Malappuram
യൂണിവേഴ്‌സിറ്റി റിസര്‍ച്ച് ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഡോ. സഫീറിനെ ആദരിച്ച് മഅദിന്‍ അക്കാദമി
ഒരു ശാസ്ത്രജ്ഞന് ലഭിക്കാവുന്ന ലോകത്തെ ഏറ്റവും ഉയര്‍ന്ന അക്കാദമിക ബഹുമതിയായ റോയല്‍ സൊസൈറ്റി വാഗ്ദാനം ചെയ്യുന്ന യൂണിവേഴ്‌സിറ്റി റിസര്‍ച്ച് ഫെല്ലോഷിപ്പ് (യു ആര്‍ എഫ്) (19.73 കോടി രൂപ) ആണ് ഡോ. സഫീർ നേടിയയത്.
റോയല്‍ സൊസൈറ്റി യൂണിവേഴ്‌സിറ്റി റിസര്‍ച്ച് ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഡോ. സഫീറിനെ മഅദിന്‍ അക്കാദമിയില്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖീല്‍ അല് ബുഖാരി ആദരിക്കുന്നു.
മലപ്പുറം | ഒരു ശാസ്ത്രജ്ഞന് ലഭിക്കാവുന്ന ലോകത്തെ ഏറ്റവും ഉയര്‍ന്ന അക്കാദമിക ബഹുമതിയായ റോയല്‍ സൊസൈറ്റി വാഗ്ദാനം ചെയ്യുന്ന യൂണിവേഴ്‌സിറ്റി റിസര്‍ച്ച് ഫെല്ലോഷിപ്പ് (യു ആര്‍ എഫ്) (19.73 കോടി രൂപ) കരസ്ഥമാക്കിയ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റിയും മലപ്പുറം മോങ്ങം സ്വദേശിയുമായ ഡോ. സി കെ സഫീറിനെ മഅദിന്‍ അക്കാദമി ആദരിച്ചു. അനുമോദന ചടങ്ങ് മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.
സഫീറിന്റെ നേട്ടം മലയാളി സമൂഹത്തിന് ഒന്നടങ്കം വിശിഷ്യാ മലപ്പുറത്തുകാര്‍ക്ക് ഏറെ അഭിമാനം പകരുന്നതാണെന്നും വൈജ്ഞാനിക രംഗത്തെ ഉന്നതങ്ങള്‍ കീഴടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഫീര്‍ ഏറ്റവും വലിയ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര യൂണിവേഴിസിറ്റികളില്‍ ഒട്ടേറെ സാധ്യതകളാണ് നമുക്ക് മുന്നിലുള്ളതെന്നും വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് ഒരു വിദ്യാര്‍ഥി പഠനം നടത്തേണ്ടതെന്നും ഡോ സഫീര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
മഅദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ രാമാന്തള്ളി, ഡോ. മുഹമ്മദ്, സൈതലവികോയ കൊണ്ടോട്ടി, നൂറുല്‍ അമീന്‍ ലക്ഷദ്വീപ്, ദുല്‍ഫുഖാര്‍ അലി സഖാഫി, ഖാലിദ് സഖാഫി സ്വലാത്ത നഗര്‍, ജുനൈദ് അദനി അങ്ങാടിപ്പുറം, അബൂത്വാഹിര്‍ അദനി എന്നിവര്‍ സംബന്ധിച്ചു.