Connect with us

Kerala

ഡ്യൂട്ടിക്കിടെ മദ്യപാനം; കോന്നി അഗ്നിശമന സേനയിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വീസ് ഡയറക്ടര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവരെ മദ്യവുമായി കണ്ടെത്തിയത്.

Published

|

Last Updated

പത്തനംതിട്ട | ഡ്യൂട്ടിക്കിടെ മദ്യപിച്ച കോന്നി അഗ്നിശമന സേന നിലയത്തിലെ രണ്ട് ഉദ്യോഗസ്ഥരെ കോട്ടയം റീജ്യനല്‍ ഫയര്‍ ഓഫിസര്‍ സസ്പെന്‍ഡ് ചെയ്തു. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫിസര്‍മാരായ വി ആര്‍ അഭിലാഷ്, എസ് ശ്യാംകുമാര്‍ എന്നിവരാണ് സസ്പെന്‍ഷനിലായത്. ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വീസ് ഡയറക്ടര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവരെ മദ്യവുമായി കണ്ടെത്തിയത്.

കഴിഞ്ഞ മൂന്നിന് വൈകീട്ടാണ് ഡയറക്ടര്‍ അരുണ്‍ അല്‍ഫോണ്‍സ് മിന്നല്‍ പരിശോധന നടത്തിയത്. ഡയറക്ടര്‍ എത്തിയപ്പോള്‍ ശ്യാംകുമാറിനെ മദ്യവുമായി നില്‍ക്കുന്നതായാണ് കണ്ടത്. അന്ന് നിലയത്തിന്റെ ചുമതലയുള്ള അഭിലാഷുമായി ചേര്‍ന്ന് മദ്യപിക്കുകയായിരുന്നു എന്ന് ഇയാള്‍ ഡയറക്ടര്‍ക്ക് മൊഴി നല്‍കി.

ഇതിനെ തുടര്‍ന്ന് ജില്ലാ ഫയര്‍ ഓഫിസര്‍ കോന്നി നിലയത്തില്‍ എത്തി പ്രാഥമിക അന്വേഷണം നടത്തി കോട്ടയം റീജ്യനല്‍ ഫയര്‍ ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് റീജ്യനല്‍ ഫയര്‍ ഓഫിസര്‍ എ ആര്‍ അരുണ്‍കുമാര്‍ സസ്പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്. ഡയറക്ടറുടെ മിന്നല്‍ പരിശോധന സമയത്ത് നാലോളം പേര്‍ അനധികൃതമായി ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനിന്നിരുന്നതായും ഇവര്‍ക്കെതിരേ നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

Latest