Kerala
ഡോ. വന്ദന ദാസ് കൊലപാതകം: പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപോര്‍ട്ട്, വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്
അക്രമാസക്തനായ പ്രതിയെ നിയന്ത്രിക്കാന്‍ പോലീസ് ശ്രമിച്ചില്ല. ആക്രമണത്തിനിടെ സ്വയം രക്ഷാര്‍ഥം ഓടിയൊളിച്ചു.
കൊല്ലം | ഡോ. വന്ദന ദാസ് കൊലക്കേസില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപോര്‍ട്ട്. അക്രമാസക്തനായ പ്രതിയെ നിയന്ത്രിക്കാന്‍ പോലീസ് ശ്രമിച്ചില്ല. ആക്രമണത്തിനിടെ സ്വയം രക്ഷാര്‍ഥം ഓടിയൊളിച്ചുവെന്നും റിപോര്‍ട്ടിലുണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഡി ഐ ജി. ആര്‍ നിശാന്തിനിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2023 മെയ് 10 നാണ് ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. വൈദ്യപരിശോധനക്കായി പോലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച കൊല്ലം പൂയപള്ളി സ്വദേശി സന്ദീപ് ഡ്യൂട്ടിയിലായിരുന്ന വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സ്‌കൂള്‍ അധ്യാപകനാണ് 42 കാരനായ പ്രതി.
കൊല്ലത്തെ അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പഠിച്ച 23 കാരിയായ വന്ദന ദാസ് ഇന്റേണ്‍ഷിപ്പ് പരിശീലനത്തിന്റെ ഭാഗമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു. മദ്യലഹരിയിലായിരുന്ന സന്ദീപ് ഡ്രസിങ് റൂമില്‍ നിന്ന് കത്രിക എടുത്ത് ഡോക്ടര്‍ വന്ദനയെ ഒന്നിലധികം തവണ കുത്തുകയായിരുന്നു. നെഞ്ചിലും കഴുത്തിലും ഒന്നിലധികം മുറിവേറ്റ വന്ദനയെ ഉടന്‍ തന്നെ തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.