Kerala
കേന്ദ്ര മന്ത്രി രവ്‌നീത് സിംഗിന് മലയാളത്തില്‍ കത്തയച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി; പ്രതിഷേധം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മന്ത്രി ഹിന്ദിയില്‍മാത്രം നല്കുന്നതില്‍
കേരളപ്പിറവി ദിനത്തിന്റെ തൊട്ടടുത്ത ദിവസമാണ് കേരളത്തിന്റെ ഭാഷാപരമായ അവകാശം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ജോണ്‍ ബ്രിട്ടാസ് ഈ പ്രതിഷേധക്കത്ത് അയച്ചത്.

ന്യൂഡല്‍ഹി | കേന്ദ്ര റെയില്‍വേ – ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹ മന്ത്രി രവ്‌നീത് സിംഗിന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി പ്രതിഷേധസൂചകമായി മലയാളത്തില്‍ കത്തയച്ചു. പാര്‍ലമെന്റിലെ പ്രതികരണങ്ങള്‍ ഹിന്ദിയില്‍ മാത്രം നിര്‍വഹിക്കുന്നയാളാണ് മന്ത്രി. ഇതിനെതിരേയാണ് ഹിന്ദി ഔദ്യോഗികഭാഷയായി അംഗീകരിക്കാത്ത കേരളത്തില്‍ നിന്നുള്ള എം പി.യായ ജോണ്‍ ബ്രിട്ടാസിന്റെ പ്രതിഷേധം. കേരളപ്പിറവി ദിനത്തിന്റെ തൊട്ടടുത്ത ദിവസമാണ് കേരളത്തിന്റെ ഭാഷാപരമായ അവകാശം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ജോണ്‍ ബ്രിട്ടാസ് ഈ പ്രതിഷേധക്കത്ത് അയച്ചത്.
ഹിന്ദിയില്‍ മാത്രമുള്ള മറുപടികള്‍ മനഃപൂര്‍വ്വമാണെന്ന് ജോണ്‍ ബ്രിട്ടാസ് കത്തില്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് താന്‍ മലയാളത്തില്‍ പ്രതികരിക്കാന്‍ നിര്‍ബ്ബന്ധിതനാകുന്നത്. തനിക്കുനേരേ മാത്രമല്ല ഈ നിലപാടുണ്ടാകുന്നത്. തെക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ഇതര എം പി.മാരും ഇതേ അനുഭവം നേരിടുന്നു- ജോണ്‍ ബ്രിട്ടാസ് വിശദീകരിച്ചു.
ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യങ്ങള്‍ക്കുള്ള മന്ത്രി രവ്‌നീത് സിംഗിന്റെ പ്രതികരണങ്ങളെല്ലാം ഹിന്ദിയിലായിരുന്നു. എം. പി.യുടെ ജൂലായ് 22, 25 തിയതികളിലെ പ്രത്യേക പരാമര്‍ശങ്ങള്‍ക്കും ആഗസ്റ്റ് അഞ്ചിലെ ശൂന്യ വേളാ നോട്ടീസിനും മന്ത്രി ഹിന്ദിയില്‍ പ്രതികരിച്ചതാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങള്‍. ഈ സാഹചര്യത്തിലാണ് ജോണ്‍ ബ്രിട്ടാസിന്റെ കത്ത്.