Connect with us

driving license

ഡ്രൈവിങ്ങ് ടെസ്റ്റ്: ഇല്ലാത്ത ഉത്തരവിന്റെ പേരില്‍ ടെസ്റ്റ് മുടങ്ങി; വ്യാപക പ്രതിഷേധം

യോഗത്തിലെ ചര്‍ച്ച ചോര്‍ത്തി വിവാദമുണ്ടാക്കിയ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവും

Published

|

Last Updated

തിരുവനന്തപുരം | ഇല്ലാത്ത ഉത്തരവിന്റെ പേരില്‍ ഡ്രൈവിംഗ് ടെസ്റ്റില്‍ ഉദ്യോഗസ്ഥര്‍ പരിഷ്‌കാരം നടപ്പാക്കി. ടെസ്റ്റിനെത്തിയവരും ഡ്രൈവിങ്ങ് സ്‌കൂളുകാരും സംസ്ഥാന വ്യാപകമായി പ്രതിഷേധമുയര്‍ത്തി. രാവിലെ ടെസ്റ്റിനെത്തിയപ്പോള്‍ മാത്രം പരിഷ്‌കാരത്തെ കുറിച്ചറിഞ്ഞവര്‍ കൊല്ലം, കോഴിക്കോട്, മലപ്പുറം, തിരൂര്‍, മുക്കം, കാസര്‍കോഡ് എന്നിങ്ങനെ പലയിടങ്ങളിലും രൂക്ഷമായി പ്രതിഷേധിച്ചു. കോഴിക്കോട് മുക്കത്ത് ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ കോലം കത്തിച്ചു. മലപ്പുറത്ത് പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഡ്രൈവിംഗ് സ്‌കൂള്‍ സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തിലാണ് കോഴിക്കോട്ട് മന്ത്രിയുടെ കോലം കത്തിച്ചത്. മന്ത്രി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇനി മുതല്‍ 50 പേരെ മാത്രം എന്ന നിലയില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന നിര്‍ദേശം വച്ചു എന്നു പറഞ്ഞുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ ഇന്നു രാവിലെ മുതല്‍ നിയന്ത്രണം നടപ്പാക്കിയത്. എന്നാല്‍ ഇങ്ങനെയൊരു ഉത്തരവു നല്‍കിയിട്ടില്ലെന്നു മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു. വിവാദ മുണ്ടാക്കുന്നതിനുപിന്നില്‍ ആസൂത്രണ നീക്കം നടക്കുന്നതായും മന്ത്രി വ്യക്തമാക്കി.

ആറുമിനിട്ടു കൊണ്ട് ഒരാള്‍ക്ക് ലൈസന്‍സ് നല്‍കുന്ന രീതിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും ഈ രീതിയില്‍ മാറ്റം ഉണ്ടാവണമെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നടന്ന ചര്‍ച്ച മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്തു വിവാദമുണ്ടാക്കിയ ഉദ്യോഗസ്ഥനെകണ്ടെത്തി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ടെസ്റ്റ് 50 പേര്‍ക്കായി നിജപ്പെടുത്തി ഉത്തരവ് നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പില്ലാതെ ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം വെട്ടിക്കുറച്ചതോടെ ഇന്നു കാലത്ത് ഓരോ കേന്ദ്രത്തിലും എത്തിയവര്‍ ആശങ്കയിലായി. പലയിടങ്ങളിലും ആളുകള്‍ ഡ്രൈവിംഗ് ടെസ്റ്റിനെത്തി ദീര്‍ഘസമയം കാത്തുനിന്നെങ്കിലും 50 പേരെ മാത്രമേ ടെസ്റ്റിന് അനുവദിക്കൂ എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതോടെ യാണ് ടെസ്റ്റിനെത്തിയവരും ഡ്രൈവിംഗ് സ്‌കൂള്‍ ജീവനക്കാരും പ്രതിഷേധമുയര്‍ത്തിയത്.

മെയ് ഒന്ന് മുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം നിലവില്‍ വരുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്. സാധാരണനിലയില്‍ 100 മുതല്‍ 180 വരെയുള്ള ആളുകള്‍ക്ക് ദിവസത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്താറുണ്ട്. ഇത് 50 ആയി ചുരുങ്ങുമ്പോഴുള്ള പ്രായോഗിക പ്രശ്‌നങ്ങളാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

 

Latest