Kerala
മദ്യപിച്ച് ലക്കുകെട്ട് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍
യാത്രക്കാരെ മറ്റ് വാഹനങ്ങളില്‍ കയറ്റി വിട്ടശേഷം, ബസ് കസ്റ്റഡിയിലെടുത്തു
![](https://assets.sirajlive.com/2022/02/police.jpg)
പത്തനംതിട്ട | മദ്യപിച്ച് അബോധാവസ്ഥയില്‍ ബസില്‍ ജോലി ചെയ്ത സ്വകാര്യ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി കുന്നന്താനം ആഞ്ഞിലിത്താനം ചിറയക്കുളം സിന്ധുഭവനത്തില്‍ സുധികുമാര്‍ (32) ആണ് കീഴ്വായ്പ്പൂര്‍ പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച്ച ഉച്ചക്ക് 11.55 ന് മല്ലപ്പള്ളി തിരുവല്ല റോഡില്‍ ഇസാഫ് ബേങ്കിന്റെ മുന്നിലാണ് മദ്യപിച്ച് അബോധാവസ്ഥയില്‍ സ്റ്റിയറിങ്ങിന്റെ മീതേ തലവച്ച് ലക്കുകെട്ടനിലയില്‍ ഇയാളെ കണ്ടത്.
ഇതുവഴിവന്ന കീഴ്വായ്പ്പൂര്‍ എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം ആള്‍ക്കൂട്ടം കണ്ട് നിര്‍ത്തി അന്വേഷിച്ചപ്പോഴാണ് ബസ് ഓടിക്കാന്‍ കഴിയാത്ത നിലയില്‍ ഡ്രൈവറെ പിടികൂടിയത്. സ്ഥലകാലബോധമില്ലാതെ പെരുമാറിയ ഇയാളെ ബ്രീത് അനലൈസര്‍ ടെസ്റ്റ് നടത്തി മദ്യപിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനെതുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന്, യാത്രക്കാരെ മറ്റ് വാഹനങ്ങളില്‍ കയറ്റി വിട്ടശേഷം, ബസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തുകയും ചെയ്തു. ഇയാള്‍ക്കെതിരെ കേസെടുത്തശേഷം ജാമ്യത്തില്‍ വിട്ടയച്ചു.