Connect with us

environment

കരട് വിജ്ഞാപന കാലാവധി 31ന് തീരും; പരിസ്ഥിതിലോല പട്ടികയിൽ 92 വില്ലേജുകൾ

8,656.46 ചതുരശ്ര കി. മീറ്റർ പരിസ്ഥിതി ലോലം. കുടിയിറക്ക് ഭീഷണി നേരിടുന്ന കർഷകർ സമരത്തിന്

Published

|

Last Updated

കാളികാവ് (മലപ്പുറം) | പരിസ്ഥിതി ലോല പ്രദേശവുമായി ബന്ധപ്പെട്ട കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ച കരട് വിജ്ഞാപന കാലാവധി 31ന് തീരും. സംസ്ഥാനത്ത് 11 ജില്ലകളിലായി 92 വില്ലേജുകൾ കരട് പട്ടികയിലുണ്ട്. 8,656.46 ചതുരശ്ര കിലോമീറ്റർ ഭൂമിയാണ് പരിസ്ഥിതി ലോല പ്രദേശ മേഖലയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 92 വില്ലേജുകളിൽ ആകെയുള്ള 12,007.39 ചതുരശ്ര കിലോമീറ്റർ ഭൂമിയിൽ 3,350.93 ചതുരശ്ര കിലോമീറ്റർ ഭൂമി മാത്രമാണ് പട്ടികയിൽ ഉൾപ്പെടുത്താത്തത്. ഓരോ ജില്ലയിലും ആയിരത്തിലേറെ കർഷകരെ പരിസ്ഥിതി ലോല പ്രദേശ പ്രഖ്യാപനം ബാധിക്കും.

കുടിയിറക്ക് ഭീഷണിയടക്കം നേരിടുന്ന കർഷകർ സമര പരിപാടികളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പാരിസ്ഥിതികമായി പ്രാധാന്യം നൽകേണ്ടതായി കേന്ദ്രം നിശ്ചയിച്ച ജൈവ മേഖലകളാണ് പരിസ്ഥിതിലോല പ്രദേശം. പരിസ്ഥിതി ദുർബല പ്രദേശങ്ങൾക്ക് ചുറ്റുമുള്ള നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് സംരക്ഷിക്കാനാണ് പദ്ധതി. ജനസാന്ദ്രതയുള്ളതടക്കം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2013ൽ കാർഷിക ഭൂമി അടങ്ങുന്ന മേഖല പരിസ്ഥിതി ലോലപ്രദേശങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നതാണ്. 2013ൽ ഉമ്മൻ വി ഉമ്മൻ അധ്യക്ഷനായുള്ള പഠന സമിതി സമർപ്പിച്ച റിപ്പോർട്ട് പ്രകാരം കൃഷി ഭൂമി ഒഴിവാക്കി കരട് വിജ്ഞാപനം ഇറക്കിയിരുന്നു. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് 880ലധികം ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്. പതിനായിരത്തിലേറെ കർഷകരെ ബാധിക്കുന്ന പ്രശ്‌നം ഉയർത്തി കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസ്സോസിയേഷൻ (കിഫ) നേതൃത്വത്തിൽ ജില്ലാതലത്തിൽ സമരങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്.

മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിൽ സംസ്ഥാനത്ത് 123 വില്ലേജുകളാണ് ഉൾപ്പെടുത്തിയിരുന്നത്. പ്രതിഷേധത്തെ തുടർന്ന് 31 വില്ലേജുകൾ ഒഴിവാക്കിയാണ് കസ്തൂരിരംഗൻ റിപ്പോർട്ട് സമർപ്പിച്ചത്. വില്ലേജുകൾ ഒഴിവാക്കിയെങ്കിലും ഭൂ വിസ്തൃതിയിൽ കുറവ് വരുത്തിയിട്ടില്ല. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിഞ്ജാപനത്തിലുള്ള 92 വില്ലേജുകളിൽ ഭൂ വിസ്തൃതിയിൽ കുറവ് വന്നിട്ടില്ല. ഒഴിവാക്കിയ 31 വില്ലേജുകളിൽ ഉൾപ്പെട്ട ഭൂമി 92 വില്ലേജുകളിൽ കൂട്ടി എടുക്കുകയാണ് ചെയ്തിട്ടുള്ളതെന്നാണ് കിഫ പറയുന്നത്. പരിസ്ഥിതിലോല മേഖലയിൽനിന്ന് ഏലമലക്കാടുകൾ, ചതുപ്പുകൾ, പട്ടയഭൂമി, തോട്ടം മേഖലകൾ എന്നിവയെ ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

ചെറുപട്ടണങ്ങളടക്കം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഖനനം, ക്വാറി, മണൽവാരൽ, താപോർജനിലയം, 20,000 ചതുരശ്ര മീറ്ററിലേറെയുള്ള കെട്ടിടങ്ങളും മറ്റുനിർമാണങ്ങളും, 50 ഹെക്ടറിലേറെയുള്ളതോ, ഒന്നരലക്ഷം ചതുരശ്രമീറ്ററിലേറെ നിർമാണമുള്ളതോ ആയ ടൗൺഷിപ്പ് അല്ലെങ്കിൽ മേഖലാ വികസനപദ്ധതികൾ, ചുവപ്പുഗണത്തിലുള്ള വ്യവസായങ്ങൾ എന്നിവക്ക് പരിസ്ഥിതിലോല പ്രദേശത്ത് പൂർണ നിയന്ത്രണമാണ് റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നത്. കേരളത്തിലെ 11 ജില്ലകളിൽ 37 ശതമാനം പ്രദേശങ്ങളിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കും. വീട് നിർമാണവും മറ്റ് വികസന പ്രവർത്തനങ്ങൾ സാധ്യമാകാത്ത നിലയാകുമെന്നാണ് ആരോപണം.

---- facebook comment plugin here -----

Latest