Connect with us

Kerala

നാടകീയ നീക്കങ്ങൾ; സജി ചെറിയാൻ രാജിവെച്ചു

നിർണായകമായത് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ

Published

|

Last Updated

തിരുവനന്തപുരം |  ഭരണഘടനയെ അവഹേളിച്ചെന്ന ആരോപണത്തില്‍ കുടുങ്ങി സാംസ്കാരിക ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ മന്ത്രിസഭക്ക് പുറത്ത്. തലസ്ഥാനത്തെ നാടകീയ നീക്കങ്ങൾക്ക് ഒടുവിൽ സജി ചെറിയാൻ രാജിവെച്ചു. തികച്ചും അപ്രതീക്ഷിതമായാണ് രാജിപ്രഖ്യാപനം. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അദ്ദേഹം രാജിക്കത്ത് കെെമാറി. തുടർന്ന് അദ്ദേഹം മാധ്യമങ്ങളെ കണ്ട് രാജിപ്രഖ്യാപനം നടത്തി. സ്വതന്ത്രമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഭരണഘടനയെയും നിയമവ്യവസ്ഥയെയുമെല്ലാം അങ്ങേയറ്റം ബഹുമാനിക്കുകയും അതിനോട് കൂറു പുലര്‍ത്തുകയും ചെയ്യുന്ന വ്യക്തിയാണ് താനും തന്റെ പാര്‍ട്ടിയുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാ സംരക്ഷണം രാഷ്ട്രീയ ഉത്തരവാദിത്തമാണ്. ഒരു മണിക്കൂര്‍ മാത്രം നീണ്ട എന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെയും ഇടത് മുന്നണി സര്‍ക്കാറിനെയും പ്രതിസന്ധിയിലാക്കിയെന്ന് ഞാന്‍ മനസ്സിലാക്കുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം വേദനിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് തിരുവനന്തപുരം എ കെജ ജി സെന്ററിൽ ചേർന്ന  സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിൽ മന്ത്രി രാജിവെക്കേണ്ടതില്ല എന്നാണ് തീരുമാനിച്ചിരുന്നത്. യോഗത്തിൽ സജി ചെറിയാന് എതിരെ ശക്തമായ വിമർശം ഉയർന്നുവെങ്കിലും തത്കാലം രാജി വേണ്ടെന്നായിരുന്നു പൊതു അഭിപ്രായം. എന്നാൽ ഉച്ചക്ക് ശേഷം കാര്യങ്ങൾ മാറിമറിഞ്ഞു.

ഭരണഘടനയെ അവഹേളിക്കും വിധം പ്രസംഗിച്ച മന്ത്രി അധികാരത്തിൽ തുടരുന്നത് മന്ത്രിസഭക്ക് തന്നെ ഭീഷണിയാകുമെന്ന കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലാണ് രാജിയിൽ നിർണായകമായത്. ഘടകകക്ഷികളും ഇതേ നിലപാട് സ്വീകരിച്ചതോടെ രാജിയല്ലാതെ മറ്റു മാർഗമില്ലെന്ന് വ്യക്തമായി. കൂടാതെ ഭരണഘടനയെ അവഹേളിച്ചത് നിയമപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും രാജി വെച്ച് മുഖം രക്ഷിക്കുന്നതാണ് നല്ലതെന്ന് നിയമവിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയൻ സജി ചെറിയാനെ നേരിട്ട് വിളിപ്പിച്ച് രാജി ആവശ്യപ്പെടുകയായിരുന്നു.

ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി വിവാദപരാമര്‍ശം നടത്തിയത്. ബ്രിട്ടീഷുകാര്‍ പറഞ്ഞത് ഇന്ത്യക്കാര്‍ എഴുതിവെച്ചതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണിതെന്നുമുള്ള വിവാദപരാമര്‍ശങ്ങളാണ് സജി ചെറിയാന്‍ നടത്തിയത്.

പരാമർശം വിവാദമായതോടെ പ്രതിപക്ഷം സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് രംഗത്ത് വരികയായിരുന്നു. ഇന്ന് നിയമസഭയിലും പ്രതിപക്ഷം രൂക്ഷമായ ആക്രമണം നടത്തി. നിയമസഭ കൂടിയ ഉടന്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ പ്ലാക്കാര്‍ഡുകളേന്തി മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ ഇങ്ങുകയായിരുന്നു. തുടര്‍ന്ന് ചോദ്യോത്തര വേള തടസ്സപ്പെട്ടു. സഭാ നടപടികള്‍ ബഹളത്തില്‍ മുങ്ങിയതോടെ ചോദ്യോത്തര വേള റദ്ദാക്കി ധനാഭ്യര്‍ഥനകള്‍ മാത്രം പരിഗണിച്ച് സ്പീക്കര്‍ സഭ പിരിഞ്ഞതായി പ്രഖ്യാപിക്കുകയായിരുന്നു. വെറും എട്ട് മിനുട്ട് മാത്രമാണ് സഭ ചേര്‍ന്നത്.

സജി ചെറിയാന് എതിരെ പ്രതിപക്ഷ ഗവര്‍ണര്‍ക്കും പരാതി നല്‍കിയിരുന്നു. പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് ഗവര്‍ണര്‍ പ്രസംഗം ഹാജരാക്കാന്‍ ചീഫ് സെക്രട്ടറിക്ക് ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് എതിരഭിപ്രായം ഉണ്ടായാല്‍ അത് തിരിച്ചടിയാകുമെന്നു‌ പാർട്ടി കണക്കുകൂട്ടിയിരുന്നു.

Latest