Connect with us

konni thaluk office tour

കോന്നി ഓഫീസ് ജീവനക്കാരുടെ മുങ്ങൽ

ഇത്തരം ക്രമക്കേടുകളെയോ കൃത്യനിഷ്ഠയില്ലായ്മയെയോ ചോദ്യം ചെയ്താൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ വകുപ്പ് പ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിമുഴക്കി അവരെ അടക്കംകെട്ടുകയും ചെയ്യും

Published

|

Last Updated

ർക്കാർ ഓഫീസുകളിൽ ഉദ്യോഗസ്ഥർ ലീവെടുക്കാതെ മുങ്ങുന്നത് സംസ്ഥാനത്ത് പതിവു സംഭവമാണ്. അതൊരു വാർത്താ പ്രാധാന്യമുള്ള വിഷയമേ അല്ല. ഓഫീസ് പ്രവർത്തനം പാടേ സ്തംഭിപ്പിക്കുന്ന തരത്തിൽ ജീവനക്കാർ കൂട്ടത്തോടെ മുങ്ങിയതാണ് കോന്നി താലൂക്ക് ഓഫീസ് വാർത്താ പ്രധാന്യം നേടാനും അധികൃതരുടെ നടപടിക്ക് വിധേയമാകാനും ഇടയായത്. 63 ജീവനക്കാരുള്ള കോന്നി താലൂക്ക് ഓഫീസിലെ റവന്യൂ വിഭാഗത്തിൽ 21 പേർ മാത്രമാണ് വെള്ളിയാഴ്ച ജോലിക്ക് ഹാജരായത്. ബാക്കി 42 പേർ മൂന്നാറിലേക്ക് ഉല്ലാസ യാത്രക്ക് പോയി. ഇവരിൽ അവധി അപേക്ഷ നൽകിയത് 20 പേർ മാത്രം. 22 പേർ അവധിയെടുക്കാതെയാണ് മുങ്ങിയത്. സംഭവം പുറത്തായതോടെ തഹസിൽദാരോട് വിശദീകരണം തേടിയിരിക്കയാണ് ജില്ലാ കലക്ടർ. ജീവനക്കാരുടെ യാത്രക്ക് സ്‌പോൺസർ ഉണ്ടോ എന്നന്വേഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച അന്വേഷണ റിപോർട്ട് കിട്ടുന്ന മുറക്ക് കൃത്യവിലോപം കാണിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജീവനക്കാർ കൂട്ടത്തോടെ ഓഫീസിൽ ഹാജരാകാതിരിക്കുന്നത് സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്നും റവന്യൂ മന്ത്രി കെ രാജൻ പറയുന്നു.

