Connect with us

From the print

സ്വപ്ന സാക്ഷാത്കാരം; വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനസജ്ജം

ആദ്യ മദര്‍ ഷിപ് 12ന്. ലൊക്കേഷന്‍ കോഡില്‍ ഇടംനേടി നെയ്യാറ്റിന്‍കരയും.

Published

|

Last Updated

തിരുവനന്തപുരം | കാത്തിരിപ്പിന് വിരാമമിട്ട് വിഴിഞ്ഞം രാജ്യാന്തര തുറമുഖം പദ്ധതി യാഥാര്‍ഥ്യമാകുന്നു. ആദ്യ മദര്‍ ഷിപ് 12ന് എത്തും. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നുള്ള കപ്പലാണ് എത്തുന്നത്. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. മദര്‍ ഷിപ്പിന് വന്‍സ്വീകരണം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.

വാണിജ്യാടിസ്ഥാനത്തില്‍ തുറമുഖം പ്രവര്‍ത്തനക്ഷമമാകുന്നതിന്റെ ആദ്യപടിയായാണ് മദര്‍ ഷിപ് എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാര്‍ അടക്കം നിരവധി പേര്‍ സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കുമെന്ന് തുറമുഖ എം ഡി ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സ്വാഗതസംഘ രൂപവത്കരണത്തിനായി തുറമുഖ മന്ത്രി വി എന്‍ വാസവന്‍ ഇന്ന് യോഗം വിളിച്ചിട്ടുണ്ട്.

ചരക്കുനീക്കത്തിന്റെ തുടക്കത്തില്‍ മദര്‍ ഷിപ്പില്‍ നിന്ന് ചെറിയ കണ്ടെയ്നര്‍ കപ്പലുകളിലേക്ക് ചരക്ക് മാറ്റി തുറമുഖത്ത് എത്തിക്കാനാണ് പദ്ധതി.

നേരത്തേ ഇറക്കുമതി, കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള കസ്റ്റംസിന്റെ അനുമതി വിഴിഞ്ഞം തുറമുഖത്തിന് ലഭിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യയുടെ ആദ്യ ട്രാന്‍സ്ഷിപ്‌മെന്റ്തുറമുഖമായി പ്രവര്‍ത്തിക്കാനുള്ള അനുമതിയും ലഭിച്ചിരുന്നു. റോഡ്, റെയില്‍ മാര്‍ഗങ്ങളിലൂടെയും ആഭ്യന്തര തുറമുഖങ്ങളില്‍ നിന്ന് ചെറുകപ്പലുകളിലും എത്തുന്ന ചരക്കുകള്‍ വലിയ ചരക്കുകപ്പലിലേക്ക് മാറ്റി വിദേശങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളിലേക്കും തിരിച്ചും അയക്കുന്നവയാണ് ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖങ്ങള്‍.

ഏത് വലിയ കപ്പലിനും അടുക്കാം
കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളും അദാനി ഗ്രൂപ്പും ചേര്‍ന്നുള്ള പൊതു- സ്വകാര്യ പങ്കാളിത്ത പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. ലോകത്തെ ഏത് വലിയ കപ്പലിനും വിഴിഞ്ഞം തുറമുഖത്ത് അടുക്കാം. രാജ്യാന്തര കപ്പല്‍പ്പാതക്ക് തൊട്ടടുത്താണെന്നത് കൂടുതല്‍ ആകര്‍ഷണമാകും. മാത്രമല്ല, 24 മീറ്റര്‍ സ്വാഭാവിക ആഴമുണ്ടെന്നതും 800 മീറ്റര്‍ ബെര്‍ത്താണ് സജ്ജമാകുന്നതെന്നതും പ്രത്യേകതയാണ്. രാജ്യാന്തര കപ്പല്‍പ്പാതയില്‍ നിന്നുള്ള അകലം, സ്വാഭാവിക ആഴക്കുറവ്, ചെറിയ ബെര്‍ത്തുകള്‍ എന്നിവയാണ് മദര്‍ ഷിപ്പുകളെ ഇന്ത്യയില്‍ നിന്ന് അകറ്റിനിര്‍ത്തുന്നത്.

കണ്ടെയ്നറുകളുടെ നീക്കത്തിനായി 32 ക്രെയിനുകളുണ്ടാകും. ഇതില്‍ 31 എണ്ണവും എത്തി. നിലവില്‍ ഇന്ത്യയുടെ കടല്‍വഴിയുള്ള രാജ്യാന്തര ചരക്കുനീക്കത്തിന്റെ മുഖ്യപങ്കും നടക്കുന്നത് കൊളംബോ, സിംഗപൂര്‍, യു എ ഇ ജബല്‍ അലി തുറമുഖങ്ങളിലൂടെയാണ്.

ലൊക്കേഷന്‍ കോഡ്
തുറമുഖത്തിന് കഴിഞ്ഞ ദിവസം ലൊക്കേഷന്‍ കോഡും ലഭിച്ചു. IN NYY 1 എന്നതാണ് കോഡ്. ഇതില്‍ ഐ എന്‍ എന്നത് ഇന്ത്യ എന്നാണ് സൂചിപ്പിക്കുന്നത്. എന്‍ വൈ വൈ നെയ്യാറ്റിന്‍കരയുടെ ചുരുക്കമാണ്. ഒന്ന് സീപോര്‍ട്ട് എന്നതിനെ സൂചിപ്പിക്കും. IN VZJ 1 എന്നത് നിലവിലുള്ള തുറമുഖത്തിന്റെ ലൊക്കേഷന്‍ കോഡ് ആയതിനാല്‍ പിന്നീട് പരിഗണിക്കുക താലൂക്കിന്റെ ചുരുക്കപ്പേരാണ്. അതിനാലാണ് ഐ എന്‍ എന്‍ വൈ വൈ 1 എന്ന് ലഭിച്ചത്.

 

 

 

 

 

 

Latest