Editorial
ദ്രൗപദി മുര്‍മു: ഇത് ചരിത്ര നിയോഗം
ദ്രൗപദി മുര്‍മു മൊത്തം വോട്ട് മൂല്യത്തിന്റെ 64.03 ശതമാനം നേടിയാണ് പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ പരാജയപ്പെടുത്തിയത്. 5,28,491 വോട്ട് മൂല്യമാണ് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടാന്‍ വേണ്ടത്. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് രാഷ്ട്രപതി പദവിയിലേക്കെത്തിയ ആദ്യ വ്യക്തിയെന്ന പ്രത്യേകത കൂടിയുണ്ട് മുര്‍മുവിന്.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാമത് വാര്‍ഷിക ആഘോഷ വേളയില്‍ മറ്റൊരു ചരിത്രം കൂടി. ആദിവാസി-ഗോത്ര വിഭാഗത്തില്‍ നിന്നൊരു വനിത രാഷ്ട്രപതി പദവിയിലെത്തിയിരിക്കുന്നു. ഒഡീഷയില്‍ നിന്നുള്ള ആദിവാസി വനിതാ നേതാവും എന്‍ ഡി എ സ്ഥാനാര്‍ഥിയുമായ ദ്രൗപദി മുര്‍മു മൊത്തം വോട്ട് മൂല്യത്തിന്റെ 64.03 ശതമാനം നേടിയാണ് പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ പരാജയപ്പെടുത്തിയത്. 5,28,491 വോട്ട് മൂല്യമാണ് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടാന്‍ വേണ്ടത്. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് രാഷ്ട്രപതി പദവിയിലേക്കെത്തിയ ആദ്യ വ്യക്തിയെന്ന പ്രത്യേകത കൂടിയുണ്ട് മുര്‍മുവിന്. ബി ജെ പിക്കും സഖ്യകക്ഷികള്‍ക്കും പുറമെ ബി ജെ ഡി, ബി എസ് പി, വൈ എസ് ആര്‍ കോണ്‍ഗ്രസ്സ്, ശിരോമണി അകാലിദള്‍, ശിവസേന, ജെ എം എം എന്നീ പാര്‍ട്ടികളുടെ പിന്തുണയും മുര്‍മുവിന് ലഭിക്കുകയുണ്ടായി. രാജ്യത്തെ രണ്ടാമത്തെ വനിതാ രാഷ്ട്രപതിയാണ് മുര്‍മു. പ്രതിഭാ പാട്ടീലാണ് ആദ്യത്തെ പ്രഥമ വനിതയായി രാഷ്ട്രപതി ഭവനിലെത്തിയ ത്. 2007ലായിരുന്നു ഇത്.
അപ്രതീക്ഷിത നീക്കത്തിനൊടുവിലാണ് എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ദ്രൗപദി മുര്‍മു എത്തിയത്. വെങ്കയ്യ നായിഡു, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയവരുടെ പേരുകളാണ് തുടക്കത്തില്‍ ബി ജെ പി കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നു കേട്ടിരുന്നത്. ഏതാണ്ട് അവസാന നിമിഷത്തിലാണ് മുര്‍മുവിന്റെ പേര് ഉയര്‍ന്നത്. കഴിഞ്ഞ തവണ രാംനാഥ് കോവിന്ദിനെ സ്ഥാനാര്‍ഥിയാക്കിയതു പോലെ ഇത്തവണ ദ്രൗപദി മുര്‍മുവിന് അവസരം നല്‍കിയതിലും