ പഠന വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറാണ്.
കോഴിക്കോട് | മര്‍കസ് പൂര്‍വ വിദ്യാര്‍ഥി ഡോ. ശമീര്‍ നൂറാനി രാമല്ലൂര്‍ ഈ വര്‍ഷത്തെ ഫുള്‍ബ്രൈറ്റ് നെഹ്‌റു പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ഫെലോഷിപ്പിന് യോഗ്യത നേടി. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അന്താരാഷ്ട്ര പഠനത്തില്‍ ബിരുദാനന്തര ബിരുദവും എംഫില്‍ പി എച്ച് ഡി ഗവേഷണവും പൂര്‍ത്തിയാക്കിയ നൂറാനി കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസില്‍ പശ്ചിമേഷ്യന്‍ പഠന വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറാണ്.
അര്‍മേനിയ, ഹോങ്കോങ്, മലേഷ്യ തുടങ്ങിയ വ്യത്യസ്ത രാഷ്ട്രങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര സെമിനാറുകളില്‍ പ്രബന്ധം അതരിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായി ഇതിനകം ആറ് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പി എച്ച് ഡി ഗവേഷണ പ്രബന്ധം ലോകത്തെ പ്രമുഖ പ്രസാധകരായ ലണ്ടനിലെ റൂട്‌ലെഡ്ജ് ആണ് പുസ്തകമായി പുറത്തിറക്കിയത്. കൂടാതെ, ലോക പ്രസിദ്ധമായ കേംബ്രിഡ്ജ്, ടയ്‌ലര്‍ & ഫ്രാന്‍സിസ് തുടങ്ങിയവ പുറത്തിറക്കുന്ന ജേര്‍ണലുകളുടെ എഡിറ്റര്‍ ആയും സേവനം അനുഷ്ഠിക്കുന്നു.
പത്താം ക്ലാസിനു ശേഷം പൂനൂര്‍ ജാമിഅ മദീനതുന്നൂറില്‍ നിന്ന് ഏഴ് വര്‍ഷത്തെ ഫൗണ്ടേഷന്‍ കോഴ്‌സും ഇന്റഗ്രേറ്റഡ് ഇസ്‌ലാമിക് സ്റ്റഡീസ് ഡിഗ്രിയും പൂര്‍ത്തിയാക്കി. അമേരിക്കയില്‍ വാഷിങ്ടണ്‍ ഡി സിയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ രണ്ട് വര്‍ഷത്തെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിനു വേണ്ടി സെപ്തംബര്‍ ആദ്യത്തില്‍ അദ്ദേഹം പുറപ്പെടും. ഇസ്‌റാഈലിനോടുള്ള അമേരിക്കന്‍ സമീപനത്തെകുറിച്ച് അമേരിക്കയിലെ മുസ്‌ലിം സമൂഹത്തിന്റെ നിലപാടാണ് ഗവേഷണ വിഷയം. പിതാവ്: അസീസ്, മാതാവ്: സീനത്ത്, ഭാര്യ: ഉമ്മു ഹബീബ, മക്കള്‍: ബിശ്‌റുല്‍ ഹാഫി, ഇനായ മെഹവിഷ്.
ജാമിഅ ചെയര്‍മാന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും ഫൗണ്ടര്‍ കം റെക്ടര്‍ ഡോ. എ പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും നൂറാനിയെ പ്രത്യേകം അഭിനന്ദിച്ചു. ജാമിഅ മദീനതുന്നൂറിലെ ക്ലാസ്‌മേറ്റായിരുന്ന ഡോ. മുഹമ്മദ് റോഷന്‍ നൂറാനി കഴിഞ്ഞ വര്‍ഷം ഫുള്‍ബ്രൈറ്റ് ഫെല്ലോഷിപ്പ് നേടിയിരുന്നു. തുടര്‍ച്ചയായി രണ്ട് വര്‍ഷം ഫുള്‍ബ്രൈറ്റ് ഫെല്ലോഷിപ്പ് ലഭിച്ച സന്തോഷത്തിലാണ് ജാമിഅ മദീനതുന്നൂറും അലുംനി പ്രിസം ഫൗണ്ടേഷനും.