From the print
വിവാദങ്ങളില്‍ അടിതെറ്റി; സജീവ രാഷ്ട്രീയം വിടാന്‍ ഇ പി
പലപ്പോഴും സി പി എമ്മിനെ പ്രതിരോധത്തിലാക്കി.
കണ്ണൂര്‍ | എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നുള്ള ഇ പി ജയരാജന്റെ പടിയിറക്കം പ്രതീക്ഷിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കിയ പ്രകാശ് ജാവ്‌ദേക്കര്‍ കൂടിക്കാഴ്ച ഇത്തരമൊരു സ്ഥാന ചലനത്തിലേക്ക് എത്തിക്കുമെന്ന് നേരത്തേ തന്നെ സൂചനയുണ്ടായിരുന്നു. വിവാദങ്ങളിലൂടെ പലപ്പോഴും ഇ പി ജയരാജന്‍ സി പി എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നും തുറന്നടിച്ചുള്ള സംസാരങ്ങള്‍ പാര്‍ട്ടിക്ക് കുറച്ചൊന്നുമല്ല ക്ഷീണമുണ്ടാക്കിയതും.
ഏറ്റവുമൊടുവിലായിരുന്നു ബി ജെ പി നേതാവ് പ്രകാശ് ജാവ്്‌ദേക്കറുമായി ഇ പി നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദത്തിന് ഇടയാക്കിയത്. ബി ജെ പി പ്രവേശനത്തിന് ഇ പിയുമായി മൂന്ന് വട്ടം ചര്‍ച്ച നടത്തിയെന്ന ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൂടിക്കാഴ്ച പുറത്തറിഞ്ഞത്. വോട്ടെടുപ്പ് ദിവസമായിരുന്നു വിവാദം കത്തി നിന്നത്. ഇത് പോളിംഗിനെപോലും ബാധിച്ചെന്ന് പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളില്‍ നിന്ന് റിപോര്‍ട്ടുണ്ടായിരുന്നു. എല്‍ ഡി എഫ് കണ്‍വീനര്‍ എന്ന നിലയില്‍ ജയരാജന്‍ സജീവമല്ലെന്ന ആക്ഷേപം നേരത്തേ തന്നെ പാര്‍ട്ടിയിലും ഘടകകക്ഷികള്‍ക്കിടയിലുമുണ്ടായിരുന്നു.
കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ടായിരുന്നു മറ്റൊരു വിവാദം ഉയര്‍ന്നു വന്നത്. റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഇ പി അനധികൃത സാമ്പത്തിക ഇടപാട് നടത്തിയെന്നായിരുന്നു ആരോപണം. ഇത് പാര്‍ട്ടിയില്‍ ചര്‍ച്ചയാവുകയും അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നും മകനും ഭാര്യക്കുമാണ് ബന്ധമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. പിന്നീട് റിസോര്‍ട്ടിന്റെ ചുമതല ബി ജെ പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റീട്രിറ്റ്സ് ഏറ്റെടുത്തതോടെ ഇ പിക്കെതിരെ ബി ജെ പി ബന്ധ ആരോപണവുമുയര്‍ന്നു.
കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസിലും ഇ പി ജയരാജന്റെ പേര് ചര്‍ച്ചയായി. മുഖ്യപ്രതി പി സതീഷ് കുമാറുമായുള്ള ബന്ധമായിരുന്നു വിവാദത്തിന്റെ അടിസ്ഥാനം. മട്ടന്നൂര്‍ സ്വദേശിയായ സതീഷ് കുമാര്‍ തൃശൂരില്‍ താവളമുറപ്പിക്കുന്നത് ഇ പി ജയരാജന്‍ സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറി ആയിരിക്കുമ്പോഴാണെന്നായിരുന്നു ആരോപണം.
കോടിയേരി ബാലകൃഷ്ണന്റെ ഒഴിവില്‍ സംസ്ഥാന സെക്രട്ടറി പദം ലഭിക്കാത്തതും പി ബിയിലേക്ക് തിരഞ്ഞെടുക്കാത്തതും ഇ പിക്ക് വലിയ നീരസമുണ്ടാക്കിയിരുന്നു. പലപ്പോഴും ഇത് പ്രകടിപ്പിക്കുകയും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. സി പി എമ്മിന്റെ പ്രധാന പരിപാടികളില്‍ നിന്ന് വിട്ടുനിന്ന് കൊണ്ടും പലപ്പോഴും പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കി. എല്‍ ഡി എഫ് കണ്‍വീനറായിട്ടും, എം വി ഗോവിന്ദന്‍ നയിച്ച സി പി എം പ്രതിരോധ ജാഥ കണ്ണൂര്‍ ജില്ലയില്‍ മൂന്ന് ദിവസമുണ്ടായിട്ടും ഇ പി പങ്കെടുത്തില്ല. വിവാദങ്ങള്‍ വിടാതെ പിന്തുടര്‍ന്നപ്പോള്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജയരാജന്‍ ആലോചിച്ചിരുന്നു. അദ്ദേഹവുമായി അടുപ്പമുള്ളവരോട് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു.
ഇനിയൊരു തിരിച്ചു വരവിന് സാധ്യതയില്ലാത്തത് കൊണ്ട് തന്നെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കാനാണ് സാധ്യത. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞാല്‍ സി പി എമ്മിലെ കരുത്തനായിരുന്നു ഇ പി.
എക്കാലത്തും പിണറായിയുടെ വിശ്വസ്തന്‍ കൂടിയായിരുന്നു. പിണറായി- വി എസ് പോരില്‍ എന്നും പിണറായിയുടെ ശബ്ദമായി മാറിയത് ഇ പിയാണ്. എന്നാല്‍ നിരന്തരമായ വിവാദത്തിലൂടെ പിണറായി തന്നെ കൈവിട്ടതോടെ കരുത്തന് ഒടുവില്‍ അടിതെറ്റുകയായിരുന്നു.