National
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മത്സരിച്ച ഡോ. തസ്ലിം അഹമ്മദ് റഹ്‌മാനി എസ് ഡി പി ഐ ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ചു
കോര്‍പ്പറേറ്റ് കമ്പനി എന്ന നിലയിലാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്ന രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു
ചെന്നൈ | എസ് ഡി പി ഐ ദേശീയ സെക്രട്ടറി സ്ഥാനവും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വവും രാജിവെച്ചതായി ഡോ. തസ്ലിം അഹമ്മദ് റഹ്‌മാനി . കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ എസ് ഡി പി ഐ സ്ഥാനാര്‍ഥിയായിരുന്നു തസ്ലിം റഹ്‌മാനി. പാര്‍ട്ടി ദേശീയ പ്രസിഡന്റ് എം കെ ഫൈസിക്ക് അയച്ച കത്ത് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്ക് വെച്ചു.
അംഗത്വമടക്കം രാജിവെച്ചെങ്കിലും പാര്‍ട്ടി ആശയത്തെയും പ്രവര്‍ത്തനത്തെയും താന്‍ ആദരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അതേ സമയം രാഷ്ട്രീയ പാര്‍ട്ടി എന്നതിനേക്കാള്‍, കോര്‍പ്പറേറ്റ് കമ്പനി എന്ന നിലയിലാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്ന രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു. പാര്‍ട്ടി നയങ്ങള്‍ നടപ്പാക്കുന്നത് കോര്‍പ്പറേറ്റ് രീതിയിലാണ്. പൊതുസ്വീകാര്യത ലഭിക്കുന്ന നയങ്ങളും രീതികളും കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അനുകൂലമായ പൊതുഅഭിപ്രായം പാര്‍ട്ടിയിലുണ്ടായില്ലെന്നും കത്തില്‍ പറയുന്നു. ലക്ഷ്യം നേടാത്ത പ്രവര്‍ത്തനം തനിക്ക് സഹിക്കാനാകില്ല. അതിനാല്‍ പാര്‍ട്ടിയെയും അരികുവത്കരിക്കപ്പെട്ട ജനങ്ങളെയും സേവിക്കുന്നതില്‍ താന്‍ പരാജയപ്പെട്ടെന്നും ഈ മാസം മൂന്നിന് നല്‍കിയ കത്തില്‍ തുടര്‍ന്ന് പറയുന്നുണ്ട്.