Kerala
രണ്ടര വര്‍ഷം കൊണ്ട് 18 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിച്ചു: മന്ത്രി റോഷി അഗസ്റ്റിന്‍
നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടമാണിത്.
പത്തനംതിട്ട | കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ കാണിക്കുന്ന താത്പര്യം ഒരു പ്രധാനഘടകമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇച്ഛാശക്തിയുള്ള ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നിലപാടുകളുടെ ഫലമായാണ് കേരളം ഇന്ന് രാജ്യത്ത് ഒന്നമതായിരിക്കുന്നത്.
നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടമാണിത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഈ സര്‍ക്കാര്‍ അധികാരത്തിലേറും മുന്‍പ് 17 ലക്ഷം ഗ്രാമീണ കുടുംബങ്ങളിലാണ് കുടിവെള്ള കണക്ഷന്‍ ലഭിച്ചിട്ടുണ്ടായിരുന്നത്. രണ്ടര വര്‍ഷം കൊണ്ട് 18 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. 42,000 കോടി രൂപയുടെ വികസന പ്രവര്‍ത്തികള്‍ക്കാണ് ജലവിഭവ വകുപ്പിന് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ജനങ്ങളുടെ ഏറ്റവും അടിസ്ഥാനമായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.