National
ഇന്ത്യന്‍ കല ബഹുസ്വരതയുടെ സന്ദേശമാണെന്ന് ഡോ. കെ യു എം വീരഭദ്രപ്പ
കലാകാരന്‍മാരെ ദേശവിരുദ്ധരാക്കുന്നത് മനുഷ്യത്വ രഹിതം
ഗുണ്ടക്കല്‍ (ആന്ധ്രാപ്രദേശ്) | ഇന്ത്യന്‍ കല ബഹുസ്വരതയുടെ സന്ദേശമാണെന്നും രാജ്യത്തിന്റെ ബഹുസ്വര മുഖം നിലനിര്‍ത്തുന്ന കലാകാരന്‍മാരെ ദേശവിരുദ്ധരാക്കുന്നത് മനുഷ്യത്വ രഹിതമാണെന്നും ഇന്ത്യന്‍ നോവലിസ്റ്റും എഴുത്തുകാരനുമായ ഡോ. കെ യു എം വീരഭദ്രപ്പ. മൂന്നാമത് എസ് എസ് എഫ് നാഷണല്‍ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഭാഗവും ശക്തിയുമായ ന്യൂനപക്ഷത്തെ തഴയരുത്. ഇന്ത്യയിലെ മുസ്ലിം ചരിത്രം വിസ്മരിക്കാനാവുകയില്ല. എഴുനൂറു വര്‍ഷക്കാലം രാജ്യം ഭരിച്ച മുഗള്‍ രാജക്കാന്മാര്‍ മതാടിസ്ഥാനത്തിലായിരുന്നില്ല പ്രവര്‍ത്തിച്ചത്. ബഹദൂര്‍ ഷാ സഫറും ടിപ്പു സുല്‍ത്താനും അടക്കമുള്ളവര്‍ കൊളോണിയല്‍ രാജ്യത്തോട് സന്ധിയാവാത്തവരാണെന്നും പുസ്തകങ്ങളില്‍ നിന്നു വെട്ടിമാറ്റപ്പെട്ടാലും അവരെ സ്മരിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ധാരാളം സ്മാരകങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ രാജ്യത്ത് ദൈവങ്ങളെ മുന്‍നിര്‍ത്തി വോട്ട് തേടുന്നത് ഭരണഘടന വിരുദ്ധമാണെന്നും വിഭാഗീയതക്ക് കുടപിടിച്ചവര്‍ക്ക് ഭാരതരത്‌ന നല്‍കിയത് ദുഃഖകരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ് എസ് എഫ് നാഷണല്‍ സാഹിത്യോത്സവില്‍ ഗുണ്ടക്കല്‍ എം എല്‍ എ വൈ വെങ്കിട്ടരാമ റെഡ്ഡി മുഖ്യാതിഥിയായി. തെലുങ്ക് ചെറുകഥാകൃത്ത് മാരുതി പൗരോഹിതം, ആന്ധ്രാപ്രദേശ് ഉറുദു അക്കാദമി ചെയര്‍മാന്‍ എച്ച് നദീം അഹ്മദ്, എസ് എസ് നാഷണല്‍ പ്രസിഡന്റ് നൗഷാദ് ആലം മിസ്ബാഹി ഒഡീഷ, നാഷണല്‍ ജനറല്‍ സെക്രട്ടറി സി പി ഉബൈദുല്ല സഖാഫി കേരള, നാഷണല്‍ ഫിനാന്‍സ് സെക്രട്ടറി ശരീഫ് നിസാമി, സുഹൈറുദ്ധീന്‍ നൂറാനി വെസ്റ്റ് ബംഗാള്‍, ചാന്ദ് പാഷ, സി എം ഫിറോസ് തുടങ്ങിയവര്‍ സംസാരിച്ചു. രണ്ട് ദിവസമായി നടക്കുന്ന നാഷണല്‍ സാഹിത്യോത്സവില്‍ 25 സംസ്ഥാനങ്ങളില്‍ നിന്നും 5 കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി 1500 ലധികം മത്സരാര്‍ഥികള്‍ പങ്കെടുക്കും. യൂണിറ്റ് മുതല്‍ സംസ്ഥാനതലം വരെ മത്സരിച്ച് വിജയികളായ വിദ്യാര്‍ഥികളാണ് നാഷണല്‍ സാഹിത്യോത്സവില്‍ മാറ്റുരക്കുന്നത്.