Connect with us

Kerala

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; സര്‍ക്കുലറിനെതിരായ ഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ച് ഗതാഗത കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന ഹരജിക്കാരുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

Published

|

Last Updated

കൊച്ചി| സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണ സര്‍ക്കുലറിനെതിരായ ഹരജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ച് ഗതാഗത കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന ഹരജിക്കാരുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

അതേസമയം സംയുക്ത സമരസമിതി നടത്തിവന്നിരുന്ന സമരം അവസാനിച്ചതോടെ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പുനസ്ഥാപിക്കും. സമരസമിതി ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് ഗതാഗത മന്ത്രി അനുഭാവ പൂര്‍ണ്ണമായ നിലപാടെടുത്തതോടെയാണ് സമരം അവസാനിച്ചത്. രണ്ടേമുക്കാല്‍ ലക്ഷത്തോളം അപേക്ഷകളാണ് മുടങ്ങിക്കിടക്കുന്നത്. സമരം ചെയ്ത ദിവസങ്ങളില്‍ മുടങ്ങിയ ടെസ്റ്റുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ എടുക്കാനും ആര്‍ ടി ഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുള്ള സ്ഥലത്ത് 40 ടെസ്റ്റും ഒന്നില്‍ അധികം എം വി ഐ ഉള്ള സ്ഥലങ്ങളില്‍ 80 ടെസ്റ്റും നടക്കും. ഡ്രൈവിംഗ് പരിഷ്‌കരണ സര്‍ക്കുലര്‍ പിന്‍വലിക്കാതെ അതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. മറ്റൊരു സംവിധാനം ഒരുക്കുന്നതുവരെ രണ്ട് ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാം. ഗുണമേന്‍മയുള്ള ലൈസന്‍സ് ഉറപ്പാക്കാനുള്ള പരിഷ്‌കാരങ്ങളെ സംയുക്ത സമര സമിതി അംഗീകരിച്ചു. കെ എസ് ആര്‍ ടി സി പത്ത് കേന്ദ്രങ്ങളില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ടെസ്റ്റ് വാഹനങ്ങളിലെ കാമറ മോട്ടോര്‍ വാഹന വകുപ്പ് വെക്കും. ഡ്രൈവിംഗ് സ്‌കൂള്‍ പരിശീലന ഫീസ് ഏകോപിപ്പിക്കാനും തീരുമാനിച്ചു. ഇത് പഠിക്കാന്‍ പുതിയ കമ്മീഷനെ നിയോഗിക്കും.