Kerala
ഡോ. വന്ദനദാസ് കൊലപാതകക്കേസ്: പ്രതി സന്ദീപിന്റെ വിടുതല്‍ ഹരജി ഹൈക്കോടതി തള്ളി
കേസില്‍ വിചാരണ നടപടികള്‍ക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി
കൊച്ചി|ഡോ. വന്ദനദാസ് കൊലപാതകക്കേസില്‍ പ്രതി സന്ദീപിന്റെ വിടുതല്‍ ഹരജി ഹൈക്കോടതി തള്ളി. ഹരജി തള്ളുന്നുവെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി. വിടുതല്‍ ഹരജി തള്ളിയതോടെ കേസില്‍ വിചാരണ നടപടികള്‍ക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കിയിട്ടുണ്ട്.
കേസില്‍ കൊലപാതകക്കുറ്റം നില നില്‍ക്കില്ലെന്നായിരുന്നു സന്ദീപിന്റെ വാദം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ പോലീസ് കസ്റ്റഡിയിലുള്ള സന്ദീപിന്റെ കുത്തേറ്റാണ് വന്ദന ദാസ് കൊല്ലപ്പെട്ടത്.
കേസില്‍ സന്ദീപിന്റെ വിടുതല്‍ ഹരജി നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. വന്ദന ദാസിനെ കരുതിക്കൂട്ടി കൊലപ്പെടുത്തുകയായിരുന്നില്ല. ഒരു സ്ഥലത്തു നിന്നും മര്‍ദ്ദനമേറ്റതിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. ആ സമയത്ത് പ്രത്യേക മാനസികാവസ്ഥയായിരുന്നുവെന്നും സന്ദീപ് നല്‍കിയ ഹരജിയില്‍ പറയുന്നു.
കൃത്യസമയത്ത് നല്ല ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഡോ. വന്ദന മരിക്കില്ലായിരുന്നു. അതിനാല്‍ കൊലപാതകക്കുറ്റം നിലനില്‍ക്കില്ല. ചികിത്സാപിഴവാണ് മരണകാരണമെന്നും സന്ദീപ് വാദിച്ചു. അതേസമയം സന്ദീപിന്റെ വാദങ്ങള്‍ നിരസിച്ച കോടതി വിടുതല്‍ ഹരജി തള്ളുകയായിരുന്നു.