Kerala
കലഞ്ഞൂരില്‍ പുലിയെ കണ്ടെത്തുവാന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് പരിശോധന ആരംഭിച്ചു
മൃഗങ്ങളുടെ ചൂട് തിരിച്ചറിഞ്ഞു കണ്ടെത്തുന്ന തെര്‍മല്‍ സംവിധാനം ക്യാമറയില്‍ ഉണ്ട്.
കോന്നി \ കലഞ്ഞൂരില്‍ പുലിയെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോണ്‍ ക്യാമറയുമായി പരിശോധന ആരംഭിച്ചു. ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെന്‍സ് ഇമേജ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഡ്രോണുകളുടെ സഹായത്തോടെ കൂടല്‍ ഇഞ്ചപ്പാറ മേഖലയില്‍ ജനങ്ങളെ ആക്രമിക്കുന്ന പുലിയെ കണ്ടെത്തുവാന്‍ വേണ്ടി എത്തിയത്. അഞ്ച് കിലോമീറ്റര്‍ ദൂര പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ രാത്രിയിലും സെര്‍ച്ച് ലൈറ്റ് ഉപയോഗിച്ച് തിരച്ചില്‍ നടത്താനുള്ള സൗകര്യം ഉണ്ട്. മൃഗങ്ങളുടെ ചൂട് തിരിച്ചറിഞ്ഞു കണ്ടെത്തുന്ന തെര്‍മല്‍ സംവിധാനം ക്യാമറയില്‍ ഉണ്ട്.
ഞായര്‍ ഉച്ച മുതല്‍ സംഘം വന പാലകരോടൊപ്പം പുലിക്കായി തിരച്ചില്‍ നടത്തുകയാണ്. രാക്ഷസന്‍ പാറയില്‍ സംഘം രാത്രി ക്യാമ്പ് ചെയ്ത് പരിശോധന നടത്തും. മൃഗങ്ങളെ കണ്ടെത്തുന്നതിനായി ആധുനിക സംവിധാനങ്ങളുള്ള ഡ്രോണുകള്‍ കേരളത്തില്‍ ആദ്യമായി ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.