From the print
കോണ്‍ഗ്രസ്സിലെ കൊഴിഞ്ഞുപോക്ക്; സി പി എമ്മിന് മൂര്‍ച്ചയുള്ള പ്രചാരണായുധം
എ കെ ആന്റണിയുടെ മകന്‍ ബി ജെ പിയില്‍ ചേര്‍ന്നതിലും വലിയ ആഘാതമാണ് പത്മജ വേണുഗോപാല്‍ താമര കൈയിലേന്തുമ്പോള്‍ കോണ്‍ഗ്രസ്സിനുണ്ടാകുന്നത്.
കൊച്ചി | ബി ജെ പി വിരിച്ച വലയിലകപ്പെടുന്ന കോണ്‍ഗ്രസ്സ് നേതാക്കളുടെ പട്ടിക കാട്ടി തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ സി പി എം. വടകരയും തൃശൂരും ഉള്‍പ്പെടെ പോരാട്ടം കനക്കുന്ന മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ്സിന്റെ ‘മൃദുഹിന്ദുത്വ’വും ബി ജെ പിയിലേക്കുള്ള നേതാക്കളുടെ പലായനവുമാകും ഇനി സി പി എമ്മിന്റെ മൂര്‍ച്ചയുള്ള പ്രചാരണായുധം.
മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എ കെ ആന്റണിയുടെ മകന് പിന്നാലെ കെ കരുണാകരന്റെ മകള്‍ കൂടി ബി ജെ പിക്കൊപ്പമെത്തുമ്പോള്‍ കോണ്‍ഗ്രസ്സിനെ ഇനി എങ്ങനെ വിശ്വസിക്കാനാകുമെന്ന ചോദ്യം തിരഞ്ഞെടുപ്പ് കളത്തില്‍ സി പി എം സജീവമാക്കിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ബി ജെ പി യിലേക്ക് ചേക്കേറുന്നവരുടെ എണ്ണം ഏറെയാണെങ്കിലും കേരളത്തില്‍ അത്തരം രാഷ്ട്രീയ മാറ്റം പതിവല്ല. കഴിഞ്ഞ മാസം മാത്രം കേരളമൊഴികെയുള്ള 14 സംസ്ഥാനങ്ങളില്‍ നിന്നായി 32 പ്രമുഖ നേതാക്കളാണ് സ്വന്തം പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ചേര്‍ന്നത്. ഇതില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ്സിന്റെ ഉന്നത നേതാക്കളാണ്. ഇത്തരമൊരു പശ്ചാത്തലത്തിലും കേരളത്തിലെ കോണ്‍ഗ്രസ്സ് ബി ജെ പിക്കെതിരായ നിലപാടില്‍ ഒരു വിട്ടുവീഴ്ചയും പുലര്‍ത്തിയിരുന്നില്ല. ടോം വടക്കന്‍, അനില്‍ ആന്റണി, സി രഘുനാഥ് തുടങ്ങി ബി ജെ പി പാളയത്തിലെത്തിയ ഒറ്റപ്പെട്ട കോണ്‍ഗ്രസ്സ് നേതാക്കളൊഴിച്ചാല്‍ വലിയ നേതൃനിര ഒന്നടങ്കം മറുകണ്ടം ചാടുന്ന നില കേരളത്തിലുണ്ടായതുമില്ല. എന്നാലിപ്പോള്‍ എ കെ ആന്റണിയുടെ മകന്‍ ബി ജെ പിയില്‍ ചേര്‍ന്നതിലും വലിയ ആഘാതമാണ് പത്മജ വേണുഗോപാല്‍ താമര കൈയിലേന്തുമ്പോള്‍ കോണ്‍ഗ്രസ്സിനുണ്ടാകുന്നത്. ഈ സാഹചര്യമാണ് ഇടതുമുന്നണി രാഷ്ട്രീയമായി ഉപയോഗിക്കുന്നത്.
ഇന്നത്തെ കോണ്‍ഗ്രസ്സ് നാളത്തെ ബി ജെ പി എന്ന പ്രചാരണത്തെ സാധൂകരിക്കാന്‍ കിട്ടിയ ഏറ്റവും ശക്തമായ ഉദാഹരണമായാണ് പത്മജയുടെ കളം മാറ്റത്തെ സി പി എം കൊണ്ടാടുന്നത്. സാമൂഹിക മാധ്യമങ്ങളിലടക്കം ഇക്കാര്യം സജീവമായി സി പി എം ഉന്നയിക്കുന്നുണ്ട്. കോണ്‍ഗ്രസ്സ് വിട്ട് ബി ജെ പി യിലെത്തിയ നേതാക്കളുടെ പട്ടികയുമായി സൈബറിടങ്ങളിലും ഇടത് പോരാളികള്‍ സജീവമാണ്. കോണ്‍ഗ്രസ്സിനോടടുത്ത് നില്‍ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലടക്കം രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഈ പ്രചാരണം സഹായിക്കുമെന്നാണ് സി പി എമ്മിന്റെ പ്രതീക്ഷ. അതേ സമയം, കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ സീറ്റ് കുറയ്ക്കുക എന്ന തന്ത്രമാണ് ബി ജെ പി ദേശീയ നേതൃത്വം കോണ്‍ഗ്രസ്സ് നേതാക്കളെ അടര്‍ത്തിയെടുക്കുന്നതിലൂടെ മെനയുന്നത്. തെക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന് കൂടുതല്‍ സീറ്റ് കിട്ടാന്‍ സാധ്യതയുളള സംസ്ഥാനമാണ് കേരളമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ സീറ്റ് കുറച്ച് മുഖ്യ എതിരാളി കോണ്‍ഗ്രസല്ല, ഇടതുപാര്‍ട്ടികളാണെന്ന് പ്രചരിപ്പിക്കാനും ബി ജെ പി നേതൃത്വം ഇതിനകം തുടക്കമിട്ടിട്ടുണ്ട്.