From the print
ഡോ. എം എം ഹനീഫ് മൗലവി അന്തരിച്ചു
ദീര്‍ഘകാലം സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിയായിരുന്നു. ആലപ്പുഴയിലെ ആദ്യ സുന്നി സ്ഥാപനമായ മണ്ണഞ്ചേരി ദാറുല്‍ഹുദാ ഇസ്ലാമിക് കോംപ്ലക്‌സ് സ്ഥാപകനും ജനറല്‍ സെക്രട്ടറിയുമായിരുന്നു.
ആലപ്പുഴ | പ്രമുഖ സുന്നി നേതാവും പണ്ഡിതനും യൂനാനി ചികിത്സകനുമായ ഡോ. എം എം ഹനീഫ് മൗലവി (76) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ അഞ്ചിന് പഴവീട്ടിലെ സ്വവസതിയിലായിരുന്നു അന്ത്യം. ജനാസ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ തെക്കേ മഹല്ല് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
1948 ഡിസംബര്‍ 12ന് പല്ലന കുറ്റിക്കാട് മുഹമ്മദ് മുസ്ലിയാരുടെയും സൈനബാ ബീവിയുടെയും മകനായാണ് ജനനം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കീഴ്ഘടകങ്ങളുടെയും പ്രവര്‍ത്തനം തെക്കന്‍ കേരളത്തില്‍ വ്യാപിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചു. ദീര്‍ഘകാലം സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിയായിരുന്നു. ആലപ്പുഴയിലെ ആദ്യ സുന്നി സ്ഥാപനമായ മണ്ണഞ്ചേരി ദാറുല്‍ഹുദാ ഇസ്ലാമിക് കോംപ്ലക്‌സ് സ്ഥാപകനും ജനറല്‍ സെക്രട്ടറിയുമായിരുന്നു.
എസ് വൈ എസ് ദക്ഷിണ കേരള ഓര്‍ഗനൈസര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി, സംസ്ഥാന സമിതിയംഗം, ഇസ്ലാമിക് എജ്യുക്കേഷനല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ്, കാരന്തൂര്‍ സുന്നി മര്‍കസ് പ്രവര്‍ത്തക സമിതിയംഗം, സിറാജ് ഡയറക്ടര്‍ ബോര്‍ഡ് അംഗം, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സമിതിയംഗം, ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, ആള്‍ കേരള യൂനാനി ഹകീംസ് അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ആലപ്പുഴ മഹ്ദലിയ്യ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഹാശിമിയ്യ വര്‍ക്കിംഗ് പ്രസിഡന്റ്, തെക്കേ മഹല്ല് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, പാലസ് ജുമുഅ മസ്ജിദ് വൈസ് പ്രസിഡന്റ്, ആലപ്പുഴ ലജ്‌നത്തുല്‍ മുഹമ്മദിയ്യ വൈസ് പ്രസിഡന്റ്എന്നീ പദവികളിലും പ്രവര്‍ത്തിച്ചിരുന്നു.
ആലപ്പുഴ പാലസ് ജുമുഅ മസ്ജിദ് ചീഫ് ഇമാമായിരുന്നു. ആലി മുഹമ്മദ് മസ്ജിദ്, ഇര്‍ശാദുല്‍ മുസ്ലിം അസ്സോസിയേഷന്‍ മദ്റസ, പല്ലന മുസ്ലിം ജമാഅത്ത് മദ്റസ എന്നിവിടങ്ങളില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ സുബൈ ദ. മക്കള്‍: ഷക്കീല, ഷാജിദ, സാബിദ, സാഹിദ. മരുമക്കള്‍: അശ്റഫ് മുസ്ലിയാര്‍, ശറഫുദ്ദീന്‍, ശുക്കൂര്‍ (ചങ്ങനാശ്ശേരി), നിസാര്‍ (തൃപ്പൂണിത്തുറ).
ജനാസ നിസ്‌കാരത്തിന് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ്‌സയ്യിദ് അലി ബാഫഖി തങ്ങള്‍, അരൂര്‍ വടുതല ഖാസി സയ്യിദ് പി എം എസ് തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.