Connect with us

Ongoing News

ദ്രാവിഡ് പടിയിറങ്ങും; പുതിയ പരിശീലകനായി അപേക്ഷ ക്ഷണിക്കാനൊരുങ്ങി ബി സി സി ഐ

പരിശീലകനാകാന്‍ താത്പര്യമുണ്ടെങ്കില്‍ ദ്രാവിഡിനും അപേക്ഷിക്കാമെന്നും എന്നാല്‍ മുമ്പത്തെ പോലെ കാലാവധി നീട്ടിനല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബി സി സി ഐ സെക്രട്ടറി ജയ് ഷാ.

Published

|

Last Updated

മുംബൈ | ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഹെഡ് കോച്ച് പദവിയില്‍ നിന്ന് പടിയിറങ്ങാനൊരുങ്ങി രാഹുല്‍ ദ്രാവിഡ്. പുതിയ കോച്ചിനായി അപേക്ഷ ക്ഷണിക്കാന്‍ തീരുമാനിച്ചതായി ഇക്കാര്യം സ്ഥിരീകരിച്ചു കൊണ്ട് ബി സി സി ഐ സെക്രട്ടറി ജയ് ഷാ വെളിപ്പെടുത്തി.

ജൂണിലാണ് ദ്രാവിഡിന്റെ കരാര്‍ കാലാവധി അവസാനിക്കുന്നത്. 2021 നവംബര്‍ മുതല്‍ ഹെഡ് കോച്ച് പദവി വഹിച്ചു വരികയാണ് ദ്രാവിഡ്. 2023ലെ ലോകകപ്പിനു ശേഷം അദ്ദേഹത്തിന്റെ കാലാവധി നീട്ടിനല്‍കിയിരുന്നു. വീണ്ടും കാലാവധി നീട്ടിനല്‍കാന്‍ ബി സി സി ഐക്ക് താത്പര്യമില്ലെന്നാണ് പുതിയ പരിശീലകനെ തേടി അപേക്ഷ ക്ഷണിക്കാനുള്ള ബോര്‍ഡിന്റെ തീരുമാനത്തില്‍ നിന്ന് വെളിവാകുന്നത്. പരിശീലകനാകാന്‍ താത്പര്യമുണ്ടെങ്കില്‍ ദ്രാവിഡിനും അപേക്ഷിക്കാമെന്നും എന്നാല്‍ മുമ്പത്തെ പോലെ കാലാവധി നീട്ടിനല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജയ് ഷാ വ്യക്തമാക്കി.

വിദേശ കോച്ചിനെ തേടാനുള്ള സാധ്യതകള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. അന്താരാഷ്ട്ര തലത്തിലെ മറ്റു ചില ക്രിക്കറ്റ് ബോര്‍ഡുകള്‍ ചെയ്യുന്നതു പോലെ ഓരോ ഫോര്‍മാറ്റിനും വ്യത്യസ്ത പരിശീലകരെ നിയമിക്കാനും ബി സി സി ഐക്ക് ഉദ്ദേശ്യമില്ലെന്ന് ഷാ പറഞ്ഞു.

ടീം ഇന്ത്യ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങാനിരിക്കുന്നതിനിടെയാണ് ബി സി സി ഐയുടെ പുതിയ നീക്കം.

Latest