Connect with us

Kavalappara

സ്വപ്‌നങ്ങളെ ചേർത്തുപിടിച്ചു; സ്നേഹ ഭവനങ്ങളൊരുങ്ങി

കവളപ്പാറയിൽ നിർമിച്ച 14 വീടുകൾ കാന്തപുരം സമർപ്പിച്ചു

Published

|

Last Updated

മലപ്പുറം | ദുരന്തത്തിന്റെ കണ്ണുനീർ ചാലിട്ടൊഴുകിയ കവളപ്പാറയിർ സ്നേഹ സാന്ത്വനം പെയ്തിറങ്ങി. ഉരുൾപൊട്ടലിൽ വീണുടഞ്ഞുപോയ സ്വപ്‌നങ്ങൾക്ക് നിറംപകർന്ന് എടക്കര കവളപ്പാറ സ്നേഹതീരത്ത് കേരള മുസ്‌ലിം ജമാഅത്ത് നിർമിച്ച ദാറുൽഖൈർ വീടുകൾ കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ്കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സമർപ്പിച്ചു.
ദുരിതമനുഭവിക്കുന്നവരെ ചേർത്ത് പിടിക്കുക എന്നത് ഇസ്‌ലാമിക പാഠങ്ങളാണെന്നും അതിന്റെ പൂർത്തീകരണമാണ് പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്നും കാന്തപുരം പറഞ്ഞു. പ്രൗഢമായ സദസ്സിൽ ഓൺലൈനിലൂടെയാണ് വീടുകളുടെ സമർപ്പണം നടത്തിയത്. ചടങ്ങ് പി വി അൻവർ എം എൽ എ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽബുഖാരി അധ്യക്ഷത വഹിച്ചു. വീടുകളുടെ താക്കോൽദാന ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

2019 ആഗസ്റ്റിൽ തിമിർത്തുപെയ്ത മഴയിൽ മുത്തപ്പൻകുന്നിന്റെ മുകളിൽ നിന്ന് മണ്ണും കല്ലും കവളപ്പാറയുടെ ചെരുവിലേക്ക് കുത്തിയൊലിച്ച് 59 ജീവനുകളാണ് അപഹരിച്ചത്. 11 ജീവനുകൾ ഇന്നും കാണാമറയത്താണ്. 44 വീടുകളാണ് തകർന്നത്. സമാനതകളില്ലാത്ത പുനരധിവാസ പദ്ധതിയാണ് കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും കേരള മുസ്‌ലിം ജമാഅത്ത് നടപ്പാക്കിയത്. പുത്തുമലയിലെ 13 വീടുകളുടെ സമർപ്പണത്തിന് ശേഷമാണ് കവളപ്പാറയിലെ 14 വീടുകൾ ഇന്നലെ സമർപ്പിച്ചത്.

പി വി അൻവർ എം എൽ എ മുഖേന കേരള മുസ്‌ലിം ജമാഅത്തിന് കൈമാറിയ 76 സെന്റ് ഭൂമിയിലാണ് 13 വീടുകൾ നിർമിച്ചത്. ഇതിന് പുറത്തുള്ള സ്ഥലത്താണ് മറ്റൊരു വീട്. പ്രദേശത്ത് 13 വീട്ടുകാർക്കുമായി കിണറും കൾച്ചറൽ സെന്ററും വാട്ടർ ടാങ്കുകളും നിർമിച്ചിട്ടുണ്ട്. പ്രവാസി ഘടകമായ ഐ സി എഫിന്റെ സഹായത്തോടെയാണ് വീടുകളുടെ നിർമാണം പൂർത്തിയാക്കിയത്.

സമർപ്പണ ചടങ്ങിൽ വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, അബൂഹനീഫൽ ഫൈസി തെന്നല, എൻ അലി അബ്ദുല്ല, കെ പി മിഖ്ദാദ് ബാഖവി, വി എസ് ജോയ്, പത്മാക്ഷൻ, ശരീഫ് കാരശ്ശേരി, കുറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി, ഒ ഐ സി തോമസ്, പരമേശ്വരൻ നമ്പൂതിരി, വി എസ് ഫൈസി, വി എൻ ബാപ്പുട്ടി ദാരിമി എടക്കര, പി എം മുസ്തഫ കോഡൂർ, പി കെ എം സഖാഫി പ്രസംഗിച്ചു. സി പി സൈതലവി ചെങ്ങര സ്വാഗതവും ഇബ്‌റാഹീം സഖാഫി ചുങ്കത്തറ നന്ദിയും പറഞ്ഞു.

റിപ്പോർട്ടർ, മലപ്പുറം ബ്യൂറോ