From the print
ഡോ. എം ജി എസ് നാരായണന്‍; സ്വന്തം വഴി വെട്ടിത്തുറന്ന ചരിത്രകാരന്‍
ചരിത്രത്തെയും രാഷ്ട്രീയത്തെയും സമൂഹത്തെയും സംബന്ധിച്ച തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ മടികാട്ടാതിരുന്ന അദ്ദേഹത്തിന്റെ നിലപാടുകള്‍ പലപ്പോഴും വിമര്‍ശങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിമരുന്നിട്ടു

കോഴിക്കോട് | താന്‍ വെട്ടിത്തെളിച്ച പാതയിലൂടെ മാത്രം ചരിത്രവസ്തുതകളെ വിശകലനം ചെയ്യാന്‍ ഇഷ്ടപ്പെട്ട മഹാമനുഷ്യനായിരുന്നു വിടപറഞ്ഞ ഡോ. എം ജി എസ് നാരായണന്‍. ചരിത്രം പറയാന്‍ അദ്ദേഹം ആരുടെയും ഇംഗിതങ്ങള്‍ക്ക് വഴങ്ങിയില്ല. ചരിത്രത്തെയും രാഷ്ട്രീയത്തെയും സമൂഹത്തെയും സംബന്ധിച്ച തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ മടികാട്ടാതിരുന്ന അദ്ദേഹത്തിന്റെ നിലപാടുകള്‍ പലപ്പോഴും വിമര്‍ശങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിമരുന്നിട്ടു.
ഒന്നിന് പിറകെയും പോകാത്ത വ്യക്തിത്വം എന്ന നിലയിലായിരുന്നു എം ജി എസിന്റെ ജീവിതം. വീട്ടുകാര്‍ ഡോക്ടറാക്കണം എന്ന് ആഗ്രഹിച്ച കുട്ടി ആരോടും പറയാതെ ക്ലാസ്സ് മാറി ചരിത്രവഴിയിലേക്ക് സഞ്ചരിച്ചതില്‍ തുടങ്ങുന്നു എം ജി എസിന്റെ നിലപാടിലെ വ്യക്തത. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ ചെയര്‍മാനായിരുന്നപ്പോള്‍ അന്നത്തെ മാനവ വിഭവശേഷി മന്ത്രിയായിരുന്ന മുരളീ മനോഹര്‍ ജോഷിയില്‍ നിന്നുണ്ടായ ഒരു അനുഭവം അദ്ദേഹം വ്യക്തമാക്കുന്നതിങ്ങനെ: “ഒരിക്കല്‍ അദ്ദേഹം എന്നോട് ചോദിച്ചു. ശങ്കരാചാര്യരെ എട്ടാം നൂറ്റാണ്ടില്‍ നിന്ന് മാറ്റി ബി സി 3,000ത്തിലാക്കാന്‍ പറ്റുമോ?’ അധികാരികളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാത്ത എം ജി എസ് പിന്നീട് ഹിസ്റ്റോറിക്കല്‍ കൗണ്‍സിലിന്റെ അധ്യക്ഷസ്ഥാനം രാജിവെക്കുന്നതാണ് കണ്ടത്.
ചരിത്രകാരന്മാര്‍ ഏതെങ്കിലും ഭാഗത്ത് നില്‍ക്കണമെന്ന കീഴ്്വഴക്കത്തെ അദ്ദേഹം അവഗണിച്ചു. ഒരു കള്ളിയിലുമൊതുങ്ങാത്ത ചരിത്രപണ്ഡിതനായിരുന്നു എം ജി എസ്. തന്റെ ഓരോ പ്രസ്താവനക്കും നിഗമനത്തിനും ഒരുകൂട്ടം തെളിവുകള്‍ നല്‍കിക്കൊണ്ട് സാധൂകരണം നല്‍കുന്ന അദ്ദേഹത്തിന്റെ രചനാശൈലി പില്‍ക്കാല ഗവേഷകരിലുണ്ടാക്കിയ സ്വാധീനം ചെറുതല്ല.
ശാസ്ത്രീയബോധമുള്ള ചരിത്രകാരന്മാരെ പരിശീലിപ്പിച്ചെടുക്കുന്നതിനും അദ്ദേഹം മുന്നിട്ടിറങ്ങി. യുവഗവേഷകരെ വാര്‍ത്തെടുക്കുന്നതിലും അവർക്കുവേണ്ട സൗകര്യങ്ങളൊരുക്കുന്നതിലും എം ജി എസിന്റെ മിടുക്ക് അപാരമായിരുന്നു. ചരിത്ര വിജ്ഞാനം നുകരാന്‍ മലാപ്പറമ്പിലെ വസതി അന്വേഷിച്ച് എത്രയോ പേര്‍ എത്തിയിരുന്നു.
