Kerala
ഡോ. ഷഹന കേസ്; പ്രതി ഡോ. റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു
സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷന്‍ ബഞ്ച് തടഞ്ഞത്.

കൊച്ചി|തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ത്ഥിനി ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. പഠനം തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം സിംഗിള്‍ ബെഞ്ച് അംഗീകരിച്ചിരുന്നു. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷന്‍ ബഞ്ച് തടഞ്ഞത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ അപ്പീലിലാണ് നടപടി.
റുവൈസിന്റെ സസ്‌പെന്‍ഷന്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടാന്‍ കോളജ് നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റി ഒരാഴ്ചയ്ക്കകം അച്ചടക്ക നടപടി പുനഃപരിശോധിച്ച് തീരുമാനമെടുക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. വിവാഹത്തിനായി ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് വിവാഹാലോചനയില്‍ നിന്നും പിന്മാറിയതാണ് ഡോക്ടര്‍ ഷഹന ജീവനൊടുക്കാന്‍ കാരണമായത്.