Business
അടിമുടി മാറ്റം; സ്വിഫ്‌റ്റ് ഡിസയർ അടുത്ത മാസം 11ന് വിപണിയിൽ
പുതിയ മോഡലിന് ഐക്കണിക് സ്വിഫ്റ്റ് തീമിൽ നിന്ന് വലിയ വ്യത്യാസമുണ്ട്. ഫ്രണ്ട് ഫാസിയയ്ക്ക് വിശാലമായ ഗ്രില്ലും നേർത്ത ഫുൾ എൽഇഡി ഹെഡ്‌ലാമ്പുകളും പുതുതായി ഇടംപിടിച്ചിരിക്കുന്നു.
മാരുതി സുസുക്കിയുടെ ഏറ്റവും ജനപ്രിയമായ ഹാച്ച്ബാക്ക് സ്വിഫ്‌റ്റ് ഡിസയറിൻ്റെ (Maruti Suzuki Dzire) നാലാം തലമുറ വിപണിയിലെത്തുന്നു. അടുത്ത മാസം 11ന് വാഹനം പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. അടിമുടി മാറ്റവുമായാണ് ഡിസയർ വരുന്നത്.
ഫ്രഷ് ഡിസൈൻ
ഡിസയറിൻ്റെ ചിത്രങ്ങൾ ഓൺലൈനിൽ ഇതിനകം പ്രചരിച്ചിരുന്നു. അടിമുടി മാറ്റവുമായാണ് പുതിയ ഡിസയർ വരുന്നതെന്ന് ഇതിൽനിന്ന് ഉറപ്പായി. ഐക്കണിക് സ്വിഫ്റ്റ് തീമിൽ നിന്ന് വലിയ വ്യത്യാസമുണ്ട്. ഫ്രണ്ട് ഫാസിയയ്ക്ക് വിശാലമായ ഗ്രില്ലും നേർത്ത ഫുൾ എൽഇഡി ഹെഡ്‌ലാമ്പുകളും പുതുതായി ഇടംപിടിച്ചിരിക്കുന്നു. കൂടാതെ, ബോണറ്റ് കൂടുതൽ നീളവും പരന്നതുമാണ്. മൾട്ടി-സ്പോക്ക് അലോയ് വീലുകളുമുണ്ട്. നേരത്തേയുള്ള മോഡലിൽ നിന്ന് വ്യത്യസ്തമായി പിൻഭാഗവും പൂർണ്ണമായും പുതിയതാണ്.
ക്യാബിനും ഫീച്ചറുകളും
പുതിയ തലമുറ മാരുതി സുസുക്കി ഡിസയറിൻ്റെ വീൽബേസ് മുമ്പുള്ളതിന് സമാനമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, പിൻ സീറ്റ് അൽപ്പം പിന്നിലേക്കായിരിക്കുമെന്നാണ് റിപ്പോർട്ട്. ഇത് കൂടുതൽ ബൂട്ട് സ്‌പേസ് നൽകും. ബീജ് ഹൈലൈറ്റുകളോട് കൂടിയ ഡ്യുവൽ ടോൺ ഇൻ്റീരിയറാണ് നൽകിയിരിക്കുന്നത്. പതിവുപോലെ പവർ വിൻഡോകൾ, സെൻ്റർ ലോക്കിംഗ്, 6 എയർബാഗുകൾ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, റിയർ ഡീഫോഗർ എന്നിവയും ഉറപ്പാണ്.
എഞ്ചിനും ഗിയർബോക്സും
പുതിയ ഇസഡ്-സീരീസ് 1.2 എൽ 3-പോട്ട് പെട്രോൾ മോട്ടോറാണ് പുതുക്കിയ ഡിസയറിന് നൽകുക. ഇത് യഥാക്രമം 81.58 Hp, 112 Nm എന്നിവയുടെ പീക്ക് പവറും ടോർക്ക് ഔട്ട്പുട്ടും നൽകും. രണ്ട് ട്രാൻസ്മിഷൻ ചോയിസുകൾ ഉണ്ടാകും – 5-സ്പീഡ് MT, 5-സ്പീഡ് AMT. കൂടാതെ, ഫാക്‌ടറിയിൽ ഘടിപ്പിച്ച സിഎൻജി ഓപ്‌ഷനും ഉണ്ടാകും.
വില
നിലവിൽ, ഡിസയറിന് 6.57 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില. പുതുക്കിയ മോഡൽ 6.99 ലക്ഷം രൂപയിലാകും തുടങ്ങുകയെന്നാണ് പ്രതീക്ഷ. ആകെ 5 വേരിയൻ്റുകൾ ഉണ്ടാകാം – LXI, VXI, VXI(O), ZXI, ZXI+. പുതിയ ഡിസയർ ഹോണ്ട അമേസ്, ഹ്യുണ്ടായ് ഓറ, ടാറ്റ ടിഗോർ എന്നിവയ്ക്ക് എതിരാളിയാകും എന്നത് ഉറപ്പാണ്.