ഡോ. കഫീല്‍ഖാനെ നിങ്ങള്‍ മറന്നുകാണില്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഘോരഗ്പൂരിലുള്ള ബി ആര്‍ സി മെഡിക്കല്‍ കോളജില്‍ ജീവവായു കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങള്‍ നിലവിളിച്ചപ്പോള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണം ചെലവഴിച്ച് ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങി അവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച മനുഷ്യസ്‌നേഹിയായ ഡോക്ടര്‍. പക്ഷേ, ലോകം മുഴുവന്‍ വാഴ്ത്തിയ ആ സേവനത്തിന് യോഗി സര്‍ക്കാര്‍ നല്‍കിയ പാരിതോഷികം സസ്‌പെന്‍ഷനും ജയില്‍വാസവുമായിരുന്നു. ഇപ്പോഴിതാ കഫീല്‍ഖാനെ സര്‍വീസില്‍ നിന്ന് പിരിച്ച് വിടുക കൂടി ചെയ്ത് യോഗി സര്‍ക്കാര്‍ ശരിക്കും പക വീട്ടിയിരിക്കുന്നു.2017 ഓഗസ്റ്റ് പത്തിനാണ് ആ ദാരുണമായ സംഭവം നടക്കുന്നത്. ബി ആര്‍ സി മെഡിക്കല്‍ കോളജില്‍ കുട്ടികളുടെ ഡോക്ടറായ കഫീല്‍ ഖാന്‍ അന്ന് അവധിയിലായിരുന്നു. ഓകസിജന്‍ ലഭിക്കാതെ പിഞ്ചുകുട്ടികള്‍ പ്രാണന് വേണ്ടി പിടയുന്നുവെന്ന വിവരം കേട്ടാണ് കുട്ടികളുടെ വാര്‍ഡിന്റെ ചുമതലയുള്ള അദ്ദേഹം രായ്ക്കുരാമാനം ആശുപത്രിയില്‍ പാഞ്ഞെത്തിയത്. അപ്പോള്‍ കണ്ട കാഴ്ച അതിദയനീയമായിരുന്നു. ആശുപത്രിയിലേക്കുളള ലിക്വിഡ് ഓക്‌സിജന്‍ വിതരണം നിലച്ചിരിക്കുന്നു… പ്രാണവായു കിട്ടാതെ മരണത്തോടെ മല്ലടിക്കുകയാണ് പറക്കുമാറ്റാത്ത പിഞ്ചുകുഞ്ഞുങ്ങള്‍.. മനസാക്ഷിയുള്ള ഏതൊരാളുടെയും ഹൃദയം പൊട്ടുന്ന രംഗം.. കഫീല്‍ഖാനും അത് കണ്ടുനില്‍ക്കാനായില്ല. തൊട്ടടുത്ത നിമിഷം തന്നെ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കുവാന്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായി അദ്ദേഹം പരക്കംപാഞ്ഞു. ഓക്‌സിജന്‍ വിതരണം പുനസ്ഥാപിച്ചുകിട്ടാന്‍ പലരോടും കെഞ്ചി, കൈകൂപ്പി യാജിച്ചു… ആരും കാര്യമായി സഹായിച്ചില്ല. ഒടുവില്‍ സ്വയം പണംമുടക്കി എവിടെനിന്നൊക്കെയോ ഏതാനും സിലിണ്ടറുകള്‍ അദ്ദേഹം ആശുപത്രിയിലെത്തിച്ചു… പക്ഷേ ആ ഒറ്റയാള്‍ പോരാട്ടം കൊണ്ട് മാത്രം ആ കുഞ്ഞുങ്ങളെ രക്ഷിക്കാനായില്ല.. ആ രാത്രിയില്‍ 30 കുട്ടികള്‍ പ്രാണവായു കിട്ടാതെ മരണത്തിന് കീഴടങ്ങി.
---- facebook comment plugin here -----