വാഹനസൗകര്യം പരിമിതമായ മലയോര ഗ്രാമങ്ങളിൽ നിന്നടക്കം ദിനംപ്രതി നൂറുകണക്കിന് ആളുകൾ എത്തുന്ന കേന്ദ്രമാണ് കോന്നി താലൂക്ക് ഓഫീസ്. പതിവുപോലെ വെള്ളിയാഴ്ചയും വിവിധ ആവശ്യങ്ങൾക്കായി നിരവധി പേർ എത്തിയിരുന്നു. ഒഴിഞ്ഞു കിടക്കുന്ന കസേരകളാണ് ഓഫീസിൽ കാണാനായത്. വിവരം മണത്തറിഞ്ഞ മാധ്യമങ്ങൾ ജീവനക്കാർ മുങ്ങിയത് മൂലം ഒഴിഞ്ഞു കിടക്കുന്ന കസേരകളുടെ ദൃശ്യം പുറത്തു വിട്ടതോടെ വെപ്രാളത്തിലായ ഓഫീസ് അധികൃതർ, മറ്റ് സെക്ഷനുകളിൽ നിന്നുള്ള ആളുകളെ കസേരകളിൽ കൊണ്ടുവന്ന് ഇരുത്തിയെങ്കിലും സ്ഥലം എം എൽ എ, കെ യു ജനീഷ്‌കുമാർ സ്ഥലത്തെത്തി ഓഫീസ് രജിസ്റ്റർ പരിശോധിച്ചതോടെ കള്ളക്കളി വ്യക്തമാകുകയും തഹസിൽദാർ അടക്കമാണ് ജീവനക്കാർ മൂന്നാറിലേക്ക് മൂന്ന് ദിവസത്തെ ഉല്ലാസ യാത്രക്ക് പോയതെന്ന വിവരം പുറത്താകുകയും ചെയ്തു. ടൂറിനു പോയ ജീവനക്കാർ നൽകിയ ലീവ് അപേക്ഷകൾ തന്നെ കൃത്രിമമാണെന്നും എല്ലാ അപേക്ഷകളിലും ഒരേ കൈയക്ഷരമാണെന്നുമാണ് എം എൽ എ പറയുന്നത്. തഹസിൽദാറെ ഫോണിൽ വിളിച്ചു കണക്കിന് ശകാരിച്ച എം എൽ എ റവന്യൂ മന്ത്രിക്ക് രേഖാമൂലം പരാതി നൽകിയതോടെയാണ് അധികൃതർ നിയമ നടപടി ആരംഭിച്ചത്. ജീവനക്കാർ ഉല്ലാസ യാത്രക്ക് പോകുന്നത് അധിക്ഷേപാർഹമല്ല. ഓഫീസ് ജോലികളുടെ പിരിമുറുക്കം സൃഷ്ടിക്കുന്ന മാനസിക സമ്മർദം കുറക്കാൻ വിനോദ യാത്രകൾ സഹായകമാണ്. മിക്ക സർക്കാർ, സ്വകാര്യ ഓഫീസ് ജീവനക്കാരും വിനോദ യാത്രകൾ നടത്താറുമുണ്ട്. ജീവനക്കാർക്ക് അർഹതപ്പെട്ട ലീവെടുക്കാനും അവകാശവുമുണ്ട്. ഇതുപക്ഷേ ഓഫീസ് പ്രവർത്തനത്തിന് ഭംഗം സൃഷ്ടിക്കാത്ത വിധം, ഊഴംവെച്ചോ, പൊതുഅവധി ദിനങ്ങൾ ഉപയോഗപ്പെടുത്തിയോ ആണ് വേണ്ടത്. ഓഫീസ് പ്രവർത്തനം തന്നെ താറുമാറാക്കുന്ന തരത്തിൽ കൂട്ടത്തോടെ മുങ്ങുന്നത് ഒരു തരത്തിലും അംഗീകരിക്കാവതല്ല. കൂലിപ്പണിയും നിത്യവൃത്തിക്കുള്ള മറ്റ് ഏർപ്പാടുകളും നിർത്തിവെച്ചാണ് ആളുകൾ വിവിധ ആവശ്യങ്ങൾ സാധിച്ചു കിട്ടുന്നതിന് ഓഫീസുകളിലെത്തുന്നത്. മതിയായ ജീവനക്കാർ ഉണ്ടെങ്കിൽ തന്നെ കാര്യങ്ങൾ നടക്കണമെങ്കിൽ പല തവണ ഓഫീസിൽ കയറിയിറങ്ങേണ്ട അവസ്ഥയാണ്. നടന്നു നടന്നു ചെരിപ്പു തേഞ്ഞാലും കാര്യം നടക്കാത്ത സംഭവങ്ങളും ചുരുക്കമല്ല.

എന്തെങ്കിലും രേഖ ശരിയാക്കാനായി റവന്യൂ ഓഫീസുകളിൽ ചെന്നാൽ ഓഫീസറില്ല, ബന്ധപ്പെട്ട ക്ലാർക്കില്ല തുടങ്ങിയ പ്രതികരണമാണ് പലപ്പോഴും കേൾക്കേണ്ടി വരാറ്. ഓഫീസിന് പുറത്തുള്ള ജോലിക്കോ, കലക്ടർ വിളിച്ച യോഗത്തിനോ പോയെന്നായിരിക്കും വിശദീകരണം. ഓഫീസിന് പുറത്തുള്ള ജോലിക്കെന്നു എഴുതിവെച്ച് സ്വന്തം വീട്ടിൽ ജോലി ചെയ്യുന്ന വിരുതന്മാരുമുണ്ട് ജീവനക്കാരിൽ. ഇത്തരം ക്രമക്കേടുകളെയോ കൃത്യനിഷ്ഠയില്ലായ്മയെയോ ചോദ്യം ചെയ്താൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ വകുപ്പ് പ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിമുഴക്കി അവരെ അടക്കംകെട്ടുകയും ചെയ്യും.

