Uae
ബഹുനില കെട്ടിടങ്ങളെ നിരീക്ഷിക്കാന്‍ ഡ്രോണുകള്‍
ദുബൈ മള്‍ട്ടി കമ്മോഡിറ്റീസ് സെന്ററുമായി ചേര്‍ന്നാണ് നൂതന ഡ്രോണ്‍ ശൃംഖല വിപുലീകരിക്കുന്നത്.
ദുബൈ|പൊതുജന സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ഉയര്‍ന്ന പ്രദേശങ്ങളില്‍ ഡ്രോണുകള്‍ വിന്യസിച്ച് ദുബൈ പോലീസ്. നഗരത്തിലെ രണ്ട് പ്രധാന ബിസിനസ് ജില്ലകളായ അപ്ടൗണ്‍ ദുബൈ, ജുമൈറ ലേക്ക്സ് ടവേഴ്സ് (ജെ എല്‍ ടി) എന്നിവിടങ്ങളാണ് പുതിയ സംവിധാനം. ദുബൈ മള്‍ട്ടി കമ്മോഡിറ്റീസ് സെന്ററുമായി ചേര്‍ന്നാണ് നൂതന ഡ്രോണ്‍ ശൃംഖല വിപുലീകരിക്കുന്നത്.
ഈ മേഖലയിലെ ബഹുനില കെട്ടിടങ്ങള്‍ നിരീക്ഷിക്കാനാണ് ഡ്രോണ്‍ ബോക്സ് സംവിധാനം വിന്യസിച്ചത്.
ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ അടിയന്തിര പ്രതികരണ ശേഷി വര്‍ധിപ്പിക്കുകയും പൊതു സുരക്ഷ കൂടുതല്‍ മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യമിടുന്നത്. സ്മാര്‍ട്ടും നവീനവും സുരക്ഷിതവുമായ നഗരജീവിതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് പോലീസുമായുള്ള തങ്ങളുടെ പങ്കാളിത്തമെന്ന് ഡി എം സി സിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനും സി ഇ ഒയുമായ അഹ്്മദ് ബിന്‍ സുലായമും ദുബൈ പോലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേ. തുര്‍ക്കി ബിന്‍ ഫാരിസും പറഞ്ഞു.
അടിയന്തര പ്രതികരണ സമയം കുറക്കുക എന്ന പോലീസ് ലക്ഷ്യത്തിന്റെ ഭാഗമാണ് ഡ്രോണ്‍ ബോക്സ് സംവിധാനം. ഇപ്പോള്‍ ഉപയോഗത്തിലുള്ള ഏറ്റവും നൂതനമായ ഡ്രോണ്‍ സാങ്കേതികവിദ്യകളില്‍ ഒന്നാണിത്. ഉയരമുള്ള കെട്ടിടങ്ങള്‍ നിരീക്ഷിക്കാന്‍ ഇത് ഉപയോഗിക്കുന്നു. സ്മാര്‍ട്ട് സിറ്റി സാങ്കേതിക വിദ്യകളില്‍ ദുബൈയുടെ ആഗോള സ്ഥാനം ഉറപ്പിക്കുന്നതിന് 2021-ല്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ഡ്രോണ്‍ ബോക്സ് സംരംഭം അവതരിപ്പിച്ചത്.