Kozhikode
ഉരുട്ടി ഉന്നതിയിലെ പുനരധിവാസ മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
ജല്‍ജീവന്‍ പദ്ധതിയും നടപ്പായില്ല
നാദാപുരം | വിലങ്ങാട് ഉരുട്ടി ഉന്നതിയില്‍ കുടിവെള്ളക്ഷാമം. ഇതോടെ പ്രദേശവാസികള്‍ ദുരിതത്തിലായി. 2019ലെ ഉരുള്‍പൊട്ടലിനെ ത്തുടര്‍ന്ന് ഉരുട്ടി ഉന്നതിയില്‍ പുനരധിവാസത്തില്‍ കഴിയുന്ന 32ഓളം കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ ദുരിതം അനുഭവിക്കുന്നത്.
ഉരുട്ടി ഉന്നതിയില്‍ 64 കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ വീട് വെച്ച് നല്‍കിയത്. 2024 ജൂലൈ 30ന് രാത്രി വിലങ്ങാട് മലയോരത്ത് ഉരുള്‍പൊട്ടിയതോടെ വിലങ്ങാട് ഉന്നതികളിലെ 31ഓളം കുടുംബങ്ങളെ ഉദ്ഘാടനം കഴിയുന്നതിന് മുന്നേ പുനരധിവാസ മേഖലയിലേക്ക് മാറ്റുകയായിരുന്നു.
എന്നാല്‍ ഇവര്‍ക്ക് വേണ്ട കുടിവെള്ള സൗകര്യം ഒരുക്കിയിരുന്നില്ല. നവംബര്‍ മാസം കൂടി വെള്ളക്ഷാമം നേരിട്ടതോടെ വാണിമേല്‍ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചെങ്കിലും രണ്ട് തവണയാണ് വെള്ളമെത്തിച്ചതെന്ന് പറയുന്നു.
മലമുകളിലെ നീരുറവകളില്‍ നിന്ന് സ്വന്തം പണം മുടക്കി പൈപ്പ് വഴി വെള്ളമെത്തിച്ചെങ്കിലും മഴ മാറി വേനലിലേക്ക് കടക്കുമ്പോഴേക്കും ഉറവകള്‍ വറ്റി ജല ദൗര്‍ലഭ്യം തുടങ്ങി. കുടി വെള്ളത്തിനായി ജല്‍ജീവന്‍ പദ്ധതി ഉന്നതിയിലെത്തിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയെങ്കിലും ഉരുള്‍പൊട്ടല്‍ നടന്ന് അഞ്ച് മാസം പിന്നിട്ടിട്ടും നടപ്പാക്കിയില്ല. കുടിവെള്ളത്തിനായി വരള്‍ച്ചാ ഫണ്ട് അനുവദിക്കണമെങ്കില്‍ ഏപ്രില്‍ മാസമാകു മെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
കുടിവെള്ളം നിലച്ചതോടെ ഭക്ഷണം പാകം ചെയ്യാന്‍ തല ച്ചുമടായാണ് വെള്ളം എത്തിക്കുന്നത്. ഉന്നതിയിലെ നിത്യ രോഗികളും കുട്ടികളുമടക്കം ദുരിതം അനുഭവിക്കുകയാണ്.