Connect with us

Cover Story

ഓളപ്പരപ്പിലെ ദ്രോണർ

ചരിത്രാതീത കാലം മുതൽ സാഹസികത നിറഞ്ഞ ജലയാത്രകളായിരുന്നു ലോകത്തിന്റെ ചരിത്രം മാറ്റിയെഴുതിയത്. കൊളംബസ്സും മാർക്കോ പോളോയും വാസ്‌കോഡ ഗാമയുമൊക്കെ ചരിത്രഗതി മാറ്റിയത് ജീവൻ പണയം വെച്ച സാഹസിക യാത്രകളിലൂടെയായിരുന്നു. മൂന്ന് വശത്തും സമുദ്രത്താൽ ചുറ്റപ്പെട്ട ഇന്ത്യയിൽ സെയിലിംഗിന് ഒട്ടേറെ സാധ്യതകൾ ഉണ്ടെങ്കിലും ലോക സെയിലിംഗ് മത്സരങ്ങളിൽ തിളക്കമാർന്ന വിജയങ്ങൾ നേടിയ ഇന്ത്യക്കാർ വളരെ കുറവാണ്. അവിടെയാണ് ഒരു മലയാളി തന്റെ നേട്ടങ്ങളിലൂടെ വ്യത്യസ്തനാകുന്നത്.

Published

|

Last Updated

തിരമാലകൾ ചിലപ്പോൾ ഏഴുനിലയുള്ള കെട്ടിടത്തിനെക്കാളും ഉയരത്തിൽ ആഞ്ഞടിച്ച് പൊന്തുമെങ്കിൽ അതിനെക്കാൾ ഉയരത്തിൽ ആഗ്രഹങ്ങളെ കെട്ടിപ്പൊക്കുക… ആ ആഗ്രഹങ്ങളെ ജീവിത വിജയമാക്കാൻ മറ്റുള്ളവരിലേക്ക് തന്റെ കഴിവിനെ ആവാഹിക്കുക… അങ്ങനെ സ്വന്തമായും ശിഷ്യഗണങ്ങളിലൂടെയും നിരവധി മഹത്തായ വിജയ കിരീടങ്ങൾ നേടിയെടുക്കാൻ കഠിനമായ പരിശ്രമങ്ങളിലൂടെ ഭാരതത്തിന്റെ കായിക നേട്ടങ്ങളിൽ വെള്ളവുമായി ഇഴചേർന്ന ജീവിത കഥ തീർക്കുകയാണ് കണ്ണൂർ ജില്ലയിൽ പയ്യന്നൂരിനടുത്ത കുഞ്ഞിമംഗലം ഗ്രാമത്തിലെ പായ്്വഞ്ചി പരിശീലകൻ മധു പുതുവാക്കൽ എന്ന റിട്ടയേർഡ് സുബേദാർ മേജർ. ഇന്ത്യൻ സെയിലിംഗ് രംഗത്തെ ഏക സർക്കാർ പരിശീലന കേന്ദ്രമായ നാഷനൽ സെയിലിംഗ് സ്‌കൂളിലെ ആദ്യ ദേശീയ കോച്ചും നിരവധി ദേശീയ അന്തർദേശീയ സെയിലർമാർക്ക് പരിശീലനവും നൽകുന്ന മധു പുതുവാക്കൽ പായ്്വഞ്ചിയോട്ട മത്സരത്തെ ജനകീയമാക്കുന്നതിൽ നിർണായക പങ്കു വഹിച്ച വ്യക്തിയാണ്.

