National
ചരിത്രം പിറന്നു; ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി സ്ഥാനമേറ്റു
രാവിലെ 10.14 ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തത്.

ന്യൂഡല്‍ഹി | രാജ്യത്തെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സ്ഥാനമേറ്റു. ഇന്ന് രാവിലെ 10.14 ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തത്.തുടര്‍ന്ന്, സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദും പുതിയ രാഷ്ട്രപതിയും ഇരിപ്പിടങ്ങള്‍ പരസ്പരം മാറി.പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞച്ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികള്‍, മൂന്നുസേനകളുടെയും മേധാവികള്‍, പാര്‍ലമെന്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത എന്നതിന് പുറമെ ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുമുള്ള ആദ്യ രാഷ്ട്രപതി എന്ന പെരുകൂടിയുണ്ട് മുര്‍മുവിന്. റായ്‌സിന കുന്നിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്നി നേട്ടങ്ങളും ദ്രൗപദി മുര്‍മുവിനാണ്
രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പമാണ് നിയുക്ത രാഷ്ട്രപതി പാര്‍ലമെന്റില്‍ എത്തിയത്. ചടങ്ങ് നടക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്ന് രണ്ടു മണിക്ക് മാത്രമേ ചേരുകയുള്ളു. പാര്‍ലമെന്റിന് ചുറ്റുമുള്ള 30 ഓഫീസുകള്‍ക്ക് ഉച്ചവരെ അവധി നല്‍കി. പുതിയ രാഷ്ട്രപതിയുടെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ വലിയ സുരക്ഷയാണ് ഒരുക്കിയിരുന്നത്.
സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിക്ക് ദ്രൗപതി മുര്‍മു ആദരമര്‍പ്പിച്ചു