പലപ്പോഴും വസ്തുനിഷ്ഠത അദ്ദേഹത്തെ ആശയക്കുഴപ്പങ്ങളിലേക്കും വിവാദങ്ങളിലേക്കും നയിച്ചു. അപ്പോഴും ചരിത്രത്തോടുള്ള പ്രതിബദ്ധത കൈവിട്ടില്ല. തിരുത്തിപ്പറയേണ്ടത് തിരുത്തിപ്പറയാനും മടികാട്ടിയില്ല. ശില താമ്ര ലിഖിതങ്ങള്‍ കണ്ടെത്തിയായിരുന്നു എം ജി എസിന്റെ ഗവേഷണം. മലയാളം, ഇംഗ്ലീഷ്, തമിഴ്, സംസ്‌കൃതം ഭാഷകളിലും ബ്രാഹ്മി, വട്ടെഴുത്ത്, ഗ്രന്ഥലിപികളിലും അവഗാഹമുള്ള എം ജി എസ് ശിലാരേഖ പഠനത്തിലും പരിശീലനം നേടിയിരുന്നു.
യൂനിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആൻഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ കോമണ്‍വെല്‍ത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, യൂനിവേഴ്‌സിറ്റി ഓഫ് മോസ്‌കോ, ലെനിന്‍ഗ്രാഡിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓറിയന്റല്‍ സ്റ്റഡീസ് എന്നിവിടങ്ങളില്‍ വിസിറ്റിംഗ് ഫെലോ, ടോക്കിയോ യൂനിവേഴ്‌സിറ്റി ഓഫ് ഫോറിന്‍ സ്റ്റഡീസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ്‌സ് ആന്‍ഡ് കള്‍ച്ചേഴ്‌സില്‍ പ്രഫസര്‍ എമരിറ്റസ്, മഹാത്മാഗാന്ധി സര്‍വകലാശാല, മംഗളൂരു സര്‍വകലാശാല എന്നിവിടങ്ങളില്‍ വിസിറ്റിംഗ് പ്രഫസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
92ാമത്തെ വയസ്സിലാണ് എം ജി എസിന്റെ ആദ്യത്തെ കവിതാ സമാഹാരം “മരിച്ചു മമ ബാല്യം’ പ്രകാശിതമായത്. 2024 ആഗസ്റ്റ് 20ന് അദ്ദേഹത്തിന്റെ ജന്മദിനത്തിലായിരുന്നു അത് പ്രകാശനം ചെയ്തത്. ബാല്യകാലത്ത് എഴുതി ശേഖരിച്ചുവെച്ച കുറിപ്പുകളില്‍ നിന്ന് കണ്ടെടുത്തത് ഭാര്യ പ്രേമലതയാണ്. കൂട്ടുകാരും ശിഷ്യരും ചേര്‍ന്ന് പുറത്തിറക്കി. കുട്ടിക്കാലത്തെ പ്രണയവും കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള ആഭിമുഖ്യവുമെല്ലാം ഇതില്‍ കടന്നുവരുന്നു.
പ്രേമം, വഞ്ചന, സന്ദേശം, കാമിനി എന്നീ കവിതകളും ഗ്രാമഭംഗി, മരിച്ചു മമ ബാല്യം, സമരപ്രഖ്യാപനം, നിത്യതയുടെ പൂന്തോട്ടം, ചൈനയിലെ ചെന്താരം, കൊയ്ത്തുകാരി തുടങ്ങിയ കവിതകളും ഈ സമാഹാരത്തിലുണ്ട്. രാഷ്ട്രീയം, പ്രകൃതിസ്‌നേഹം, യൗവനം, തത്ത്വശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലുള്ള സൃഷ്ടികളുമുണ്ട്.
“ജാലകങ്ങള്‍’ എന്ന പേരിലുള്ള ആത്മകഥ 2018ലാണ് പുറത്തിറക്കിയത്. അതേവര്‍ഷം തന്നെ തന്റെ സ്വകാര്യ ലൈബ്രറി അദ്ദേഹം കാലിക്കറ്റ് സർവകലാശാലക്ക് കൈമാറി. കേരള ചരിത്രം, തമിഴക ചരിത്രം, പ്രാചീന ഭാരതീയ ചരിത്രം, ചരിത്രരചനാ പദ്ധതി എന്നീ മേഖലകളിലായിരുന്നു എം ജി എസ് പ്രധാനമായും ശ്രദ്ധപതിപ്പിച്ചിരുന്നത്.