one billion meals
വണ്‍ ബില്യണ്‍ മീല്‍സ് ഉദ്യമത്തിലേക്ക് ഡോ.ആസാദ് മൂപ്പന്‍ ഒരു മില്ല്യണ്‍ ദിര്‍ഹം സംഭാവന നല്‍കും
ഒരു ദശലക്ഷം ഭക്ഷണത്തിന് തുല്യമായ തുകയാണ് ഡോ. ആസാദ് മൂപ്പന്‍ സംഭാവന ചെയ്തത്.
ദുബൈ | ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ വണ്‍ ബില്യണ്‍ മീല്‍സ് ഉദ്യമത്തിന് പത്ത് ലക്ഷം ദിർഹം സംഭാവന പ്രഖ്യാപിച്ചു. 50 രാജ്യങ്ങളിലെ പോഷകാഹാരക്കുറവ് നേരിടുന്ന നിരാലംബരായ ആളുകളെ സഹായിക്കാനും അവര്‍ക്ക് സുസ്ഥിരമായ ഭക്ഷണ പിന്തുണ നല്‍കാനും ലക്ഷ്യമിടുന്ന ഈ ഉദ്യമം മേഖലയിലെ ഇത്തരത്തിലുള്ള ഏറ്റവും ബൃഹത്തായ പദ്ധതിയാണ്.
ആവശ്യളളവരിലേക്ക് സഹായ ഹസ്തമെത്തിക്കാനുള്ള ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്കെയറിന്റെ മാനുഷിക ശ്രമങ്ങളുടെ ഭാഗമായും ദരിദ്ര സമൂഹങ്ങളെയും അതിദരിദ്രരെയും പോഷകാഹാരക്കുറവുള്ളവരെയും സഹായിക്കുന്നതിനുള്ള യു എ ഇയുടെ മഹത്തായ ദര്‍ശനങ്ങളെയും പിന്തുണച്ചുകൊണ്ടുമാണ് ഒരു ദശലക്ഷം ഭക്ഷണത്തിന് തുല്യമായ തുക ഡോ. ആസാദ് മൂപ്പന്‍ സംഭാവന ചെയ്തത്. ലോകമെമ്പാടും പട്ടിണി ഇല്ലാതാക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആരംഭിച്ച വണ്‍ ബില്യണ്‍ മീല്‍സ് ഉദ്യമത്തിന് വലിയ നിലയില്‍ സാമ്പത്തിക സംഭാവന നല്‍കുന്ന നിരവധി യു എ ഇ കമ്പനികളില്‍ ഒന്നായിരിക്കുകയാണ് ഈ പ്രഖ്യാപനത്തിലൂടെ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍.
മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സ് (എം ബി ആര്‍ ജി ഐ) സംഘടിപ്പിച്ച വണ്‍ ബില്യണ്‍ മീല്‍സ് ഉദ്യമം, കഴിഞ്ഞ വര്‍ഷത്തെ 100 ദശലക്ഷം മീല്‍സിന്റെയും, മുന്‍ വര്‍ഷത്തെ 10 ദശലക്ഷം മീല്‍സിന്റെയും വിപുലീകരിച്ച നിലയിലാണ് ഇത്തവണ സംഘടിപ്പിച്ചത്. പ്രത്യേകിച്ചും 2030ഓടെ ‘സീറോ ഹംഗര്‍ (പട്ടിണി ഇല്ലാത്ത അവസ്ഥ)’ ലക്ഷ്യം കൈവരിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണച്ചുകൊണ്ടാണ്, ആവശ്യമുള്ളവര്‍ക്ക് ഭക്ഷ്യസഹായം നല്‍കാനുള്ള ഈ ഉദ്യമം.
”വര്‍ഷങ്ങളായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദര്‍ശനപരമായ നേതൃത്വവും പ്രാദേശിക, ആഗോള സമൂഹങ്ങളിലെ സഹായമാവശ്യമുള്ളവരുടെ ഉന്നമനത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും വലിയ തോതില്‍ പ്രചോദനമേകുന്നതാണെന്ന് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്കെയറിന്റെ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു.