Connect with us

dr vandana das murder

ഡോ. വന്ദന ദാസ് കൊലപാതകം: അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

ആശുപത്രിയിലെ സി സി ടി വിയുടെ ഹാർഡ് ഡിസ്ക്കുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സക്കിടെ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണ സംഘം കോടതിയിൽ ഇന്ന് അപേക്ഷ നൽകും. കൊല്ലപ്പെടുമെന്ന് സന്ദീപ് ഭയപ്പെട്ട കാര്യത്തെക്കുറിച്ചും പരിശോധിക്കും. ആശുപത്രിയിലെ സി സി ടി വിയുടെ ഹാർഡ് ഡിസ്ക്കുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

സംഭവ ദിവസം മദ്യപിച്ചിരുന്നുവെങ്കിലും താൻ ലഹരിക്ക് അടിമയല്ലെന്ന് ജയിൽ ഉദ്യോഗസ്ഥരോട് സന്ദീപ് പറഞ്ഞിരുന്നു. കരാട്ടെ പഠിച്ച തന്നെ നാട്ടുകാർ മർദിച്ചുവെന്നും തുടർന്ന് നാട്ടുകാർ പിന്തുടർന്നപ്പോഴാണ് പോലിസിനെ ആദ്യം വിളിച്ചതെന്നും മൊഴി നൽകിയിട്ടുണ്ട്. സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ വിദഗ്ധൻ ഡോ. അരുൺ അറിയിച്ചു. കഴിഞ്ഞ ദിവസം പൂജപ്പുര സെൻട്രൽ ജയിലിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്. എല്ലാ കാര്യങ്ങളെ കുറിച്ചും പ്രതികരിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സിക്കേണ്ട മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്നുമാണ് ഡോക്ടറുടെ റിപോർട്ട്.

ഡോ. വന്ദനയെ ലക്ഷ്യമിട്ടല്ല അക്രമം നടത്തിയതെന്നും പുരുഷ ഡോക്ടറെ ലക്ഷ്യമിട്ടാണെന്നും കുറ്റസമ്മതം നടത്തി. ജയിൽ സൂപ്രണ്ടിനോടാണ് ഏറ്റുപറച്ചിൽ. ആശുപത്രിയിലുള്ളവർ തന്നെ ഉപദ്രവിക്കുമെന്ന തോന്നലായിരുന്നു അക്രമത്തിലേക്ക് നയിച്ചതെന്നും പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ അഞ്ചോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയത്. പോലീസ് പരിശോധനക്കെത്തിച്ച കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപിന്റെ കാലിലെ മുറിവ് ചികിത്സിക്കുന്നതിനിടെയാണ് അക്രമാസക്തനായത്. ആക്രമണത്തിൽ പോലീസുകാർ ഉൾപ്പെടെ നാല് പേർക്കും പരുക്കേറ്റിരുന്നു.