തികഞ്ഞ രാഷ്ട്രീയ തന്ത്രവും ലക്ഷ്യവുമുണ്ട്. വരേണ്യ വര്‍ഗത്തിന്റെ പാര്‍ട്ടിയാണ് ബി ജെ പിയെന്ന പ്രചാരണത്തിനു തടയിടുകയും പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് പാര്‍ട്ടി അര്‍ഹമായ പരിഗണന നല്‍കുന്നുവെന്ന തോന്നലുണ്ടാക്കുകയുമായിരുന്നു 2017ല്‍ രാംനാഥ് കോവിന്ദിനെ പരിഗണിച്ചതിന്റെ മുഖ്യ ലക്ഷ്യമെങ്കില്‍, ഗോത്ര വര്‍ഗത്തിലും ഗോത്രമേഖലകളിലും ബി ജെ പിയുടെ സ്വാധീനം വര്‍ധിപ്പിക്കുകയാണ് മുര്‍മുവിനെ രാഷ്ട്രപതി ഭവനിലെത്തിക്കുന്നതിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതു വഴി അടുത്ത് നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ നേട്ടം കൈവരിക്കാനാകുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
ഛത്തീസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. യഥാക്രമം 32, 30, 21, 15 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ ജനസംഖ്യയില്‍ ആദിവാസികളുടെ ശതമാനം. രാജസ്ഥാനിലെ ബന്‍സ്വാഡ മേഖലയില്‍ ജനസംഖ്യയുടെ 70 ശതമാനത്തിലേറെ ഗോത്രവര്‍ഗക്കാരാണ്. ഈ നാല് സംസ്ഥാനങ്ങളിലും കൂടി ഗോത്ര വര്‍ഗക്കാര്‍ക്കായി 128 സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. ഇതില്‍ 86 സീറ്റുകളും കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനാണു ലഭിച്ചത്. ബി ജെ പിക്ക് ലഭിച്ചത് 35 എണ്ണമാണ്. അടുത്ത തിരഞ്ഞെടുപ്പോടെ ഗോത്ര മേഖലയില്‍ കോണ്‍ഗ്രസ്സിനു മേല്‍ സ്വാധീനം നേടാനാണ് ബി ജെ പി കരുക്കള്‍ നീക്കുന്നത്. പ്രാദേശിക കക്ഷികള്‍ക്ക് സ്വാധീനമുള്ള പശ്ചിമ ബംഗാള്‍, ഒഡീഷ, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ ബി ജെ പിയുടെ വളര്‍ച്ചക്കും ഗോത്രവര്‍ഗ വനിത രാഷ്ട്രപതി പദവിയിലെത്തുന്നത് സഹായകമാകുമെന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നു. “ദരിദ്രര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും താഴെത്തട്ടിലുള്ളവര്‍ക്കും പ്രതീക്ഷയുടെ കിരണമാണ് മുര്‍മു’ എന്നാണ് അവരുടെ വിജയത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. മാത്രമല്ല, മുര്‍മുവിനെ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി ഡല്‍ഹിയിലെ അവരുടെ താത്കാലിക വസതിയില്‍ നേരിട്ടെത്തുകയുമുണ്ടായി.