ചരിത്രാതീത കാലം മുതൽ സാഹസികത നിറഞ്ഞ ജലയാത്രകളായിരുന്നു ലോകത്തിന്റെ ചരിത്രം മാറ്റിയെഴുതിയത്. കൊളംബസ്സും മാർക്കോ പോളോയും വാസ്‌കോഡ ഗാമയുമൊക്കെ ചരിത്രഗതി മാറ്റിയത് ജീവൻ പണയം വെച്ച സാഹസിക യാത്രകളിലൂടെയായിരുന്നു. മൂന്ന് വശത്തും സമുദ്രത്താൽ ചുറ്റപ്പെട്ട ഇന്ത്യയിൽ സെയിലിംഗിന് ഒട്ടേറെ സാധ്യതകൾ ഉണ്ടെങ്കിലും ലോക സെയിലിംഗ് മത്സരങ്ങളിൽ തിളക്കമാർന്ന വിജയങ്ങൾ നേടിയ ഇന്ത്യക്കാർ വളരെ കുറവാണ്. അവിടെയാണ് ഒരു മലയാളി തന്റെ നേട്ടങ്ങളിലൂടെ വ്യത്യസ്തനാകുന്നത്.

വെള്ളത്തിനോട് പ്രണയം

കായലും പുഴകളും കുളങ്ങളും ഇഴചേർന്ന പ്രദേശമാണ് കുഞ്ഞിമംഗലം . അതുകൊണ്ട് ചെറുപ്പത്തിലെ തന്നെ മധു കൂട്ടുകൂടിയതാണ് വെള്ളത്തിനൊപ്പം. നീന്തലും സാഹസികതയും കുട്ടിക്കാലത്ത് ഏറെ ഇഷ്ടമായിരുന്നു. ആ ഇഷ്ടമാണ് കടലിന്റെ ഓളപ്പരപ്പുകളെ ഭേദിച്ച് കാറ്റിനോട് പടവെട്ടി മുന്നേറുവാൻ ആത്മവിശ്വാസം നൽകിയത്.

വെള്ളവും സമുദ്രവും ജീവിതത്തോട് അലിഞ്ഞുചേർന്ന മനസ്സാണ് മധുവിന്റെത്. ജീവിതത്തെ ഒരു വെല്ലുവിളിപോലെ നേരിട്ട് കഠിനമായ വഴികളിലൂടെ സഞ്ചാരം. ദുർഘടവും അപകടം നിറഞ്ഞതുമായ പായ്്വഞ്ചിയോട്ട മത്സരങ്ങളിൽ വ്യക്തിഗതമായും ശിഷ്യരിലൂടെയും നിരവധി ദേശീയ അന്തർദേശീയ മെഡലുകൾ വാരിക്കൂട്ടിയ ജീവിത കഥയാണ് മധു പുതുവാക്കലിന്റെത് .
കുഞ്ഞിമംഗലം തെക്കുമ്പാട് അണീക്കര ചാമുണ്ഡി കുഞ്ഞിരാമന്റെയും പുതുവാക്കൽ കാർത്യായനിയുടെയും ഇളയ മകൻ. കുഞ്ഞിമംഗലം ഹൈസ്‌കൂളിലെ എസ് എസ് എൽ സിക്കു ശേഷം 1988ൽ പ്രീഡിഗ്രിക്ക് പയ്യന്നൂർ കോളജിൽ ചേർന്നുവെങ്കിലും ഇഷ്ട വിഷയം ലഭിക്കാത്തതു കൊണ്ട് മതിയാക്കി കണ്ണൂർ ഐ ടി ഐയിൽ ചേർന്നു. തുടർന്ന് സേനയിൽ ഇ എം ഇ യിൽ ജോലി ലഭിച്ചു. ഹൈസ്‌കൂൾ പഠന കാലത്ത് കായിക മത്സരങ്ങളിൽ മികവു കാട്ടിയിരുന്ന മധു സേനയിൽ നടന്ന സെലക്്ഷനിൽ സെയിലിംഗിന് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇതാണ് ജീവിതത്തിൽ വഴിത്തിരിവായതെന്ന് മധു പുതുവാക്കൽ പറയുന്നു. തുടർന്നങ്ങോട്ട് ജീവിതനേട്ടങ്ങൾ വെട്ടിപ്പിടിക്കാൻ കടലിന്റെ കഠിനമായ വഴികളിലൂടെ ഇന്നും അവസാനിക്കാത്ത യാത്ര തുടരുകയാണ്.

