Connect with us

wayanad wild life

വരൾച്ചയും കാട്ടുതീ ഭീഷണിയും; വയനാട് വന്യജീവി സങ്കേതത്തിൽ കാനന സവാരിക്ക് വിലക്ക്

ഏപ്രിൽ 15 വരെ സഞ്ചാരികൾക്ക് ഇവിടെ പ്രവേശനമുണ്ടാകില്ല.

Published

|

Last Updated

സുൽത്താൻ ബത്തേരി | കാട്ടുതീ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ വയനാട് വന്യജീവി സങ്കേതത്തിൽ കാനന സവാരിക്ക് വനം വകുപ്പ് വിലക്ക് ഏർപ്പെടുത്തി. വേനൽ കടുത്തതോടെ പലയിടത്തും കാട്ടുതീ ഉണ്ടായതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് വൈൽഡ് ലൈഫ് വാർഡൻ അബ്ദുൽ അസീസ് പറഞ്ഞു. ഏപ്രിൽ 15 വരെ സഞ്ചാരികൾക്ക് ഇവിടെ പ്രവേശനമുണ്ടാകില്ല.

കാട് ഉണങ്ങി കാട്ടുതീ ഭീഷണി നിലനിൽക്കുന്നത് വന്യമൃഗങ്ങൾക്കും സഞ്ചാരികൾക്കും ഒരുപോലെ ഭീഷണിയായ സാഹചര്യത്തിലാണ് വിലക്ക്. വയനാട് വന്യജീവി സങ്കേതത്തിനോട് ചേർന്നുള്ള തമിഴ്‌നാട് മുതുമല, കർണാടകയിലെ ബന്ദിപ്പൂർ, നാഗർഹോള വന മേഖലകളിൽ നിന്ന് തീറ്റയും വെള്ളവും തേടി കാട്ടാനയടക്കമുള്ള വന്യമൃഗങ്ങൾ ഇവിടേക്ക് എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ കാട്ടുതീ ഭീഷണി പ്രതിരോധ പ്രവർത്തനങ്ങളും നടത്തണം. ഈ സമയത്ത് വയനാട് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ വിനോദ സഞ്ചാരം സുരക്ഷിതമായിരിക്കില്ല എന്നതിനാലാണ് താത്കാലിക വിലക്ക് ഏർപ്പെടുത്തിയത്.

വേനൽ മഴ ലഭിച്ച് കാട് പച്ചപ്പണിഞ്ഞ് കാട്ടുതീ ഭീഷണി ഒഴിയുന്നതോടെയായിരിക്കും കാനന സവാരി പുനരാരംഭിക്കുക. വയനാട് വന്യജീവി സങ്കേതത്തിൽ മുത്തങ്ങയിലും തോൽപ്പെട്ടിയിലും രാവിലെ ഏഴ് മുതൽ പത്ത് വരെയും വൈകിട്ട് മൂന്ന് മുതൽ അഞ്ച് വരെയുമാണ് കാനന സവാരി നടത്തുന്നത്. ഫെബ്രുവരി 25ന് സുൽത്താൻ ബത്തേരി റെയിഞ്ചിൽപ്പെടുന്ന ഓടപ്പള്ളം വനമേഖലയിൽ കാട്ടുതീ പടർന്ന് ഏഴ് ഹെക്ടറോളം വനം കത്തി നശിച്ചിരുന്നു. ഈ ഭാഗത്ത് കൂടുതലായും മുളകൾ പൂത്ത് ഉണങ്ങിനിൽക്കുന്ന അവസ്ഥയായിരുന്നു.

കാട്ടുതീയിൽ കത്തിയമർന്നതും ഉണങ്ങിയ മുളങ്കൂട്ടങ്ങളാണ്. ഉണങ്ങിയ മുളകൾ തമ്മിൽ കാറ്റിൽ ഉരസിയാണ് ഓടപ്പള്ളത്ത് തീ പടർന്നത്. വന്യജീവി സങ്കേതത്തിൽ ഇത്തരത്തിൽ മുളങ്കൂട്ടങ്ങൾ വ്യാപകമായി ഉണങ്ങി നിൽക്കുന്നുണ്ട്. ഇത് കാട്ടുതീ ഭീഷണി ഏറ്റുകയാണ്. മുൻ വർഷങ്ങളിൽ വേനൽ മഴ ലഭിച്ചിരുന്നതിനാൽ വനത്തെ കാര്യമായി ബാധിച്ചിരുന്നില്ല.

Latest