Kerala
ഡോ. വന്ദനയുടെ കൊലപാതകം: ഡോക്ടര്‍മാരുടെ പണിമുടക്ക് നാളെയും തുടരും
വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ഐ എം എ.
തിരുവനന്തപുരം | യുവ വനിതാ ഡോക്ടര്‍ വന്ദനാദാസിന്റെ കൊലപാതകത്തില്‍ സംസ്ഥാന വ്യാപകമായി ആളിക്കത്തി ഡോക്ടര്‍മാരുടെ പ്രതിഷേധം. അത്യാഹിത വിഭാഗത്തെ ഒഴിവാക്കി ഇന്ന് രാവിലെ ആരംഭിച്ച പണിമുടക്ക് സമരം തുടരുകയാണ്. ഇന്ന് രാവിലെ എട്ട് വരെയായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ സമരം നാളെയും തുടരാനാണ് ഡോക്ടര്‍മാരുടെ സംഘടനകളുടെ തീരുമാനം.
വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ഐ എം എ ആവശ്യപ്പെട്ടു. അത്യാവശ്യ സേവനങ്ങള്‍ മാത്രമാണ് ആശുപത്രികളില്‍ ലഭ്യമാകുന്നത്. സര്‍ക്കാര്‍, സ്വകാര്യ, മേഖലയിലെ മുഴുവന്‍ ഡോക്ടര്‍മാരും ഇന്ന് പണിമുടക്കി പ്രതിഷേധ പരിപാടികളില്‍ ഭാഗമായിരുന്നു. ഒപ്പം സംസ്ഥാന വ്യാപകമായി ഹൗസ് സര്‍ജന്മാരും പണിമുടക്കിയിരുന്നു.
മെഡിക്കല്‍ കോളജുകളില്‍ അധ്യാപക സംഘടനയായ കെ ജി എം സി ടി എയുടെ നേതൃത്വത്തില്‍ ഒ പി ബഹിഷ്‌കരിച്ചാണ് സമരം. കാഷ്വാലിറ്റി, ഐ സി യു, ലേബര്‍ റൂം എന്നിവയില്‍ മാത്രമാണ് ഇന്നലെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായത്. കേരളത്തിലെ മെഡിക്കല്‍ കോളജുകളിലും വിവിധ ആശുപത്രികളിലും ജില്ലാ കേന്ദ്രങ്ങളിലും ഡോക്ടര്‍മാരുടെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പ്രതി സന്ദീപിനെ ചികിത്സക്കെത്തിച്ച പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ അതിശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് സെല്ലിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥികളടക്കം വലിയ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.
പ്രതിയെ ചികിത്സിക്കില്ലെന്ന നിലപാടിലായിരുന്നു ആദ്യം ഡോക്ടര്‍മാര്‍. പിന്നീട് പോലീസെത്തിയാണ് പ്രതിക്ക് ചികിത്സ ലഭ്യമാക്കിയത്. പ്രതിയെ കൊണ്ടുപോകുന്നതിനിടെയും പ്രതിഷേധം ശക്തമായിരുന്നു. മുദ്രാവാക്യം വിളികളോടെ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ ആംബുലന്‍സ് തടഞ്ഞും പ്രതിഷേധിച്ചു.
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ എം ജി റോഡ് ഉപരോധിച്ച് സമരം നടത്തി. വിവിധ കോളജുകളില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കൂട്ടമായെത്തി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാത്രിയും സെക്രട്ടേറിയറ്റിന് മുന്നിലെ സമരം തുടരുകയാണ്. തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ കേരള ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ കെ എച്ച് എസ് എയുടെ നേതൃത്വത്തിലും കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ കെ ജി എം ഒയുടെ നേതൃത്വത്തിലും സമരം നടന്നു.