2000 മുതൽ 2006 വരെ ദേശീയ സെയിലിംഗ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി അഞ്ച് സ്വർണ മെഡലും ആറ് വെള്ളി മെഡലും അഞ്ച് ബ്രോൺസ് മെഡലും അടക്കം16 മെഡലുകൾ കരസ്ഥമാക്കി അഭിമാനമായി. ഇന്ത്യയെ പ്രതിനിധീകരിച്ച് 2004 ൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലും 2005ൽ നടന്ന ബ്രസീൽ ലോക ചാമ്പ്യൻഷിപ്പിലും പങ്കെടുത്തു. കൂടാതെ എക്‌സ്‌പെഡീഷൻ സെയിലിംഗിന്റെ ഭാഗമായി ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും പതിനായിരം കിലോമീറ്ററിൽ അധികം ദൂരം സാഹസിക യാത്രകൾക്കും നേതൃത്വം നൽകിയിട്ടുണ്ട്.

ഭോപ്പാലിൽ നടന്ന രാജാ ബേജ് മൾട്ടി ക്ലാസ് നാഷനൽ സെയിലിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ദേശീയ സെയിലിംഗ് സ്കൂളിലെ ശിഷ്യർക്കൊപ്പം മധു പുതുവാക്കൽ

ആഴങ്ങളിൽ കണ്ടെടുത്ത മുത്തുകൾ

മധ്യപ്രദേശിലെ ഭോപ്പാലിൽ 2006 ലാണ് ദേശീയ സെയിലിംഗ് സ്‌കൂൾ സ്ഥാപിച്ചത്. സെയിലിംഗ് സ്‌കൂളിന്റെ ആദ്യ ദേശീയ കോച്ചായി മധു പുതുവാക്കലിനെയാണ് നിയമിച്ചത്. 2006 മുതൽ 2011 വരെയും പിന്നീട് 2015 മുതൽ 2018 വരെ എട്ട് വർഷക്കാലം ദേശീയ സെയിലിംഗ് സ്‌കൂളിന്റെ മുഖ്യ കോച്ചായി പ്രവർത്തിച്ച ഇദ്ദേഹത്തിന്റെ കീഴിൽ സ്‌കൂളിന്റെ സുവർണ കാലഘട്ടമായിരുന്നു. നിരവധിയായ ശിഷ്യരാണ് ദേശീയ അന്തർദേശീയ മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും മഹത്തായ വിജയങ്ങൾ കൈപ്പിടിയിലൊതുക്കുകയും ചെയ്തത്. 2018ൽ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ ജേതാവായിരുന്ന ഹർഷിത തോമറിന്റെ മുഖ്യ പരിശീലകനായിരുന്നു മധു പുതുവാക്കൽ. ഹർഷിത തോമറിനൊപ്പം ഏഷ്യൻ ഗെയിംസിൽ അർഹത നേടിയ ഗോവിന്ദ് ബൈരാഗി, 2018ലെ ഒമാൻ സെയിലിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലവും 2017 ലെ ഇന്ത്യൻ ഇന്റർനാഷനൽ റിഗാർട്ടയിൽ സ്വർണവും നേടിയ ഉമ ചൗഹാൻ, സ്വർണമെഡൽ ജേതാക്കളായ ആശിഷ് വിശ്വകർമ , സതീഷ് യാദവ് തുടങ്ങി നിരവധിയായ ശിഷ്യരാണ് മധു പുതുവാക്കൽ എന്ന സെയിലിംഗ് ദ്രോണരുടെ ഗുരുമുഖത്തു നിന്നും പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ട് കടലിൽ കാറ്റിനോട് പൊരുതി വിജയക്കുതിപ്പ് നടത്തിയിട്ടുള്ളത്. 2010ൽ നടന്ന തായ്‌ലൻഡ് ലോക ചാമ്പ്യൻഷിപ്പിൽ സെയിലിംഗ് കോച്ച് ആയി മധു ടീമിനെ നയിച്ചു.