ജീവനക്കാർ ഒപ്പിട്ടു മുങ്ങുന്നതായി പരാതി വർധിച്ച സാഹചര്യത്തിൽ കഴിഞ്ഞ മാസം ഒന്ന് മുതൽ കലക്്ടറേറ്റ്, രാജ്ഭവൻ, ഹൈക്കോടതി, പി എസ് സി, വിവരാവകാശ കമ്മീഷൻ ഓഫീസ്, സർവകലാശാലകൾ തുടങ്ങിയ ഓഫീസുകളിലെല്ലാം ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി വി പി ജോയി കർശന നിർദേശം നൽകിയിട്ടുണ്ടെങ്കിലും പല സെക്ഷനുകളിലും ഇപ്പോഴും അത് സ്ഥാപിതമായിട്ടില്ല. താഴേത്തട്ടിലെ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗ് നിലവിൽ വരണമെങ്കിൽ ഇനിയും കാലതാമസമെടുക്കും. 2018 ജനുവരി ഒന്ന് മുതൽ സെക്രട്ടേറിയറ്റിൽ ഇത് നിലവിൽ വന്നിട്ടുണ്ട്. 2018 നവംബർ ഒന്ന് മുതൽ മുഴുവൻ സർക്കാർ ഓഫീസിലേക്കും വ്യാപിപ്പിക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. എങ്കിലും മിക്കയിടത്തും നടപ്പായിട്ടില്ല. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ അന്ത്യശാസനം.

ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയും ഓഫീസ് സമയത്ത് എല്ലാവരും സ്ഥലത്ത് ഉണ്ടെന്ന് ഉറപ്പുവരുത്തുകയുമാണ് ബയോമെട്രിക് പഞ്ചിംഗിലൂടെ ലക്ഷ്യമാക്കുന്നത്. എന്നാൽ രാവിലെ പത്ത് മണിക്ക് ഓഫീസിലെത്തി പഞ്ചിംഗ് ചെയ്ത ശേഷം യൂനിയൻ പ്രവർത്തനങ്ങൾക്കോ വ്യക്തിഗത ആവശ്യങ്ങൾക്കോ പുറത്തു കറങ്ങി നടന്ന് വൈകുന്നേരം തിരിച്ചെത്തി ജോലി കഴിഞ്ഞുള്ള പഞ്ചിംഗ് നടത്തുന്ന തട്ടിപ്പ് തടയാൻ ഇതുകൊണ്ടാകുമോ? ആക്സസ് കൺട്രോൾ സംവിധാനം കൂടി നടപ്പായെങ്കിലേ ഇതിന് പരിഹരമാകുകയുള്ളൂ. പഞ്ചിംഗ് കാർഡുമായി ഓഫീസിന് പുറത്തേക്ക് പോകുന്ന സമയമടക്കം തിരിച്ചറിയാനാകുന്ന ആക്സസ് കൺട്രോൾ സംവിധാനം പഞ്ചിംഗിന്റെ അടുത്ത ഘട്ടമായി നടപ്പാക്കാൻ സർക്കാർ പദ്ധതിയുണ്ടെങ്കിലും സർവീസ് സംഘടനകൾ ഇതിനെതിരെ ശക്തമായി രംഗത്തു വന്നിരിക്കയാണ്. ഇത് നടപ്പാക്കാൻ സമ്മതിക്കില്ലെന്നാണ് സംഘടനാ നേതൃത്വം പറയുന്നത്. ജീവനക്കാരുടെ ധാർമിക ബോധമാണ് ഇതിനെല്ലാം ശരിയായ പരിഹാരം.

Latest