Kerala
മാലിന്യ സംസ്കരണ കേന്ദ്രങ്ങളെ ഇനി ഡ്രോൺ നിരീക്ഷിക്കും
ബ്രഹ്മപുരത്തിന് സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പുതിയ പദ്ധതി
പാലക്കാട് | സംസ്ഥാനത്തെ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളിലെ തീപ്പിടുത്തങ്ങള്‍ക്ക്് തടയിടാന്‍ ഡ്രോണ്‍ നിരീക്ഷണ സംവിധാനം വരുന്നു. ബ്രഹ്മപുരം ദുരന്തത്തെ തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്.
കേരള സംസ്ഥാന ഖരമാലിന്യ പരിപാലന വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായാണ് ലോക ബേങ്കിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കുന്നത്. ഡ്രോണ്‍ സര്‍വേ നടത്തുന്നത് സംബന്ധിച്ച് പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായതായി തദ്ദേശ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ലോക ബേങ്ക് അധികൃതരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് ഏജന്‍സിയെ ഏല്‍പ്പിക്കും. മെയ് മാസത്തോടെ ഡ്രോണ്‍ നീരിക്ഷണ നടപടികള്‍ ആരംഭിക്കും.
യാന്ത്രികമായ ഇത്തരം നൂതന പരിശോധനയിലൂടെ മാലിന്യം തള്ളുന്ന സ്ഥലങ്ങളുടെ പ്രത്യേകതയും അവയുടെ സാന്ദ്രതയും ഏതുതരം മാലിന്യമാണ് അടിഞ്ഞുകൂടിയിരിക്കുന്നത്, ദുരന്ത സാധ്യത എന്നിവ അറിയാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. സര്‍വേക്കായി സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളുടെ കീഴില്‍ 44 മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 40 എണ്ണം വീതം നഗരസഭ, കോർപറേഷനുകള്‍ക്ക് കീഴിലും നാലെണ്ണം പഞ്ചായത്തിന്റെ കീഴിലുമാണ്. മാലിന്യം നീക്കം ചെയ്യുന്ന കാര്യത്തിൽ പല തദ്ദേശസ്ഥാപനങ്ങളും പ്രതിസന്ധി നേരിടുന്നുണ്ട്്. സ്വച്ഛ് ഭാരത് മിഷന് കീഴില്‍ ഒരു ടണ്‍ പൈതൃക മാലിന്യം സംസ്‌കരിക്കുന്നതിന് 550 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്.
ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള മുനിസിപ്പാലിറ്റികളിൽ ചെലവിന്റെ 50 ശതമാനം കേന്ദ്രവും 33 ശതമാനം സംസ്ഥാന സര്‍ക്കാറും 17 ശതമാനം തദ്ദേശസ്ഥാപനങ്ങളും വഹിക്കണം. ഒരു ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ സംസ്‌കരണത്തിനുള്ള ചെലവ് 33 ശതമാനം കേന്ദ്രവും 22 ശതമാനം സംസ്ഥാന സര്‍ക്കാറും 45 ശതമാനം തദ്ദേശസ്ഥാപനങ്ങളും വഹിക്കണമെന്നതാണ് വ്യവസ്ഥ. നിലവില്‍ തദ്ദേശസ്ഥാപനങ്ങള്‍ പ്രതിദിന നടത്തിപ്പിന് പോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ മാലിന്യ സംസ്‌കരണത്തിന് തുക കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇത്തരമൊരു ഘട്ടത്തില്‍ മാലിന്യ സംസ്‌കരണ പദ്ധതികൾക്ക് ലോക ബേങ്ക് സഹായം തരാമെന്ന് സമ്മതിച്ചിട്ടുണ്ട്. ലോക ബേങ്ക് സഹായം ലഭിക്കുന്നതോടെ ഇതിന് പരിഹാരം കാണുകയും സംസ്ഥാനത്തെ മാലിന്യനീക്കവും സംസ്‌കരണവും പൂർണതോതില്‍ നടക്കുന്നതിന് പുറമെ മാലിന്യം കുന്നുകൂടിക്കിടക്കുന്നത് തടയാനും സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.