കൊച്ചിയിലെ ചെറായിയിൽ യോട്ടിംഗ് പരിശീലനത്തിനിടെ 2008 ൽ മധു കണ്ടെത്തിയ പരവൂർ സ്വദേശികളായ പ്രിൻസ്‌നോബിൾ , മനു ഫ്രാൻസിസ് എന്നീ രണ്ട് പ്രതിഭകൾ പിന്നീട് രാജ്യത്തിന്റെ അഭിമാന താരങ്ങളായി. യോട്ടിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ ഹൈദരാബാദിൽ നടത്തിയ ലെയ്‌സർ ഇൻ ലാൻസ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം പ്രിൻസ് നോബിളിനായിരുന്നു.മനു ഫ്രാൻസിസും പ്രിൻസ് നോബിളും അന്തർദ്ദേശീയ മത്സരങ്ങളിൽ വെള്ളി മെഡൽ നേടി. 12 വയസ്സ് മുതൽ അവർക്ക് പരിശീലനം നൽകിയ മധുവിന്റെ അഭിമാനകരമായ നേട്ടങ്ങളാണ് ഇവർ. രണ്ടുപേരും ഇപ്പോൾ ഇന്ത്യൻ കരസേനയുടെ സെയിലിംഗ് താരങ്ങളാണ്. മുംൈബയിലെ നേവൽ കമാൻഡർ പ്രശാന്ത്‌മേനോന്റെ മകൻ അദ്വൈത് മേനോൻ ആണ് മധുവിന്റെ പുതിയ ശിഷ്യൻ. കഴിഞ്ഞ രണ്ട് വർഷമായി തന്റെ കീഴിൽ കഠിനമായ പരിശീലനം നടത്തുന്ന അദ്വൈത് മേനോൻ പ്രതീക്ഷകൾക്കൊപ്പം സഞ്ചരിച്ചാൽ ഒളിന്പിക്‌സിലും ഏഷ്യൻ ഗെയ്‌സിലും മത്സരിക്കുന്ന കാലം വിദൂരമല്ലെന്ന് മധു അഭിമാനത്തോടെ സാക്ഷ്യപ്പെടുത്തുന്നു.

ഏഴിമല നാവിക അക്കാദമിയുടെ ആഭിമുഖ്യത്തിൽ കേഡറ്റുകൾക്കായുള്ള അന്താരാഷ്ട്ര പായ് വഞ്ചി മത്സരത്തിൽ മധുവിന്റെ കീഴിൽ പരിശീലനം സിദ്ധിച്ച നിരവധി കര നാവിക സേന കേഡറ്റുകൾ മെഡലുകൾ നേടിയിട്ടുണ്ട്.

ദേശീയ സെയിലിംഗ് സ്‌കൂളിലെ മുഖ്യ കോച്ചായിരിക്കുമ്പോഴും ഒപ്റ്റമിസ്റ്റ് ക്ലാസ് ഓഫ് ഇന്ത്യ, ഇന്ത്യൻ ലേസർ ടീം, ഇന്ത്യൻ നേവി സെയിലിംഗ് ടീം, യാച്ചിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിങ്ങളെ നിരവധി സ്ഥാപനങ്ങളുടെ ചീഫ് കോച്ചായും മധു പ്രവർത്തിച്ചു. അർഹതക്കുള്ള അംഗീകാരം പോലെ നിരവധി ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തി. 2009ൽ മധ്യപ്രദേശ് സർക്കാറിന്റെ പ്രത്യേക ബഹുമതി. 2018 ൽ ഇന്ത്യൻ ആർമിയുടെ മികച്ച കോച്ചിനുള്ള പുരസ്‌കാരം, 2018ൽ മധ്യപ്രദേശ് സർക്കാർ സ്‌പോർട്‌സ് ആൻഡ് യൂത്ത് വെൽഫെയറിന്റെ കോച്ചിംഗ് രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം എന്നീ ബഹുമതികൾ ഇവയിൽ ചിലതു മാത്രം.