ഒരു ആലങ്കാരിക പദവിയാണ് രാഷ്ട്രപതി സ്ഥാനമെന്ന് ഭരണഘടനാ ശില്‍പ്പികള്‍ തന്നെയാണ് പറഞ്ഞത്. പരമോന്നതാധികാരി, രാജ്യത്തിന്റെ പ്രഥമ പൗരന്‍, ഭരണഘടനയുടെ കാവല്‍ക്കാരന്‍ എന്നൊക്കെയാണ് രാഷ്ട്രപതി വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും രാജ്യ ഭരണത്തിന്റെ നേതൃത്വം പ്രധാനമന്ത്രിക്കാണ.് ഇക്കാര്യത്തില്‍ രാഷ്ട്രപതി ഭവന് ഒരു റോളുമില്ല. പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാര്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക, പാര്‍ലിമെന്റ് പാസ്സാക്കുന്ന നിയമങ്ങളില്‍ ഒപ്പിടുക, രാജ്യസഭയിലേക്ക് രണ്ട് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ നാമനിര്‍ദേശം ചെയ്യുക, വധശിക്ഷ, കുറ്റകൃത്യത്തിനുള്ള ശിക്ഷ, സൈനിക കോടതിയുടെ ശിക്ഷ തുടങ്ങിയവ ഇളവു ചെയ്യുക, യുദ്ധം, സായുധ കലാപം, ബാഹ്യ ആക്രമണം തുടങ്ങിയ സാഹചര്യങ്ങളില്‍ രാജ്യത്താകെയോ ഒരു പ്രദേശത്ത് മാത്രമായോ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക, ലോക്‌സഭ പിരിച്ചു വിടുക തുടങ്ങി നിരവധി അധികാരങ്ങള്‍ രാഷ്ട്രപതിക്കു നല്‍കുന്നുണ്ടെങ്കിലും ഇതെല്ലാം കേന്ദ്ര മന്ത്രിസഭയുടെ നിര്‍ദേശാനുസാരമായിരിക്കും. മന്ത്രിസഭയുടെ ഉപദേശത്തിന് വിരുദ്ധമായി രാഷ്ട്രപതിക്ക് ഒന്നും ചെയ്യാനാകില്ല. അപ്രസക്തരായ രാഷ്ട്രീയ നേതാക്കള്‍ക്ക് വിരമിച്ച ശേഷം സൗകര്യങ്ങളോടെ കഴിയാന്‍ ഭരണത്തിലുള്ള പാര്‍ട്ടിക്കാര്‍ നല്‍കുന്ന സൗജന്യമെന്ന് രാഷ്ട്രപതി, ഗവര്‍ണര്‍ സ്ഥാനങ്ങളെക്കുറിച്ച് പറയപ്പെടുന്നതും ഇതുകൊണ്ടായിരിക്കണം.
പദവി ആലങ്കാരികമെങ്കിലും മികച്ച ശമ്പളവും ആനുകൂല്യവും രാഷ്ട്രം അവര്‍ക്കു നല്‍കുന്നുണ്ട്. അഞ്ച് ലക്ഷം രൂപ പ്രതിമാസ ശമ്പളം (2018 വരെ 1.50 ലക്ഷം രൂപയായിരുന്നു. 2018ലാണ് അഞ്ച് ലക്ഷമായി ഉയര്‍ത്തിയത്), നിരവധി അലവന്‍സുകള്‍, യാത്രക്കായി മെഴ്‌സിഡസ് ബെന്‍സ് എസ് 600 പുള്‍മാന്‍ ഗാര്‍ഡ് വാഹനം, സൗജന്യ ചികിത്സ, ടെലിഫോണ്‍ ബില്‍, വീട്, വൈദ്യുതി, 86 അംഗ രക്ഷകര്‍ (പ്രസിഡന്‍ഷ്യല്‍ ബോഡി ഗാര്‍ഡുകള്‍), രാഷ്ട്രപതി സ്ഥാനത്തു നിന്ന് വിരമിച്ചാല്‍ ഒന്നര ലക്ഷം രൂപ പെന്‍ഷന്‍, താമസത്തിന് എല്ലാ സൗകര്യങ്ങളോടും കൂടിയ ബംഗ്ലാവ്, ഔദ്യോഗിക വാഹനവും അതിനുള്ള അലവന്‍സും, അഞ്ച് പരിചാരകര്‍, സൗജന്യ ചികിത്സ, ആജീവനാന്തം ലോകത്തെവിടെയും വിമാനത്തിലോ ട്രെയിനിലോ സൗജന്യയാത്ര, യാത്രയില്‍ ഒരു സഹായി എന്നിങ്ങനെ നീളുന്നു ആനുകൂല്യങ്ങള്‍. രാജഭരണത്തെ അനുസ്മരിപ്പിക്കുന്ന സൗകര്യങ്ങള്‍! എങ്കിലും ഇന്ത്യ ജനാധിപത്യ രാജ്യമെന്ന് ഉരുവിട്ടു കൊണ്ടിരിക്കുന്നു നാം.