Connect with us

Uae

ദുബൈയിൽ ഡ്രൈവറില്ലാ ടാക്‌സി അടുത്തവർഷം

വാഹനങ്ങളുടെ പരീക്ഷണ പ്രവർത്തനം ഉടൻ

Published

|

Last Updated

ദുബൈ|ദുബൈയിൽ ഓട്ടോണമസ് ടാക്‌സി അടുത്തവർഷം പ്രവർത്തനസജ്ജമാവും. വരും മാസങ്ങളിൽ 50 ഓട്ടോണമസ് വാഹനങ്ങളുടെ പരീക്ഷണ പ്രവർത്തനം ആരംഭിക്കും. 2026-ൽ പൊതുജനങ്ങൾക്കായി സേവനം ആരംഭിക്കാനാണ് പദ്ധതി. ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, ചൈനയിലെ ബൈഡുവിന്റെ ഓട്ടോണമസ് റൈഡ്-ഹെയ്്ലിംഗ് സേവനമായ അപ്പോളോ ഗോയുമായി ഇതിന്നായി ധാരണാപത്രം ഒപ്പിട്ടു. ആർ ടി എ ചെയർമാൻ മതാർ അൽ തായർ, ബൈഡു ഇന്റലിജന്റ്ഡ്രൈവിംഗ് ഗ്രൂപ്പിന്റെ ഓവർസീസ് ബിസിനസ് ജനറൽ മാനേജർ ഹാൽട്ടൺ നിയു എന്നിവരുടെ സാന്നിധ്യത്തിൽ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സി ഇ ഒ അഹ്്മദ് ഹാശിം ബഹ്റൂസിയാൻ, ബൈഡു മീന ബിസിനസ് ജനറൽ മാനേജർ ലിയാങ് ഷാങ് എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

അപ്പോളോ ഗോയുടെ ആർ ടി 6 മോഡൽ ഓട്ടോണമസ് ടാക്സികളാണ് നിരത്തിലിറക്കുക. 40 സെൻസറുകളും ഡിറ്റക്ടറുകളും ഉപയോഗിച്ച് ഉയർന്ന ഓട്ടോമേഷനും സുരക്ഷയും ഉറപ്പാക്കുന്നതാണ് ഇത്. ചൈനയിൽ 150 ദശലക്ഷം കിലോമീറ്റർ സുരക്ഷിത ഡ്രൈവിംഗും പത്ത് ദശലക്ഷം ഓട്ടോണമസ് യാത്രകളും പൂർത്തിയാക്കിയ അപ്പോളോ ഗോ, ലോകത്തെ ഏറ്റവും വലിയ ഓട്ടോണമസ് വാഹന ഫ്ലീറ്റ് ഓപ്പറേറ്ററാണ്. ആദ്യ ഘട്ടത്തിൽ 50 വാഹനങ്ങൾ ഡാറ്റ ശേഖരണവും പരീക്ഷണവും നടത്തും. മൂന്ന് വർഷത്തിനുള്ളിൽ 1,000 ടാക്സികളായി വിപുലീകരിക്കും.

ദുബൈയിലെ 25 ശതമാനം യാത്രകൾ ഓട്ടോണമസ് ആക്കാനായി ആഗോള കമ്പനികളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തി, നൂതനവും സുസ്ഥിരവുമായ ഗതാഗത പരിഹാരങ്ങൾ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് മതാർ അൽ തായർ വ്യക്തമാക്കി. 2016 മുതൽ ഓട്ടോണമസ് വാഹനങ്ങളുടെ പരീക്ഷണങ്ങൾ നടത്തിവരുന്നുണ്ട്.

 

---- facebook comment plugin here -----

Latest