സ്വപ്നം പോലെ സെയിലിംഗ് അക്കാദമി

ദീർഘമായ അറബിക്കടലോരവും 44 നദികളും നിരവധി കായലുകളുമുള്ള കേരളത്തിൽ സെയിലിംഗിന് വേണ്ടത്ര വേരോട്ടം ലഭിച്ചിട്ടില്ല. കായിക ക്ഷമതയും താത്പര്യവും സാഹസികതയും മാത്രമല്ല വൻ മുതൽ മുടക്കും ആവശ്യമുള്ള ഒരു കായിക ഇനമായതു കൊണ്ടാകാം കേരളത്തിൽ കൂടുതൽ പേർ ഈ വിഭാഗത്തിലേക്ക് ആകർഷിക്കപ്പെടാതിരുന്നത്. അതുകൊണ്ടു തന്നെ വൻകിട കമ്പനികൾ സ്‌പോൺസർ ചെയ്യാനും മുന്നോട്ടു വരുന്നില്ല. ഇന്ത്യൻ ആർമിയിൽ നിന്നും സുബേദാർ മേജറായി വിരമിച്ച മധു പുതുവാക്കൽ ഭാര്യ രോഷ്‌നിയോടും മക്കളായ അരുന്ധതി, ആരതി എന്നിവരോടുമൊപ്പം ഇപ്പോൾ ഹൈദരാബാദിലാണ് താമസം. ഇവിടെ ഫ്രീലാൻസ് കോച്ചായി പ്രവർത്തിക്കുമ്പോഴും കേരളത്തിൽ ഒരു സെയിലിംഗ് അക്കാദമി എന്ന തന്റെ സ്വപ്നം മനസ്സിൽ കാത്തുസൂക്ഷിക്കുന്നുണ്ട്. സർക്കാറും സ്‌പോർട്ട്സ് ആൻഡ് ടൂറിസം വകുപ്പും സഹകരിച്ചാൽ ഈ മേഖലയിൽ ഒരു അക്കാദമി സ്ഥാപിക്കാൻ തയ്യാറാണെന്ന് മധു പുതുവാക്കൽ പറഞ്ഞു.

കാറ്റിനഭിമുഖമായി പോകുന്ന പായ്്വഞ്ചിയുടെ യാത്ര ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ്. ചില കാറ്റുകൾ ചിലപ്പോൾ കൊടുങ്കാറ്റായി മാറിയേക്കാം. കൊടുങ്കാറ്റുകളെ അതിജീവിക്കാനുള്ള ആത്മവിശ്വാസമാണ് ഒരു പായ്്വഞ്ചി ഓട്ടക്കാരന്റെ കഴിവ്. കൊടുങ്കാറ്റിനപ്പുറം വിജയത്തിന്റെ ശാന്തമായൊരു കടൽ കാത്തിരിക്കുന്നുണ്ടാകുമെന്ന ശുഭാപ്തിവിശ്വാസക്കാരനാണ് ഇദ്ദേഹം. മധു പുതുവാക്കൽ എന്ന സെയിലിംഗ് കോച്ചിന്റെ സ്വപ്നം പിറന്ന മണ്ണിൽ പൂവണിയുമെന്ന ശുഭാപ്തിവിശ്വാസത്തോടെ കായിക കേരളവും കാത്തിരിക്കുകയാണ് കേരളത്തിലെ സെയിലിംഗ് അക്കാദമിക്കായി.