Connect with us

Uae

220 കി മീ വേഗതയിൽ വാഹനമോടിച്ചു; ഡ്രൈവർ പിടിയിൽ

കണ്ടുകെട്ടിയ വാഹനം വിട്ടുനൽകുന്നതിന് 50,000 ദിർഹം പിഴ ചുമത്തും.

Published

|

Last Updated

ദുബൈ | ദുബൈയിലെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെ (ഇ 311) 220 കിലോമീറ്റർ വേഗത്തിൽ  വാഹനമോടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറിൽ 220 കിലോമീറ്ററിലധികം വേഗതയിൽ അശ്രദ്ധമായി വാഹനമോടിച്ച് തന്റെ ജീവനും മറ്റ് റോഡ് യാത്രക്കാരുടെ ജീവനും അപകടത്തിലാക്കിയതിന് ഇയാളുടെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.

ബുധനാഴ്ച പുലർച്ചെ പതിവ് പട്രോളിംഗിനിടെയാണ് അമിത വേഗതയിൽ ഒരു വാഹനം ഓടിക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ്ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂഇ പറഞ്ഞു.

ലൈറ്റുകളും വാക്കാലുള്ള മുന്നറിയിപ്പുകളും അവഗണിച്ച് അയാൾ കൂടുതൽ വേഗതയിൽ വാഹനം ഓടിച്ചു. 220 കിലോമീറ്റർ വേഗത കൈവരിക്കുകയും റോഡിൽ അപകടകരമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. കാർ കണ്ടുകെട്ടി, ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കണ്ടുകെട്ടിയ വാഹനം വിട്ടുനൽകുന്നതിന് 50,000 ദിർഹം പിഴ ചുമത്തും.

സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയും റോഡിന്റെ അവസ്ഥയും അപകടപ്പെടുത്തുന്ന തരത്തിൽ വാഹനമോടിക്കുന്ന വ്യക്തികൾക്കെതിരെ  കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ  ചൂണ്ടിക്കാട്ടി. ഇത്തരം നിയമലംഘനങ്ങൾ പോലീസ് വെച്ചുപൊറുപ്പിക്കില്ലെന്നും അൽ മസ്‌റൂഇ പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി.