Kuwait
കുവൈത്തില്‍ പുതിയ താമസ നിയമത്തിന്റെ കരട് തയ്യാര്‍; വിസ നിയമങ്ങള്‍ ലംഘിക്കുന്നത് ഗുരുതര കുറ്റകൃത്യം
വിദേശികളുടെ താമസവുമായി ബന്ധപ്പെട്ട കര്‍ശന നിയമങ്ങളാണ് കരട് രേഖയില്‍ വ്യവസ്ഥ ചെയ്യുന്നത്.
കുവൈത്ത് സിറ്റി | കുവൈത്തില്‍ പുതിയ താമസ നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ താമസ നിയമത്തിലെ കരടിന് അംഗീകാരമായത്. വിദേശികളുടെ താമസവുമായി ബന്ധപ്പെട്ട കര്‍ശന നിയമങ്ങളാണ് കരട് രേഖയില്‍ വ്യവസ്ഥ ചെയ്യുന്നത്.
36 ആര്‍ട്ടിക്കുകള്‍ ഉള്‍പ്പെടുത്തികൊണ്ട് തയ്യാറാക്കിയിട്ടുള്ള കരട് നിയമത്തില്‍ മനുഷ്യക്കടത്ത്, വിസാ കച്ചവടം, സ്‌പോണ്‍സറുടെ കീഴില്‍ അല്ലാതെ ജോലി ചെയ്യല്‍, വിസക്കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങല്‍, തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് എതിരെ ശക്തമായ ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. വിദേശികളെ നാട് കടത്തുന്നതിനുള്ള നിയമങ്ങളും പിഴകളും ഉള്‍പ്പെടെയുള്ള പൊതു വ്യവസ്ഥകളും പുതിയ കരട് നിയമത്തില്‍ കൃത്യമായി നിര്‍വചിക്കുന്നുണ്ട്.
റിക്രൂട്ട്‌മെന്റ് സൗകര്യം ഉപയോഗിച്ച് എന്‍ട്രി വിസയോ താമസരേഖയോ വില്‍ക്കുന്നത് പുതിയ നിയമപ്രകാരം ഗുരുതര കുറ്റകൃത്യമായി കണക്കാക്കും. തൊഴില്‍ ഉടമക്ക് കീഴില്‍ അല്ലാതെ ജോലി ചെയ്യുന്നതും തൊഴിലാളിയെ റിക്രൂട്ട് ചെയ്ത തസ്തികക്ക് വിരുദ്ധമായി മറ്റു സ്ഥാപനങ്ങളിലേക്ക് ജോലിക്ക് പ്രേരിപ്പിക്കുന്നതും പുതിയ നിയമത്തില്‍ നിരോധിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് പ്രത്യേക അനുമതി ആവശ്യമാണ്.
തൊഴിലാളിയുടെ പ്രതിമാസ വേതനം കൃത്യമായി നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നതും കുറ്റകൃത്യമായി കണക്കാക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ മറ്റിടങ്ങളില്‍ ജോലി ചെയ്യുന്നത് പുതിയ കരട് നിയമം കര്‍ശനമായി വിലക്കുന്നുണ്ട്. താമസരേഖ കാലാവധി കഴിഞ്ഞവര്‍ക്ക് തൊഴില്‍ നല്‍കുന്നതും താമസത്തിന് സൗകര്യം നല്‍കുന്നതും കുറ്റകൃത്യമായി കണക്കാക്കും.
സ്‌പോണ്‍സര്‍ഷിപ്പ് വഴി രാജ്യത്തെത്തുന്നവര്‍ താമസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോയില്ലെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ വിവരം അറിയിക്കാന്‍ സ്‌പോണ്‍സര്‍ ബാധ്യസ്ഥനാണെന്നും കരട് നിയമം വ്യവസ്ഥ ചെയ്യുന്നു. പുതിയ കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിനാല്‍ അമീറിന്റെ അംഗീകാരത്തോടെ നിയമം പ്രാബല്യത്തിലാകും.