Connect with us

Malappuram

ഡോ. സുബൈര്‍ മേടമ്മലിന് യു എ ഇ ഗോള്‍ഡന്‍ വിസ

Published

|

Last Updated

ദുബൈ | പ്രമുഖ ഫാല്‍ക്കണ്‍ ഗവേഷകനും കാലിക്കറ്റ് സര്‍വകലാശാല അധ്യാപകനുമായ ഡോ. സുബൈര്‍ മേടമ്മലിന് യു എ ഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു. അറബ് രാജ്യങ്ങളിലെ ദേശീയ പക്ഷിയായ ഫാല്‍ക്കണിനെ കുറിച്ച് അദ്ദേഹം പതിറ്റാണ്ടുകളായി നടത്തുന്ന ഗവേഷണങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഫാല്‍ക്കോണിസ്റ്റ് എന്ന പദവിയില്‍ യു എ ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ സമ്മാനിച്ചത്. അബൂദബി എമിഗ്രേഷന്‍ മേധാവി ഡോ. മുഹമ്മദ് ബിന്‍ ഹരീസ് അല്‍ റാഷിദില്‍ നിന്ന് ഡോ. സുബൈര്‍ മേടമ്മല്‍ വിസ ഏറ്റുവാങ്ങി.

26 വര്‍ഷമായി ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഫാല്‍ക്കണ്‍ പക്ഷികളെ കുറിച്ച് ഗവേഷണം നടത്തുന്ന ഡോ. സുബൈര്‍ ഫാല്‍ക്കണ്‍ പഠനത്തില്‍ ഡോക്ടറേറ്റ് ലഭിച്ച ആദ്യത്തെ ഇന്ത്യക്കാരനാണ്. എമിറേറ്റിസ് ഫാല്‍ക്കണ്‍ ക്ലബില്‍ അംഗത്വമുള്ള ഏക അനറബിയാണ് അദ്ദേഹം. വ്യത്യസ്ത രാജ്യങ്ങളിലെ ഫാല്‍ക്കണ്‍ ക്ലബുകളില്‍ അംഗത്വമുണ്ട്. ജി സി സി രാജ്യങ്ങളിലും ജര്‍മനിയിലും ഗവേഷണം നടത്തിയിട്ടുണ്ട്. ആസ്ത്രേലിയയിലെ ചാള്‍സ് സ്റ്റുവര്‍ട്ട് സര്‍വകലാശാലയിലടക്കം വിവിധ രാജ്യങ്ങളിലെ സര്‍വ കലാശാലകളിലും ഫാല്‍ക്കണ്‍ സിമ്പോസിയങ്ങളിലും ക്ലാസെടുത്തിട്ടുണ്ട്.

ലോക രാഷ്ട്രങ്ങളിലെ കോണ്‍ഫറന്‍സുകളിലും സെമിനാറുകളിലും പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. ഒട്ടനവധി വന്യജീവി സംഘടനകളിലും ആദ്ദേഹത്തിന് അംഗത്വമുണ്ട്. വിവിധ തരം ഫാല്‍ക്കണുകളുടെ 15 വ്യത്യസ്ത തരം ശബ്ദം റെക്കോഡ് ചെയ്ത് സോണോഗ്രാം ആക്കിയ ഏക വ്യക്തി കൂടിയാണ് സുബൈര്‍. തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയായ ഡോ. സുബൈര്‍ മേടമ്മല്‍ കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ ജന്തുശാസ്ത്ര വിഭാഗത്തിലെ അധ്യാപകനും അന്തര്‍ ദേശീയ പക്ഷി ഗവേഷണ കേന്ദ്രം കോര്‍ഡിനേറ്റര്‍ കൂടിയാണ്.

 

 

 

---- facebook comment plugin here -----

Latest